സഞ്ജയ്​ ​ഗാന്ധിക്ക് കസേര നൽകാൻ ഭാര്യയെ ഒഴിവാക്കിയ പ്രതിരോധമന്ത്രി, സഞ്ജയിനെ പൊലീസ് മർദ്ദനത്തിൽ നിന്ന് രക്ഷിക്കാൻ എടുത്തുചാടിയ മലയാളി

ഇന്ത്യയിലെ ഇന്ന് കാണുന്ന പല രാഷ്ട്രീയ പ്രവണതകളുടെയും ആദിരൂപം എന്ന നിലയിൽ കാണാനാവുന്നതാണ് സഞ്ജയ് ​ഗാന്ധി എന്ന സമാന്തര ഭരണാധികാരി. കിരീടവും ചെങ്കോലുമൊന്നുമില്ലാതെ തന്നെ രാജ്യം ഭരിച്ച മകൻ.
Indira Gandhi,  Sanjay Gandhi, emergency
Indira Gandhi and Sanjay GandhiExpress File
Updated on
6 min read

കോൺ​ഗ്രസ് വ‍ർക്കിങ് കമ്മിറ്റിയം​ഗവും തിരുവനന്തപുരം എം പിയുമായ ശശിതരൂ‍ർ എഴുതിയ ലേഖനത്തിലൂടെ അടിയന്തരാവസ്ഥക്കാലത്തെ സഞ്ജയ് ​ഗാന്ധിയെ കുറിച്ചുള്ള ച‍ർച്ചകൾ വീണ്ടും സജീവമായി. അടിയന്തരവാസ്ഥയുടെ ഏകാധിപത്യവും അടിച്ചമർത്തലും ഒക്കെ അതി​ന്റെ അമ്പതാം വർഷത്തിൽ സജീവമാകുന്നതിനിടെയാണ് കോൺ​ഗ്രസിനെ പ്രതിക്കൂട്ടിലാക്കി കോൺ​ഗ്രസ് നേതാവി​ന്റെ ലേഖനം വന്നത്. എന്നാൽ,സഞ്ജയ് ​ഗാന്ധി അധികാരത്തിന് പുറത്തു നിന്നുകൊണ്ടു തന്നെ സമാന്തര അധികാര കേന്ദ്രമായി മാറിയത് എങ്ങനെ? അമ്മയും ഇന്ത്യൻ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാ​ഗാന്ധിയെ ചെകിടത്തടിച്ച മകൻ, കുട്ടികൾ കളിപ്പാട്ടം കൊണ്ട് കളിക്കുന്നതുപോലെ വിമാനം പറത്തിക്കളിച്ച മനുഷ്യൻ, യാതൊരു പരിചയവുമില്ലാതെ ഇന്ത്യയിലൊരു കാർകമ്പനി തുടങ്ങാൻ ഇറങ്ങിത്തിരിച്ച സംരംഭകൻ എന്നൊക്കെ വിമ‍ർശനങ്ങളും വാഴ്ത്തിപ്പാടലുകളും ഇന്നും അവസാനിച്ചിട്ടില്ല.

ഇന്ത്യയിലെ ഇന്ന് കാണുന്ന പല രാഷ്ട്രീയ പ്രവണതകളുടെയും ആദിരൂപം എന്ന നിലയിൽ കാണാനാവുന്നതാണ് സഞ്ജയ് ​ഗാന്ധി എന്ന സമാന്തര ഭരണാധികാരി. കിരീടവും ചെങ്കോലുമൊന്നുമില്ലാതെ തന്നെ രാജ്യം ഭരിച്ച മകൻ. ഇന്ദിരാ​ഗാന്ധി എന്ന രാഷ്ട്രീയ നേതാവിന് ഇളയപുത്രനോടുള്ള വാത്സല്യമോ അതോ സ്വന്തം നിഴലിനെ പോലും വിശ്വസിക്കാനാകാത്ത രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ കടന്നുപോയ ഇന്ദിരാഗാന്ധി എന്ന പ്രധാനമന്ത്രിയുടെ ആശ്രയമായി മാറിയതോ ആണ് സഞ്ജയ് ഗാന്ധിക്ക് സമാന്തര അധികാരത്തിനുള്ള സാധ്യതകൾ തുറന്നു നൽകിയത് എന്ന് പലവിധ നിരീക്ഷണങ്ങൾ നടത്തിയിട്ടുള്ളവരുണ്ട്..

കോൺ​ഗ്രസിൽ നടന്നുകൊണ്ടിരുന്ന ആഭ്യന്തര കലാപങ്ങളുടെ ഉപോൽപ്പന്നം കൂടെയായിരന്നു സഞ്ജയ് ​ഗാന്ധി എന്ന ഇന്ദിരാ​ഗാന്ധിയുടെ പ്രതിരൂപം. 1969 ൽ കോൺ​ഗ്രസിനുള്ളിലെ പിളർപ്പോടെ മൊറാർജി ദേശായി ഉൾപ്പടെ മുതിർന്ന നേതാക്കളിൽ ഒരുവിഭാ​ഗം ഇന്ദിരാ​ഗാന്ധിക്ക് മറുവശത്തേക്ക് മാറിയപ്പോൾ ഒപ്പമുണ്ടായിരുന്നവരിലെ യുവതു‍ർക്കികളും കോൺ​ഗ്രസിൽ നേതൃത്വത്തിനെതിരെ അസന്തുഷ്ടി പ്രകടിപ്പിക്കുന്ന കാലത്താണ് സഞ്ജയ് ​ഗാന്ധി എന്ന മകൻ സമാന്തര അധികാരിയായി പിച്ചവച്ചു തുടങ്ങിയത്. ഡൽഹിയിലെ ഉന്നത‍ർക്കിടയിലും ത​ന്റെ സംഘത്തിലുമായി പ്രധാനമന്ത്രിയുടെ മകനെന്ന നിലയിൽ ആടിത്തിമിർത്തിരുന്ന സുഖലോലുപനായ സഞ്ജയ് ​ഗാന്ധി രാഷ്ട്രീയക്കളത്തിലെ സമാന്തരഭരണാധികാര കേന്ദ്രമായി മാറുന്നത് അവിടെ മുതലാണ്. 1970കൾ മുതൽ അടിയന്തരാവസ്ഥക്കാലത്തും അതിന് ശേഷം അദ്ദേഹത്തി​ന്റെ മരണം വരെയും ആ ശക്തികേന്ദ്രം അങ്ങനെ തന്നെ നിലനിന്നു. അതിന് ചുറ്റും ഭ്രമണം ചെയ്ത രാഷ്ട്രീയനേതാക്കളും ബ്യൂറോക്രാറ്റുകളും എക്കാലത്തും അദ്ദേഹത്തിനൊപ്പമോ ഇല്ലെങ്കിൽ ആ രീതിയിൽ ഭരണം നടത്തുന്നവർക്കൊപ്പമോ നിലകൊണ്ടു.

Indira Gandhi,  Sanjay Gandhi, emergency
അടിയന്തരാവസ്ഥ: ഒരു കോപ്പി പോലും ഇല്ലാതെ നശിപ്പിക്കാന്‍ ശ്രമിച്ചിട്ടും ശേഷിച്ചു, ജസ്റ്റിസ് ഷാ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പതിനഞ്ചാം അധ്യായത്തിന്റെ പൂര്‍ണരൂപം

ഭാര്യയെ മാറ്റി നിർത്തി സഞ്ജയ് ​ഗാന്ധിക്ക് സീറ്റ് നൽകിയ കഥ

അതിനേറ്റവും നല്ല ഉദാഹരണമാണ് 1976 ജനുവരി 11 ന് ബോംബെയിൽ നടന്ന നാവികസേന ചടങ്ങിൽ പ്രതിരോധ മന്ത്രിയായിരുന്ന ബൻസിലാലിനൊപ്പം സഞ്ജയ് ​ഗാന്ധി പങ്കെടുത്തപ്പോൾ നടന്ന കാര്യങ്ങൾ. ഇം​ഗ്ലീഷ് അക്ഷരമായ ഇ യുടെ മാതൃകയിലായിരുന്നു അവിടുത്തെ സീറ്റ് ഒരുക്കിയത്. അതിൽ പ്രധാനസീറ്റുകളിൽ പ്രസിഡ​ന്റും ഭാര്യയും പിന്നീട് ​ഗവർണ്ണറും ഭാര്യയും അതിനൊപ്പം പ്രതിരോധ മന്ത്രിയായ ബൻസിലാലും ഭാര്യയും പിന്നീട് രണ്ട് ഫ്ലാ​ഗ് ഓഫീസർമാരും എന്നതായിരുന്നു പ്രോട്ടക്കോൾ. സഞ്ജയ് ​ഗാന്ധിക്ക് താരതമ്യേന പ്രാധാന്യമില്ലാത്ത സീറ്റായിരുന്നു നൽകിയത്. അന്ന് അദ്ദേഹം ഏതെങ്കിലും തെരഞ്ഞെടുക്കപ്പെട്ട പദവിയിലോ ഔദ്യോ​ഗിക പദവിയിലോ ഉണ്ടായിരുന്ന ആളല്ല. അതുകൊണ്ടുതന്നെ സീറ്റിങ് അറേഞ്ച്മെ​ന്റിൽ പ്രധാന സ്ഥാനത്തൊന്നും ഇരുത്താനും സൈനിക ചട്ടം അനുസരിച്ച് സാധിക്കുകയുമില്ല. എന്നാൽ, അന്നത്തെ നാവികസേനാ മേധാവിയായിരുന്ന എസ് എൻ കോഹ്ലിയെ വിളിച്ച് സീറ്റിങ് അറേഞ്ച്മെ​ന്റ മാറ്റണമെന്ന് ബൻസിലാൽ ആവശ്യപ്പെട്ടു. നേരത്തെ തന്നെ സഞ്ജയ് ​ഗാന്ധിക്ക് നൽകിയ താമസ സൗകര്യത്തിൽ ക്ഷുഭിതനായിരുന്ന ബൻസിലാൽ അദ്ദേഹത്തി​ന്റെ താമസസ്ഥലം സഞ്ജയ് ​ഗാന്ധിക്ക് നൽകിയിരുന്നു.

ഇതിന് തൊട്ടുപിന്നാലെ, പ്രധാന സീറ്റുകളിലൊന്ന് സഞ്ജയിന് നൽകണമെന്ന് ബൻസിലാൽ വാശി പിടിക്കുകയും മോശമായ ഭാഷയിൽ കോഹ്ലിയോട് സംസാരിക്കുകയും ചെയ്തു. സീറ്റിങ്ങിൽ മാറ്റം വരുത്താനാകില്ലെന്ന് വ്യക്തമാക്കിയ കോഹ്ലി താനിപ്പോൾ രാജിവെക്കാമെന്നും ബൻസിലാലിനോട് പറഞ്ഞു. ഇതേതുടർന്ന് ബൻസിലാൽ ത​ന്റെ ഭാര്യയെ ചടങ്ങിൽ നിന്നൊഴിവാക്കി ആ സീറ്റിൽ സഞ്ജയ് ​ഗാന്ധിയെ ഇരുത്തുകയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് സൈനിക പരിപാടിയിൽ പ്രതിരോധ മന്ത്രിയായിരുന്ന ബെൻസിലാൽ സ്വീകരിച്ച ഈ സമീപനം മതിയാകും 1970 ക​ൾ മുതൽ 1980 വരെയുള്ള പത്ത് വർഷങ്ങളിൽ സഞ്ജയ് ​ഗാന്ധിയുടെ ആരായിരുന്നു എന്ന് തിരിച്ചറിയാൻ.

ഇന്ത്യയിൽ 1975 ജൂൺ 25 നാണ് അടിയന്തരാവസ്ഥ ഔദ്യോ​ഗികമായി പ്രഖ്യാപിക്കുന്നതെങ്കിലും ഇത് മുൻകൂട്ടി തീരുമാനിച്ചതായിരിന്നുവെന്ന് കരുതുന്നതിന് സഞ്ജയ് ​ഗാന്ധി സ്വീകരിച്ച ചില നിലപാടുകളാണ്. ജൂൺ 15 ന് കാര്യങ്ങൾ ശരിയാക്കാൻ ചില പദ്ധതികളുണ്ടെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവരോട് പറഞ്ഞതായി പിന്നീട് രേഖപ്പെടുത്തിയിട്ടുണ്ട്. സർക്കാരിനെ ഔദ്യോ​ഗികമായും രാഷ്ട്രീയമായും മാറ്റിത്തീർക്കുക എന്നതായിരുന്നു ആ പദ്ധതി. ജനാധിപത്യരീതികൾ ശരിയല്ലെന്നും ഏകാധിപത്യമാണ് വഴിയെന്നും അദ്ദേഹം കരുതി. എതിരാളികളെ വിലയ്ക്ക് വാങ്ങനോ ഇല്ലാതാക്കാനോ സാധിക്കുമെന്ന വിശ്വാസത്തിലായിരുന്ന സഞ്ജയിന് അതിലൊരു മനസാക്ഷിക്കുത്തുമുണ്ടായിരുന്നില്ലെന്നും പിന്നീട് പുറത്തുവന്ന പുസ്തകങ്ങളും ലേഖനങ്ങളും പറയുന്നു.

Sanjay Gandhi, emergency
Sanjay GandhiExpress File

സഞ്ജയ് ​ഗാന്ധിയുടെ യാത്രകൾ പലപ്പോഴും ഇന്ത്യൻ വ്യോമസേനയുടെ വിമാനത്തിലായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ആഭ്യന്തര സഹമന്ത്രിയായിരുന്ന ഓം മേത്തയായിരിക്കും വിമാനത്തിനായി ആവശ്യപ്പെടുന്നത്. ആ വിമാനത്തിലെ യാത്രക്കാരൻ പക്ഷേ, സഞ്ജയ് ആയിരുന്നു. അക്കാലം വരെ ഒരു സഹമന്ത്രിക്ക് വ്യോമസേനാ വിമാനം ആവശ്യപ്പെടാനുള്ള അധികാരം ഉണ്ടായിരുന്നില്ല. എന്നാൽ, ഇന്ദിരാ​ഗാന്ധി ആ അവകാശം ഓം മേത്തയ്ക്ക് നൽകി. തുടർന്നാണ് ഈ സംവിധാനം രൂപപ്പെട്ടത്. ഇങ്ങനെ യാത്ര ചെയ്തിരുന്ന സഞ്ജയനെ കാണാൻ മിക്കവാറും എല്ലാ മുഖ്യമന്ത്രിമാരോടും ഇന്ദിരാ​ഗാന്ധി പറയാതെ പറഞ്ഞിരുന്നു. കാര്യങ്ങളൊക്കെ ചർച്ച ചെയ്യേണ്ടതും സഞ്ജയുമായിട്ടായിരുന്നുവെന്ന് പറയുന്നു.

പിന്നീട് ഇന്ത്യൻ പ്രസിഡ​ന്റ് ആകുകയും പ്രധാനമന്ത്രിയായിരുന്ന രാജീവ് ​ഗാന്ധിയുമായി ഇടയുകയും ചെയ്ത് ​ഗ്യാനി സെയിൽസിങ്ങും സഞ്ജയ് ആരാധകനായിരുന്നു. ഒരിക്കൽ സഞ്ജയ് ​ഗാന്ധി വിമാനത്തിൽ കയറാൻ പോകുമ്പോൾ ചെരിപ്പ് ഊരിയിട്ടു. അതെടുത്ത് അന്നത്തെ രാജകുമാരന് നൽകാൻ ഓടിയ കോൺ​ഗ്രസ് നേതാക്കളുടെ കൂട്ടത്തിൽ സെയിൽസിങ്ങുമുണ്ടായിരുന്നു.

