

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. അപകടത്തിൽപെട്ട എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിൻ്റെ വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണമെന്ന് എയർ ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ റിപ്പോർട്ട്. ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം നിലച്ചതാണ് അകടത്തിന് കാരണമായത്.
ബോയിംഗ് 787-8 വിമാനത്തിന്റെ എഞ്ചിൻ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫ് ചെയ്ത നിലയിലായിരുന്നു. കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറിൽ പൈലറ്റുമാരിൽ ഒരാൾ മറ്റേയാളോട് ആരാണ് ഈ സ്വിച്ചുകള്‍ ഓഫ് ചെയ്തതെന്ന് ചോദിക്കുന്നുണ്ട്. താനല്ല ഓഫ് ചെയ്തതെന്ന് മറുപടി നല്‍കുന്നതിന്റെയും ശബ്ദരേഖ അന്വേഷണ സംഘത്തിന് ലഭിച്ചു.
സ്വിച്ചുകള്‍ ഓഫായിരുന്നത് ശ്രദ്ധയില്‍പ്പെട്ട് പെട്ടെന്ന് ഓണ്‍ ചെയ്‌തെങ്കിലും എന്‍ജിനുകള്‍ അപ്പോഴേക്കും ഓഫ് ആകുകയും തിരികെ പ്രവര്‍ത്തിച്ചു തുടങ്ങുന്നതിന് മുമ്പുതന്നെ വിമാനം തകര്‍ന്നുവീഴുകയുമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്യമായ വിവരങ്ങള്‍ അറിയാന്‍ വിശദമായ അന്വേഷണം വേണമെന്നാണ് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നത്. അഹമ്മദാബാദ് വിമാന ദുരന്തം നടന്ന് ഒരുമാസമാകുന്ന ദിവസമാണ് ഇതുസംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
സഹപൈലറ്റ് ക്ലൈവ് കുന്ദറാണ് വിമാനം പറത്തിയത്. പൈലറ്റ്-ഇൻ-കമാൻഡായ സുമീത് സബർവാൾ നിരീക്ഷിക്കുകയായിരുന്നു. സബർവാൾ ബോയിംഗ് 787 വിമാനം 8600 മണിക്കൂർ പറത്തിയ പൈലറ്റാണ്. കുന്ദർ 1,100 മണിക്കൂർ വിമാനം പറത്തിയ പരിചയമുള്ളയാളുമായിരുന്നു. സർവീസ് തുടങ്ങും മുൻപ് ഇരുവർക്കും മതിയായ വിശ്രമം ലഭിച്ചിരുന്നു. 260 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ വിശദമായ അന്വേഷണം ആവശ്യമെന്ന് റിപ്പോർട്ട് പറയുന്നു. കഴിഞ്ഞദിവസമാണ് വ്യോമയാന മന്ത്രാലയത്തിന് അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഒരേസമയം രണ്ട് എന്‍ജിനുകളും പ്രവര്‍ത്തന രഹിതമായതാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. വിമാനത്തില്‍ പക്ഷി ഇടിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അപകട സമയത്ത് വിമാനത്തിൽ 230 യാത്രക്കാർ ഉണ്ടായിരുന്നു. ഇവരിൽ 15 പേർ ബിസിനസ് ക്ലാസിലും 215 പേർ ഇക്കോണമി ക്ലാസിലുമായിരുന്നു. ഒരാള്‍ ഒഴികെ മറ്റെല്ലാവരും അപകടത്തില്‍ മരിച്ചു. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലെ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിലേക്ക് പോയ വിമാനമാണ് അപകടത്തിൽപെട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates