അടിയന്തരാവസ്ഥയുടെ 50 വർഷം; വിത്തുകൾ വൃക്ഷങ്ങളായി മാറിയ കഥ

ഭരണകൂടത്തെ എതിർക്കുന്നവരെ നിശ്ശബ്ദരാക്കാൻ മാർഗ്ഗങ്ങൾ അനവധിയാണ്. സ്ഥാനമാനങ്ങൾ നൽകി വിലയ്ക്കെടുക്കുന്നത് മുതൽ അന്വേഷണങ്ങൾ, അറസ്റ്റ് തുടങ്ങിവയക്ക് വിധേയമാക്കുന്നത് വരെയുള്ള വാതിലുകൾ തുറക്കപ്പെട്ടു. പുതിയ യുഗത്തിൽ സൈബർ ആക്രമണം എന്നൊരു മേഖല കൂടി തുറന്നിട്ടുണ്ട്. വിമ‍ർശനങ്ങളോടും വിയോജിപ്പുകളോടും ജനാധിപത്യപരമായി ഇടപെടുന്നതിന് പകരം അടിച്ചമർത്തുക എന്നത് പല രീതികളിൽ തുടരുന്നു.
50 years of emergency in India
50 years of emergency in Indiaവര : വിഷ്ണുറാം
Updated on
6 min read

ബ്രിട്ടീഷ് കോളനി വാഴ്ചയിൽ നിന്നും സ്വാതന്ത്ര്യം നേടിയ ഇന്ത്യ ജനാധിപത്യരാഷ്ട്രമായതും അങ്ങനെ നിലനിന്നതും പലർക്കും, വിശേഷിച്ച് പാശ്ചാത്യ രാജ്യങ്ങളിലെ ചിന്തകർക്ക് ഏറെ അത്ഭുതം ഉളവാക്കിയ കാര്യമാണ്. ഏകകക്ഷി മേധാവിത്വമുള്ള ബഹുകക്ഷിവ്യവസ്ഥിതിയാണ് സ്വാതന്ത്ര്യാനന്തരം നിലവിൽ വന്നത്. ജവഹർലാൽ നെഹ്റുവിൻ്റെ നേതൃത്വവും കോൺഗ്രസ്സിൻ്റെ വൻഭൂരിപക്ഷവും ദുർബ്ബലമായ പ്രതിപക്ഷവുമുള്ള പാർലമെൻ്റ്' ഏതെല്ലാം രീതിയിൽ വിലയിരുത്തപ്പെട്ടാലും എല്ലാ കക്ഷികൾക്കും പ്രവർത്തന സ്വാതന്ത്ര്യവും ബഹു കക്ഷി ജനാധിപത്യവും രാജ്യത്ത് വേരൂന്നാൻ അവസരമൊരുക്കി.

ആദ്യ കാലങ്ങളിൽ നെഹ്രു സ്വീകരിച്ചിരുന്ന പ്രതിപക്ഷ ബഹുമാനവും ജനാധിപത്യപരമായ കീഴ്വഴക്കങ്ങളും സംവാദാത്മകവും ശാസ്ത്രീയവുമായ കാഴ്ചപ്പാടും ഏകാധിപത്യത്തിലേക്ക് വീഴാതെ ഇന്ത്യ എന്ന രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ നി‍ർണ്ണായക പങ്ക് വഹിച്ചു. സ്വാതന്ത്ര്യാനന്തര ഭരണകൂടം മൗലികാവകാശങ്ങളും സാമ്പത്തിക സമത്വത്തിന് വേണ്ടിയുള്ള നിർദ്ദേശക തത്ത്വങ്ങളും ഉൾക്കൊള്ളുന്ന ഭരണഘടനയോട് കൂറു പ്രഖ്യാപിച്ചു കൊണ്ടാണ് അധികാരമേറ്റതെങ്കിലും കൊളോണിയൽ ഭരണത്തിൻ്റെ മർദ്ദനോപാധികൾ അതേപടി നിലനിർത്തി എന്നത് ഇതിലെ മറ്റൊരു വശമാണ്.

ചുരുക്കത്തിൽ ജനാധിപത്യാവകാശ ധ്വംസനങ്ങളുടെ അനേകം ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയുമെങ്കിലും മറ്റു പല രാജ്യങ്ങളിലെയും പോലെ വലതുപക്ഷ സ്വേച്ഛാധിപത്യമോ സോഷ്യലിസം നടപ്പക്കാൻ ഏറ്റവും അനുയോജ്യമെന്ന് വ്യഖ്യാനിക്കപ്പെട്ടിരുന്ന ഏക പാർട്ടി സർവ്വാധിപത്യമോ ഇന്ത്യയിൽ നിലവിൽ വന്നില്ല. സോഷ്യലിസ്റ്റ് ഘടനയുള്ള സമൂഹം ലക്ഷ്യമിട്ടുള്ള കോൺഗ്രസ്സിൻ്റെ ഔദ്യോഗിക നയ പ്രഖ്യാപനം വന്ന ശേഷവും സാമ്പത്തിക സമത്വത്തിന് വേണ്ടിയുള്ള നയങ്ങൾക്ക് വേണ്ടത്ര ആക്കം ലഭിച്ചില്ലെന്നതും വസ്തുതയാണ്.

50 years of emergency in India
'അടിയന്തരാവസ്ഥ അറബിക്കടലിൽ'; 50 വ‍ർഷത്തെ ചരിത്രത്തിൽ ആദ്യമായി സിപിഎം അടിയന്തരാവസ്ഥയുടെ വാർഷികം ആചരിക്കുന്നു
Jawaharlal Nehru, Indira Gandhi
Jawaharlal Nehru, Indira Gandhifirle

കോൺഗ്രസ്സ് -നെഹ്റുവിന് ശേഷം

നെഹ്രുവിൻ്റെയും സ്വാതന്ത്ര്യസമരകാലത്തെ തലയെടുപ്പുള്ള നേതാക്കളുടെയും മരണം, ഹ്രസ്വമായ ലാൽ ബഹദൂ‍ർ ശാസ്ത്രിയുടെ പ്രധാനമന്ത്രി കാലഘട്ടം എന്നിവയക്ക് ശേഷമാണ് കോൺഗ്രസ്സിൽ ഇന്ദിരാ ഗാന്ധിയുടെ ചോദ്യം ചെയ്യപ്പെടാത്ത നേതൃത്വം ക്രമേണ നിലവിൽ വന്നത്. 1967 -ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിൻ്റെ മേധാവിത്വം ചോദ്യം ചെയ്യപ്പെട്ട ജനവിധിയാണ് ഉണ്ടായത്. കോൺഗ്രസ്സിന് എട്ട് സംസ്ഥാനങ്ങളിൽ ഭരണം നഷ്ടമായി. കോൺഗ്രസ്സിനുള്ളിൽ സിൻഡിക്കേറ്റ് നേതൃത്വം ഇന്ദിരാഗാന്ധിക്ക്, അവർ നടപ്പാക്കണമെന്ന് കരുതിയ നയങ്ങൾ നടപ്പാക്കാൻ തടസ്സമായി നിന്നു. തുടർന്നുള്ള അഭിപ്രായവ്യത്യാസങ്ങൾ 1969-ലെ കോൺഗ്രസ്സിലെ പിളർപ്പിലേക്കും പിന്നീട് ഇന്ദിരാഗാന്ധിയുടെ ചോദ്യം ചെയ്യപ്പെടാത്ത നേതൃത്വത്തിലേക്കും എത്തി.

ദാരിദ്ര്യ നിർമ്മാർജ്ജനം എന്ന മുദ്രാവാക്യമുയർത്തി 1971 - ലെ വലിയ തിരഞ്ഞെടുപ്പ് വിജയം കൈവരിച്ച ശേഷം ഇന്ദിരാ ഗാന്ധിക്ക് പ്രക്ഷോഭങ്ങളുടെ വേലിയേറ്റത്തെ നേരിടേണ്ടിവന്നു. ഗുജറാത്തിലെ നവ നിർമ്മാൺ പ്രക്ഷോഭം അവിടത്തെ കോൺഗ്രസ്സ് സർക്കാരിനെ പുറത്താക്കുന്നതിൽ വിജയിച്ചു. ബീഹാറിലെ വിദ്യാർത്ഥി സമരത്തിൻ്റെ നേതൃത്വം വഹിക്കാൻ പ്രമുഖ ഗാന്ധിയനും മുൻ സോഷ്യലിസ്റ്റും ക്വിറ്റിന്ത്യാ സമരകാലത്തെ നായകരിലൊരാളുമായ ജയപ്രകാശ് നാരായൺ മുന്നോട്ട് വന്നു. തുടർ തിരിച്ചടികൾ നേരിട്ടു വന്ന പ്രതിപക്ഷ കക്ഷികൾക്ക് ഈ സംഭവവികാസങ്ങൾ പുത്തൻ പ്രതീക്ഷ നൽകി എന്നത് സ്വാഭാവികം.

യുവാക്കളെയും വിദ്യാർത്ഥികളെയും സമ്പൂർണ്ണ വിപ്ലവത്തിന് തയ്യാറെടുക്കുവാൻ ആഹ്വാനം ചെയ്ത ജയപ്രകാശ് നാരായണൻ്റെ ലക്ഷ്യങ്ങളുമായി വലിയ കൂറൊന്നും അദ്ദേഹത്തിൻ്റെ പിന്നിൽ അണിനിരന്ന പ്രതിപക്ഷ കക്ഷികൾക്കുണ്ടായിരുന്നില്ല. ജനസംഘം മുതൽ സോഷ്യലിസ്റ്റുകൾ വരെ ജെ പി. പ്രസ്ഥാനത്തിൽ പങ്കാളികളായി. സി പി എം, ജെ പി പ്രസ്ഥാനവുമായി പരിമിതമായി സഹകരിച്ചപ്പോൾ ജെ പിയെ ഫാസിസ്റ്റായി ചിത്രീകരിച്ചുകൊണ്ട് ഇന്ദിരാഭരണത്തിന് പിന്നിൽ അണിനിരക്കുകയായിരുന്നു സി പി ഐ. വിമോചനത്തിന്റെ സായുധ സാധ്യതകൾ തേടിയ നക്സലൈറ്റ് ഗ്രൂപ്പുകൾ പ്രദേശിക തലത്തിൽ പോരാട്ടങ്ങൾ സംഘടിപ്പിക്കുകയും ഭരണകൂടത്തെ സാമ്രാജ്യത്വ- ചങ്ങാത്ത മുതലാളിത്ത സ്വഭാവമുള്ള ഒന്നായി വിലയിരുത്തുകയും ചെയ്തു.

JAYAPRAKASH NARAYAN
JAYAPRAKASH NARAYAN :Center-Center-Chennai
50 years of emergency in India
അടിയന്തരാവസ്ഥ തെറ്റു തന്നെ ; ഇന്ദിരാഗാന്ധി ഇത് മനസ്സിലാക്കിയിരുന്നുവെന്ന് രാഹുല്‍ഗാന്ധി

അടിയന്തരാവസ്ഥയും ആഗോള സാഹചര്യങ്ങളും

അന്നത്തെ ഇന്ത്യൻ സാഹചര്യം ഇന്ത്യയിലെ മാത്രമൊതുങ്ങി നിന്ന ഒന്നായി കാണാൻ പറ്റില്ല. ആഗോള തലത്തിൽ രൂപപ്പെട്ടുവന്ന പ്രതിസന്ധികളുടെ കൂടെ ഭാഗമായിരുന്നു ഇന്ത്യയിലെ മാറ്റങ്ങളും. ആഗോള മുതലാളിത്തം പണപ്പെരുപ്പവും സുമ്പത്തിക വളർച്ചാ സ്തംഭനവും (Stagflation ) ഒരുമിച്ചു നേരിട്ട കാലഘട്ടമായിരുന്നു 1973 -ന് ശേഷം . കെയ്നീഷ്യൻ മാതൃകയെ മിൽട്ടൻ ഫ്രീഡ്മാൻ ഉൾപ്പെടെയുള്ളവർ ചോദ്യം ചെയ്യുകയും ഭരണകൂടം സാമ്പത്തിക മേഖലയിൽ നിന്നും പിൻവാങ്ങണമെന്ന ആശയം പാശ്ചാത്യലോകത്ത് ശക്തിപ്രാപിക്കുകയും ചെയ്തു. സോവിയറ്റ്, കിഴക്കൻ യൂറോപ്യൻ സമ്പദ് വ്യവസ്ഥകൾ ആന്തരികമായി തകരുവാനും തുടങ്ങിയിരുന്നു. ഇന്ദിരാഗാന്ധിയുടെ ഭരണം ശക്തമായ സോഷ്യലിസ്റ്റ് ഭാഷ പ്രസംഗിക്കുകയും വലതുപക്ഷ പിന്തിരിപ്പന്മാർ ജനാധിപത്യം തകർക്കാൻ ഇറങ്ങി തിരിച്ചിരിക്കുന്നതായി പ്രചാരണം നടത്തുകയും ചെയ്തു. സോവിയറ്റ് യൂണിയൻ്റെയും സിപിഐയുടെയും പിന്തുണ ഭരണകൂടത്തിന് പുരോഗമന പ്രതിച്ഛായ നൽകാൻ സഹായകമാവുകയും ചെയ്തു. സോഷ്യലിസം പ്രസംഗിക്കവേ തന്നെ തുച്ഛമായ വേതനം ലഭിച്ചിരുന്ന റെയിൽവേ തൊഴിലാളികൾ നടത്തിയ സമരത്തെ ഭരണകൂടം നിഷ്ഠുരമായി അടിച്ചമർത്തുകയും ചെയ്തു. മിസ, ഡി ഐ ആർ. തുടങ്ങിയ കരുതൽ തടങ്കൽ നിയമങ്ങൾ വ്യാപകമായി പ്രയോഗിക്കപ്പെട്ടു. ഇതിനിടെ ഇന്ത്യ സന്ദർശിച്ച സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ലിയോനിദ് ബ്രഷ്നേവ് പുരോഗമന ഭരണമുള്ള ഇന്ത്യയിൽ പ്രതിപക്ഷത്തിൻ്റെ ആവശ്യമെന്ത്? എന്ന ചോദ്യം ഉന്നയിച്ചു.

ഈ ആഗോള , ദേശീയ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് 1975 ജൂൺ 25-ാം തീയതി ഇന്ത്യയിൽ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ഇന്ദിരാഗാന്ധിക്കെതിരെ വന്ന അലഹബാദ് ഹൈക്കോടതി വിധിയും അവരുടെ രാജിക്കായി ഉയർന്ന ആവശ്യങ്ങളും പെട്ടന്ന് അടിയന്തരാവസ്ഥാ പ്രഖ്യപനത്തിലേക്ക് നയിച്ചതിന് കാരണമായി. അതുണ്ടായില്ലെങ്കിലും ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുമായിരുന്നു എന്നതാണ് അന്നത്തെ സാമ്പത്തിക,സാമൂഹിക സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്. അധികാരത്തോട് മാത്രം കൂറുള്ളവരെ സംബന്ധിച്ച് ഭരണവ്യവസ്ഥ നേരിട്ട ആഴത്തിലുള്ള പ്രതിസന്ധിക്കുള്ള പരിഹാരം ജനാധിപത്യ വ്യവസ്ഥയെ കൈയ്യൊഴിഞ്ഞ് സ്വേച്ഛാധിപത്യഭരണം ഏർപ്പെടുത്തുക എന്നതാണ്. ഈ മാർഗ്ഗം മറ്റ് പല ഏഷ്യൻ രാജ്യങ്ങളിലും ചെയ്തതു പോലെ ഇന്ത്യയിലും പരീക്ഷിക്കാൻ ഭരണാധികാരികൾ മുതിർന്നു. പക്ഷേ, പട്ടാള ഭരണത്തിലേക്കോ ഭരണകൂട അട്ടിമറിയിലേക്കോ ഇവിടെ കാര്യങ്ങൾ നീങ്ങിയില്ല. ഭരണഘടനയുടെ അനുച്ഛേദം 352-ലൂടെ ഭരണഘടന അനുവദിക്കുന്ന എല്ലാ സ്വാതന്ത്ര്യങ്ങളും ജനങ്ങൾക്ക് നിഷേധിക്കാൻ ഭരണകൂടത്തിന് കഴിഞ്ഞു. ഇന്ദിരയാണ് ഇന്ത്യയെന്നും ഇന്ത്യയാണ് ഇന്ദിരയെന്നും മുദ്രാവാക്യം ഉയർന്നു. പ്രധാനമന്ത്രിയെ എതിർത്താൽ രാജ്യത്തെ എതിർക്കുന്നതിന് തുല്യമാണെന്നും പ്രചരിപ്പിക്കപ്പെട്ടു.