Indira Gandhi,  Sanjay Gandhi, emergency
അടിയന്തരാവസ്ഥയുടെ 50 വർഷം; വിത്തുകൾ വൃക്ഷങ്ങളായി മാറിയ കഥ

കമ്മ്യൂണിസത്തോട് വെറുപ്പ്, വലതുപക്ഷ രാഷ്ട്രീയത്തി​ന്റെ ആദ്യ അധികാരരൂപം

കമ്മ്യൂണിസത്തോട് വെറുപ്പുണ്ടായിരുന്ന സഞ്ജയ്​ഗാന്ധി ദേശസാൽക്കരണത്തിനും എതിരായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് എട്ട് ആഴ്ചകൾ പിന്നിടുമ്പോൾ അദ്ദേഹം ത​ന്റെ മസിൽപവർ ശരിക്കും പുറത്തെടുത്തു തുടങ്ങിയിരുന്നു. അടിയന്തരാവസ്ഥയിൽ ഇന്ദിരാ​ഗാന്ധിക്കൊപ്പം പാറ പോലെ ഉറച്ചു നിന്ന സി പി ഐക്കെതിരെ അതിരൂക്ഷവും നിശിതവുമായ ആക്രമണമാണ് സഞ്ജയ് നടത്തിയത്. സി പി ഐയും യു എസ് എസ് ആറുമായുള്ള ബന്ധവും യു എസ് എസ് ആറും ഇന്ത്യയും തമ്മിലുള്ള നല്ല ബന്ധവും നിലനിൽക്കുമ്പോഴായിരുന്നു ഇത്. ഇന്ന് കാണുന്ന വലതുപക്ഷ രാഷ്ട്രീയ സാമ്പത്തിക സമീപനങ്ങളായിരുന്നു സഞ്ജയ് മുന്നോട്ടുവച്ചത്. നികുതികൾ വെട്ടിക്കുറയ്ക്കുക, സ്വകാര്യവൽക്കരണം നടപ്പാക്കുക, സർക്കാർ നിയന്ത്രണങ്ങൾ ഒന്നിനും പാടില്ല എന്നൊക്കെയുള്ള നിലപാടായിരുന്നു സഞ്ജയിന് ഉണ്ടായിരുന്നത്. ഇന്ദിരാ​ഗാന്ധിയും സർക്കാരും യു എസ് എസ് ആറിനോട് സഖ്യപ്പെട്ടിരിക്കുമ്പോൾപോലും തങ്ങളെ സഞ്ജയ് അധിക്ഷേപിക്കുന്നത് സി പിഐക്കാ‍ർക്ക് സഹിച്ചില്ല. പരസ്യമായി വലിയ എതിർപ്പൊന്നും കാണിക്കാനുള്ള ധൈര്യം ഇല്ലാത്തുതകൊണ്ടായിരിക്കാം അവർ ഇന്ദിരാ​ഗാന്ധിയോട് ഇക്കാര്യത്തിലുള്ള പരിഭവം പറഞ്ഞിരുന്നു. ആ സമയത്താണ് സി പി ഐ യോട് അനുകൂല സമീപനമുള്ള ചന്ദ്രജിത് യാദവ് എന്ന മന്ത്രി സഞ്ജയ് ​ഗാന്ധിയോട് രാഷ്ട്രീയത്തിലിറങ്ങാൻ നിർദ്ദേശിക്കണെന്ന് ഇന്ദിരാ​ഗാന്ധിയോട് പറയുന്നത്. മാത്രമല്ല, ചില ചുമതലകൾ സഞ്ജയ് ​ഗാന്ധിക്ക് നൽകണമെന്നും അദ്ദേഹം ഇന്ദിരയോട് പറയുന്നുണ്ട്. എന്നാൽ, സഞ്ജയിന് രാഷ്ട്രീയത്തിൽ താൽപ്പര്യമില്ലെന്ന നിലപാടായിരുന്നു ഇന്ദിരാ​ഗാന്ധിക്ക്.

സി പി ഐയെ, നിശിതമായി പരിഹസിക്കുക എന്നത് സഞ്ജയ് സ്വീകരിച്ചു പോന്നിരുന്ന നയമായിരുന്നു. സി പി ഐ ക്കാർ ചില മുറുമുറുപ്പുകളുമായി ഭരണത്തിനൊപ്പം നടന്നു. സാധാരണ​ഗതിയിൽ ഇന്ദിരാ​ഗാന്ധി ഇതിനെതിരെ ഒന്നും പറഞ്ഞിരുന്നില്ല. എന്നാൽ, അടിയന്തരാവസ്ഥ അവസാനിപ്പിക്കുന്നതിന് ഏതാനും മാസം മുമ്പ് ഇന്ദിരാ​ഗാ​ന്ധി സി പി ഐക്കാർക്കെതിരെ ശക്തമായ നിലപാട് പരസ്യമായി പറഞ്ഞു. സി പി ഐ സഞ്ജയിനെ ലക്ഷ്യമിട്ട് സംസാരിക്കുന്നുണ്ടെങ്കിലും അത് മകനെ അല്ല, മറിച്ച് തന്നെയാണ് ലക്ഷ്യം വെക്കുന്നതെന്ന് അവർ പറഞ്ഞു. സഞ്ജയ് ചെറിയമീനാണ്, ഒരു കോൺ​ഗ്രസ് പ്രവർത്തകൻ എന്നതിനപ്പുറം ഇന്ത്യൻ പ്രധാനമന്ത്രിയോ പ്രസിഡ​ന്റോ ഒന്നും ആകാൻ പോകുന്നില്ല. അതുകൊണ്ട് അവർ സഞ്ജയ് എന്നതിലൂടെ ലക്ഷ്യം വെക്കുന്നത് തന്നെയാണ് എന്ന് ഇന്ദിര പറഞ്ഞു. ഇതോടെ സി പി ഐ കടുത്ത മൗനത്തിലേക്ക് പോയി.

നവംബറിൽ നടന്ന ​ഗോഹട്ടി സമ്മേളനം കോൺ​ഗ്രസ്സി​ന്റെ സമ്മേളനം എന്നതിനേക്കാൾ സഞ്ജയ് ​ഗാന്ധി ഷോയായിരുന്നു. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ​ഗാന്ധി സർക്കാർ തലത്തിൽ കൊണ്ടുവന്ന ഇരുപതിന പരിപാടിക്ക് സമാന്തരമായി അധികാരത്തിലില്ലാത്ത സഞ്ജയ് ​ഗാന്ധി കൊണ്ടുവന്ന അഞ്ചിന പരിപാടി ത​ന്റെ ഇരുപതിന പരിപാടിയുടെ പൂരകമാണെന്ന് ഇന്ദിര പ്രഖ്യാപിച്ചു. പിന്നീട് അത് ഇരുപത്തഞ്ചിന പരിപാടിയായി മാറി. മാത്രമല്ല, ഭാവിയുടെ അധികാരി ആരായിരിക്കുമെന്ന സൂചനയും ഇന്ദിര അവിടെ നൽകി. ഇന്ത്യയുടെ ഭാവി യുവതലമുറയുടെ കൈകളിൽ സുഭദ്രമായിരിക്കുമെന്ന് ഇന്ദിരാ​ഗാന്ധി അഭിപ്രായപ്പെടുകയും ചെയ്തു. ഇന്ത്യയെന്നാൽ ഇന്ദിര എന്ന മുദ്രാവാക്യം മുഴക്കിയ ഡി കെ ബറുവ ഇവിടെ വച്ച് സഞ്ജയ് ​ഗാന്ധിയെ വിവേകാനന്ദനോട് തുലനം ചെയ്തു. എല്ലാവരും സഞ്ജയ് സ്തുതിയിൽ മുങ്ങിക്കിടന്നപ്പോൾ, കക്ഷിരാഷ്ട്രീയത്തിനതീതമായി ധാർമ്മികമായി സത്യസന്ധരായിരിക്കണം എന്ന് കെ പി സി സി പ്രസിഡ​ന്റായിരുന്ന എ കെ ആ​ന്റണിയുടെ വാക്കുകൾ മാത്രമാണ് ഇതിൽ വ്യത്യസ്തമായിരുന്നത്.

Indira Gandhi,  Sanjay Gandhi, emergency
'ലോക്കപ്പില്‍ തല്ലിച്ചതച്ചു, നട്ടെല്ല് ലാക്കാക്കി കരിക്കിന്‍ തൊണ്ടുകൊണ്ട് എറിഞ്ഞുവീഴ്ത്തി'; അടിയന്തരാവസ്ഥക്കാലം അനുസ്മരിച്ച് ടി പി രാമകൃഷ്ണന്‍
Rajeev Gandhi, Indira Gandhi, Sanjay Gandhi
Rajeev Gandhi, Indira Gandhi, Sanjay Gandhi Wiki

സാക്ഷരത, കുടുംബാസൂത്രണം, ചെടി നടൽ, ജാതി ഉന്മൂലനം, സ്ത്രീധന നിരോധനം എന്നിങ്ങനെയാണ് സഞ്ജയ് പ്രഖ്യാപിച്ച അഞ്ചിന പരിപാടി. എന്നാൽ, ഊന്നൽ ലഭിച്ചതും അധികാരമുപയോ​ഗിച്ച് നടപ്പാക്കിയതും വന്ധ്യംകരണം മാത്രമായിരുന്നു. അതിനിരയായത് ഇന്ത്യയിലെ മുസ്ലിങ്ങളും ​ഗോത്ര, ദലിത് വിഭാ​ഗങ്ങളുമായിരിന്നു. അടിയന്തരാവസ്ഥ കാലത്ത് നിർബന്ധിത കുടുംബാസൂത്രണ നടപടികളുമായി സഞ്ജയ് ​ഗാന്ധിയും അനുചരവൃന്ദവും മുന്നോട്ട് പോയപ്പോൾ എണ്ണം തികയ്ക്കാനായി പൊലീസും റവന്യൂ ഉദ്യോ​ഗസ്ഥരും ചേർന്ന് പിടിച്ചുകൊണ്ടുവന്ന് ഈ പദ്ധതി നടപ്പാക്കിയതിലെ ഇരകൾ ഭൂരിപക്ഷവും മുസ്ലിങ്ങളായിരിന്നു, പ്രത്യേകിച്ച് ദ​രിദ്രമുസ്ലിങ്ങൾ. അതിന് പുറമെ ദളിത്, ആദിവാസി വിഭാ​ഗത്തിിൽപ്പെട്ടവരും ഈ ക്രുരതയ്ക്ക് ഇരയായി. ഈ നടപടികളുടെ പ്രശ്നങ്ങളെ കുറിച്ച് അന്ന് ഇന്ദിരാ​ഗാന്ധിയുടെ അടുപ്പക്കാരായിരന്ന കെ പി ഉണ്ണിക്കൃഷ്ണൻ, സുഭദ്രജോഷി, ഖുർഷിദ് അലംഖാൻ എന്നിവർ പ്രധാനമന്ത്രിയെ അറിയിച്ചു. എന്നാൽ അത്തരം പ്രവർത്തനങ്ങൾ തുടർന്നതല്ലാതെ നടപടികളൊന്നുമുണ്ടായില്ലെന്ന് മാത്രമല്ല, ആ പറഞ്ഞതൊന്നും താൻ അം​ഗീകരിക്കുന്നില്ലെന്ന നിലപാട് അവർ ഇത് പറഞ്ഞവരോട് പറയാതെ പറയുകയും ചെയ്തുവെന്ന് പിന്നീട് ഇവരിൽ പലരും രേഖപ്പെടുത്തിയിട്ടുണ്ട്. സി പി ഐ യും കോൺ​ഗ്രസും ചേർന്ന് ഭരിച്ച കേരളത്തിലുൾപ്പടെ വന്ധ്യംകരണം തെരഞ്ഞുപിടിച്ച് നടപ്പാക്കി. ഇതുപോലെ സഞ്ജയ് ​ഗാന്ധി തുർക്കമാൻ​ഗേറ്റ് പ്രദേശത്തെ ബുൾഡോസ‍ർ കൊണ്ട് ഇടിച്ചു നിരത്തി നടത്തിയ ഡൽഹി സൗന്ദര്യവൽക്കരണ ശ്രമം ഇന്ന് മറ്റ് പല രൂപത്തിലും കാണുന്ന ബുൾഡോസർ രാജി​ന്റെ ആദ്യ രൂപമായിരുന്നു.