ഔദ്യോഗികമായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടാത്ത ഇന്നും ഇതേ ധ്വനിയുള്ള പ്രചാരണം ഉയരുന്നുണ്ട്. അതിന് മികച്ച ഉദാഹരണമാണ് പ്രാദേശിക തലത്തിലെ ജനപ്രതിനിധിയായ വ്യക്തി, ഒരു പാട്ട് പ്രധാനമന്ത്രിയെ ലക്ഷ്യമാക്കിയുള്ളതാണ് എന്നാരോപിച്ച് വേടൻ എന്ന റാപ്പറിനെതിരെ കേസുമായി പോകുന്നത്. ( ഈ പാട്ടിൽ പ്രധാനമന്ത്രിയെന്നോ മോദിയെന്നോ ഒന്നും പറയുന്നില്ലെന്നത് വേറൊരു കാര്യം) ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര എന്ന പ്രഖ്യാപിച്ച ഡി കെ ബറവുയുടെ പിൻഗാമികൾ ഇന്ന് ഇന്ത്യയാകെ വ്യാപിച്ചിരിക്കുന്നു എന്നതാണ് ഇത് അടിവരയിടുന്നത്. ചുരുക്കത്തിൽ പറഞ്ഞാൽ അമ്പത് വ‍ർഷമാകുമ്പോഴും അടിയന്തരാവസ്ഥയുടെ അവശേഷിപ്പുകൾ ഭയത്തിന്റെ വടുക്കളായി ഇന്ത്യയിൽ മായാതെ കിടക്കുന്നു എന്നത് വ്യക്തമാക്കുന്നതാണ് ഇത്.

50 years of emergency in India
ഇന്ത്യയിലെ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ഇന്നും അടിയന്തരാവസ്ഥ: സേതു എഴുതുന്നു

ഭയത്തിൻ്റെ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ അടിയന്തരാവസ്ഥ വലിയ വിജയമായിരുന്നു. ഭയന്ന് വിറങ്ങലിച്ച് നിൽക്കുന്ന സമൂഹത്തെ അച്ചടക്കം കൈവരിച്ച ഒന്നായി വാഴ്ത്തിയ കാലമായിരുന്നു അടിയന്തരാവസ്ഥ. ജീവിക്കാനുള്ള അവകാശം ഉറപ്പാക്കാൻ കഴിയില്ലെന്ന് രാജ്യത്തെ പരമോന്നത നീതിപീഠം (ജസ്റ്റിസ് എച്ച്. ആർ. ഖന്നയുടെ എതിർപ്പോടെ ) വിധിയെഴുതി. പൊലീസ് ലോക്കപ്പിൽ കൊലപാതകം നടന്നാൽ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയുടെ മൃതദേഹം പോലും കിട്ടാത്ത അവസ്ഥ. ബ്രട്ടീഷ് ഭരണകാലത്തോ നാട്ടുരാജക്കാന്മാരുടെ വാഴ്ചയിലോ പോലും ഇല്ലാത്ത ഭീകരാവസ്ഥ. ട്രെയിനുകൾ കൃത്യസസമയത്തോടാനും സർക്കാർ ജീവനക്കാർ സമയനിഷ്ഠ പാലിക്കുന്നു എന്നുറപ്പ് വരുത്താനും ഒരു ഭരണകൂടം ജനങ്ങളോട് ആവശ്യപ്പെട്ട കനത്ത വിലയായിരുന്നു ഇത്.

19 മാസം കഴിഞ്ഞ് ജനവിധി തേടിയ കോൺഗ്രസ്സ് ഭരണത്തെ ഉത്തരേന്ത്യൻ വോട്ടർമാർ തൂത്തെറിഞ്ഞു. താരതമേന്യ പ്രബുദ്ധർ എന്നഹങ്കരിക്കുന്ന ദക്ഷിണേന്ത്യ പ്രത്യേകിച്ച്, കേരളം ട്രെയിനുകൾ സമയത്ത് ഓടുവാനും സമരങ്ങൾ ഉണ്ടാകാതിരിക്കാനും പൗരസ്വാതന്ത്ര്യവും മൗലികാവകാശങ്ങളും പണയം വയ്ക്കാൻ പ്രകടിപ്പിച്ച സന്നദ്ധത അമ്പരപ്പിക്കുന്നതാണ്.