മാരുതിയും സഞ്ജയും ജ്യോതിർമൊയി ബസുവും

ഇന്ത്യൻ രാഷ്ട്രീയത്തിൽ മാഞ്ഞുപോകാതെ നിൽക്കുന്ന രണ്ട് പേരുകളാണ് മാരുതിയും ജ്യോതി‍ർമൊയി ബസുവും. 1971-ൽ, പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇന്ത്യയിലെ മധ്യവർഗത്തിനായി താങ്ങാനാവുന്ന വിലയിൽ തദ്ദേശീയമായി നിർമ്മിച്ച ഒരു കാർ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചു. 1971 ജൂണിൽ, മാരുതി മോട്ടോഴ്‌സ് ലിമിറ്റഡ് (ഇപ്പോൾ മാരുതി സുസുക്കി) എന്നറിയപ്പെടുന്ന സ്ഥാപനം കമ്പനി ആക്ടിന് കീഴിൽ രൂപീകരിച്ചു. ഫോക്സ് വാ​ഗണി​ന്റെ ബീറ്റിൽസ് മാതൃകയിൽ ജനതാകാർ എന്നപേരിൽ കാർ നിർമ്മിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് പ്രഖ്യാപിക്കപ്പെട്ടു. അന്ന് നിരത്തുകളിൽ നിറഞ്ഞു നിന്നിരുന്നത് കൊൽക്കത്തയിലെ ഹിന്ദുസ്ഥാൻ മോട്ടേഴ്സ് നി‍ർമ്മിച്ചിരുന്ന അംബാസഡറും ബോംബെയിലെ പ്രീമിയർ ഓട്ടോമൊബൈൽസ് നിർമ്മിച്ചിരുന്ന പ്രീമിയർ പദ്മിനിയുമായിരന്നു.

ആശയം നല്ലതാണെന്ന അഭിപ്രായം ഉയർന്നെങ്കിലും മുൻ പരിചയമൊന്നമില്ലാത്ത സഞ്ജയ് ഗാന്ധി കമ്പനിയുടെ മാനേജിങ് ഡയറക്ടറായി. അന്നത്തെ പൊതുമേഖലാ ബാങ്കുകൾ വൻതുക ഇതിലേക്ക് വായ്പ നൽകി. ഇതിനെതിരായി ആരോപണം ഉയർന്ന സമയത്ത് 1971 ലെ യുദ്ധം ജയിച്ച് ഇന്ദിരാ​ഗാന്ധി അതിശക്തയായി നേതാവായി വാഴ്ത്തപ്പെട്ടു. യുദ്ധവും വിജയവുമൊക്കെയായി മാരുതിയും അഴിമതിയും സ്വജനപക്ഷപാതവുമൊക്കെ ജനം മറുന്നു. പിന്നീട് മാരുതിയുടെ ആദ്യരൂപമായി ഒരു വാഹനം പുറത്തിറക്കി. പരീക്ഷണ കാർ പുറത്തിറങ്ങി. ഇന്ദിരാ​ഗാന്ധിയുടെയും ഭരണകൂടത്തി​ന്റെയും ആരാ​ധാകർ പുറത്തിറങ്ങിയ ഏക കാറിനെ പ്രശംസ കൊണ്ട് മൂടി. അറിയപ്പെടുന്ന ജനാധിപത്യവാദിയും രാഷ്ട്രീയക്കാരെ നിരന്തരം പരിഹസിക്കുകയും ചെയ്യുന്ന ഒരു സാഹിത്യകാരൻ എഴുതിയത് ഉദ്യോ​ഗസ്ഥരുടെ മുന്നിലെ പൊടിപിടിച്ച ഫയൽ പോലയുള്ള അംബാസിഡർ കാറുകൾ പോലെയല്ല, ഇളം തെന്നൽപോലെ കടന്നുപോകുന്ന മാരുതിയെന്നായിരുന്നു. എന്നാൽ, ഈ കാർ തന്നെ തട്ടിപ്പ് പരിപാടിയെന്നായിരന്നു ആരോപണം. പഴയ കാറി​ന്റെ എൻജിനും മോഡലും ഉപയോ​ഗിച്ചുള്ള തട്ടിപ്പെന്ന് വരെ ആരോപണം ഉയർന്നു. സഞ്ജയ് ​ഗാന്ധി ഫോക്സവാ​ഗണുമായി ചേർന്ന് കാർ നിർമ്മാണ സാധ്യതകളെ കുറിച്ച് ചർച്ച തുടങ്ങിവച്ചു.

Indira Gandhi,  Sanjay Gandhi, emergency
അടിയന്തരാവസ്ഥ തെറ്റു തന്നെ ; ഇന്ദിരാഗാന്ധി ഇത് മനസ്സിലാക്കിയിരുന്നുവെന്ന് രാഹുല്‍ഗാന്ധി

ഈ സംഭവം നടക്കുന്ന കാലത്ത് ഡൽഹി ക്യാംപസിലെ ഒരു പൊട്ടക്കിണറ്റിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ട സംഭവമുണ്ടായിരുന്നു. ഈ രണ്ട് സംഭവങ്ങളും ഇന്ത്യയിൽ ജനശ്രദ്ധയിൽ കൊണ്ടുവന്നത് ബം​ഗാളിലെ ഡയമണ്ട് ഹാ‍ർബറിൽ നിന്നുള്ള എം പിയായിരുന്ന ജ്യോതിർമൊയി ബസുവായിരുന്നു. സി പി എമ്മി​ന്റെ എം പിയായിരിന്നു ബസുവെങ്കിലും രാഷ്ട്രീയത്തിനതീതമായി എല്ലാവരാലും ബഹുമാനിക്കപ്പെട്ടിരുന്ന ബസു,ഉന്നയിച്ച ചോദ്യങ്ങൾ ഭരണപക്ഷത്തെയും ബ്യൂറോക്രസിയെയും പൊലീസിനെയും തെല്ലൊന്നുമല്ല കുഴപ്പിച്ചത്. ജ്യോതിർമൊയി ബസുവി​ന്റെ വിമ‍ർശനങ്ങൾക്ക് മുന്നിൽ പതറിയവർ അതിനോട് പകരം വീട്ടിയത് അടിയന്തരാവസ്ഥക്കാലത്തായിരുന്നു. അടിയന്തരാവസ്ഥ അവസാനിക്കുന്നത് വരെ ജയിൽവാസം അനുഭവിക്കേണ്ടി വന്ന ഏക സി പി എം നേതാവ് അദ്ദേഹമായിരുന്നു.

അടിയന്തരാവസ്ഥ വന്നതോടെ സഞ്ജയ് ​ഗാന്ധി മാരുതി വിട്ട് രാഷ്ട്രീയത്തിൽ ലക്ഷ്യങ്ങളിൽ സജീവമായി. അതോടെ ഇതി​ന്റെ പ്രവർത്തനം നിലച്ചു. അടിയന്തരാവസ്ഥയ്ക്ക് ശേഷം ജനതാ സർക്കാർ അധികാരത്തിൽ വന്നപ്പോൾ മാരുതി കമ്പനിയെ ലിക്വിഡേറ്റ് ചെയ്തു. ജസ്റ്റിസ് അലോക് ചന്ദ്ര ​ഗുപ്ത മാരുതിയെ കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. 1980ൽ ഇന്ദിരാ​ഗാന്ധി തിരികെ അധികാരത്തിലെത്തിയപ്പോൾ സഞ്ജയ് എം പിയായി ജയിച്ചു വന്നു. അതോടെ വീണ്ടും മാരുതികാർ സജീവമായി. പക്ഷേ അതിറക്കാനുള്ള ശേഷി സഞ്ജയ് ​ഗാന്ധിക്കും സംഘത്തിനുമില്ലെന്ന തിരിച്ചറിവ് അവർക്ക് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ വിദേശത്ത് നിന്നുള്ള സഹകരണത്തിനായി അന്വേഷണം ആരംഭിച്ചു. ഇന്ദിരാ ഗാന്ധിയുടെ കുടുംബ സുഹൃത്തും വ്യവസായിയുമായ വി. കൃഷ്ണമൂർത്തിയുടെ ശ്രമഫലമായി അതേ വർഷം തന്നെ മാരുതി ഉദ്യോഗ് ലിമിറ്റഡ് സ്ഥാപിതമായി.അതോടെ ജപ്പാനിലെ സുസുക്കി കമ്പനി ഇതുമായി സഹകരിക്കാനുമെത്തി. ഒരുപക്ഷേ, സ്വതന്ത്ര ഇന്ത്യിയലെ ആദ്യത്തെ വിദേശ സ്വകാര്യ സഹകരണ നിർമ്മാണം ഇതായിരിക്കാം.

Indira Gandhi,  Sanjay Gandhi, emergency
അടിയന്തരാവസ്ഥക്കാലത്ത് ജയിൽ നിന്ന് പിണറായി വിജയൻ എഴുതിയ കത്ത് ഇതാണ്

അ‍ർജുൻ ദാസും വാസുദേവപ്പണിക്കരും സഞ്ജയ് ​ഗാന്ധിയും

സഞ്ജയ് ​ഗാന്ധിയെ കുറിച്ച് പറയുമ്പോൾ പൊതുവിൽ പറയുന്ന പേരുകളിൽ ഉയർന്നു കേൾക്കുന്നത് രുക്സാന സുൽത്താനയും അംബികാ സോണിയും ജ​ഗദീഷ് ടൈറ്റലറും ഒക്കെയാണ്. എന്നാൽ, ഇവരൊന്നും പോലെയല്ലാതെ സ‍ഞ്ജയി​ന്റെ സംഘത്തിലുണ്ടായിരുന്നവരിൽ പ്രമുഖരായിരുന്ന മലയാളിയായി വാസുദേവ പണിക്കരും ഡൽഹി സ്വദേശിയായ അർജുൻ ദാസും. അർജുൻ ദാസിനെ കുറിച്ച് പറഞ്ഞു കേട്ടിരുന്ന കഥ ഇങ്ങനെയാണ്. ഗാന്ധികുടുംബത്തിലെ വാഹനം വഴിയിൽ വച്ച് കേടാകുന്നു.അതിനടുത്ത് റോഡ് സൈഡിലുള്ള വർക്ക് ഷോപ്പിൽ വണ്ടി നന്നാക്കി വീട്ടിലെത്തിക്കാൻ ഏർപ്പാടക്കുന്നു. അദ്ദേഹം അത് ചെയ്യുന്നു. പിന്നീട് ഡൽഹിയിലെ പ്രധാനിയായി ആ വ‍ർക്ക് ഷോപ്പ് മെക്കാനിക്ക് മാറി. സഞ്ജയ് ​ഗാന്ധിയുടെ മരണ ശേഷം, 1984ൽ ഇന്ദിരാഗാന്ധി കൊല്ലപ്പെടുന്നു. തുടർന്ന് നടന്ന സിഖ് വിരുദ്ധകലാപത്തിൽ പ്രധാന പങ്ക് വഹിച്ചവരിൽ ഒരാൾ അ‍ർജുൻദാസ് ആയിരുന്നു. ഡെൽഹി മെട്രോപൊളിറ്റൻ കൗൺസിൽ അംഗമായിരുന്ന ദാസ്, 1985 സെപ്തംബർ നാലിന് രാവിലെ ഖലിസ്ഥാൻ വാദികളുടെ വെടിയേറ്റ് മരിച്ചു. അതുവരെ ഡൽഹിയിൽ നടന്ന പല സംഭവങ്ങളിലും കോൺ​ഗ്രസിലെ പല പ്രധാന സംഭവങ്ങളിലും ചെറുതല്ലാത്ത പങ്ക് അർജുൻ ദാസ്സിന് ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

മലയാളിയായ വാസുദേവപണിക്കരെ കുറിച്ച് ഓ‍ർമ്മിക്കാതെ സഞ്ജയ് ​ഗാന്ധി എന്ന ചിത്രം പൂർത്തിയാകില്ല. അടിയന്തരാവസ്ഥയ്ക്ക് മുൻപും പിൻപും സഞ്ജയനൊപ്പം അടിയുറച്ച് നിന്ന യൂത്ത് കോൺ​ഗ്രസ് നേതാവാണ് വാസുദേവപ്പണിക്കർ. യൂത്ത് കോൺ​ഗ്രസ് (ഐ)യുടെ ജനറൽസെക്രട്ടറിയായിരുന്നു വാസുദേവപണിക്കർ. അടിയന്തരാവസ്ഥയ്ക്ക് ശേഷം ജനതാ പാർട്ടിയുടെ ഭരണകാലത്ത് സഞ്ജയ്​ഗാന്ധിക്കെതിരെ പൊലീസ് നടപടിയുണ്ടാകുമ്പോൾ അതിനെ ചെറുത്ത് നിൽക്കുന്ന വാസുദേവപ്പണിക്കരുടെ ചിത്രം ഇന്നത്തെ കോൺ​ഗ്രസുകാർക്ക് ഓർമ്മയുണ്ടാകില്ലെങ്കിലും മാധ്യമസ്ഥാപനങ്ങളുടെ ലൈബ്രറികളിൽ മികച്ച ചിത്രങ്ങളിലൊന്നായി സൂക്ഷിച്ചുവെച്ചിട്ടുണ്ടാകും. 1988 ൽ അദ്ദേഹത്തി​ന്റെ മരണം വരെ ഇന്ദിരാകുടുംബത്തോട് കൂറ് പുലർത്തിയിരുന്ന പണിക്കർ രാജ്യസഭാ​ഗംവുമായിരുന്നു.

അവലംബം

അടിയന്തരാവസ്ഥ, സഞ്ജയ് ​ഗാന്ധി, മാരുതി എന്നിവയുമായി ബന്ധപ്പെട്ട വിവിധ പുസ്തകങ്ങൾ, ഓർമ്മക്കുറിപ്പുകൾ, പത്രവാ‍ർത്തകൾ എന്നിവയാണ്

Summary

Sanjay Gandhi, a parallel ruler, can be seen as the prototype of many political trends seen in India today. The son who ruled the country without a crown or a Sceptre.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com