പാവപ്പെട്ടവരുടെയും ദുർബല വിഭാഗങ്ങളുടെയും ക്ഷേമമാണ് അടിയന്തരാവസ്ഥയുടെ നേട്ടം എന്ന പ്രചാരണം ശക്തമായിരുന്നു. പ്രശസ്ത സാമൂഹിക ശാസ്ത്രജ്ഞനായ ആന്ദ്ര ഗുന്ത‍ർ ഫ്രാങ്ക് (Andre Gunder Frank) ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കലിയിൽ (മാർച്ച് 12, 1977, വാല്യം 12, ലക്കം 11 )എഴുതിയ Emergence of Permanent Emergency in India എന്ന ലേഖനത്തിൽ അടിയന്തരാവസ്ഥയെ ഇന്ത്യൻ വൻകിട മുതലാളിമാർ സഹർഷം സ്വാഗതം ചെയ്തിരുന്നതായി പറയുന്നു. അടിയന്തരാവസ്ഥയുടെ അവസാന ഘട്ടത്തിൽ സി പി ഐ യുമായുള്ള ചങ്ങാത്തം പോലും ഇന്ദിര- സഞ്ജയ് കോൺഗ്രസ്സിന് വേണ്ടാതായി. ഇന്ത്യൻ ബൂർഷ്വാസിക്ക്, സോവിയറ്റ് യൂണിയനെ ആവശ്യമുള്ളതിനെക്കാൾ, സോവിയറ്റ് യൂണിയന് ഇന്ത്യയെ ആവശ്യമായി വന്നു എന്നും എ ജി ഫ്രാങ്ക് അഭിപ്രായപ്പെടുന്നു. സാമ്പത്തിക ഉദാരവൽക്കരണ നയങ്ങളുടെ തുടക്കം പോലും അടിയന്തരാവസ്ഥക്കാലത്ത് തുടങ്ങിയതായി നിരീക്ഷിക്കുന്നവർ ഉണ്ട്. സോഷ്യലിസം സൃഷ്ടിക്കുന്നുവെന്ന ചില പ്രതീതികൾ സൃഷ്ടിച്ചു കൊണ്ട് മറുവശത്ത് ചെയ്ത വൻകിട ബിസിനസ്സിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ മറയ്ക്കപ്പെട്ടു എന്നതാണ് വസ്തുത.

ഇക്കാര്യങ്ങളിൽ പല അഭിപ്രായങ്ങൾ ഉണ്ടാകാമെങ്കിലും, ഇപ്പോഴത്തെ പ്രസക്തമായ ചോദ്യം മറ്റൊന്നാണ്.

50 years of emergency in India
അമ്പതാം വർഷത്തിലും അംഗീകരിക്കപ്പെടാതെ അടിയന്തരാവസ്ഥാ തടവുകാർ

അടിയന്തരാവസ്ഥ നൽകിയ സന്ദേശം

1977 -ലെ ജനവിധി കാരണം ഇന്ത്യ, ലോകരാഷ്ട്രങ്ങൾക്കിടയിൽ തലയുയർത്തി നിന്നുവെങ്കിലും ഭരണഘടന സംഘടിതമായി അട്ടിമറിക്കപ്പെട്ടപ്പോൾ ഭരണഘടനാ സ്ഥാപനങ്ങൾ പ്രകടിപ്പിച്ച നിസ്സംഗത, പൊതു സമൂഹത്തിൽ നിന്നും പ്രതിഷേധങ്ങൾ ആവിയായ അവസ്ഥ.ജനാധിപത്യത്തിനുള്ളിൽ തന്നെ അമിതാധികാര പ്രവണതകൾ സാദ്ധ്യമാണെന്ന ബോദ്ധ്യം പിന്നീടുള്ള ഭരണാധികാരികളിലുണ്ടാക്കി. ഇതാണ് അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്ന അവസ്ഥയിലേക്കുള്ള ആദ്യ പടിയായി മാറിയത്. .

ഭരണകൂടത്തെ എതിർക്കുന്നവരെ നിശ്ശബ്ദരാക്കാൻ മാർഗ്ഗങ്ങൾ അനവധിയാണ്. സ്ഥാനമാനങ്ങൾ നൽകി വിലയ്ക്കെടുക്കുന്നത് മുതൽ അന്വേഷണങ്ങൾ, അറസ്റ്റ് തുടങ്ങിവയക്ക് വിധേയമാക്കുന്നത് വരെയുള്ള വാതിലുകൾ തുറക്കപ്പെട്ടു. പുതിയ യുഗത്തിൽ സൈബർ ആക്രമണം എന്നൊരു മേഖല കൂടി തുറന്നിട്ടുണ്ട്. വിമ‍ർശനങ്ങളോടും വിയോജിപ്പുകളോടും ജനാധിപത്യപരമായി ഇടപെടുന്നതിന് പകരം അടിച്ചമർത്തുക എന്നത് പല രീതികളിൽ തുടരുന്നു.

മറ്റൊരു പ്രധാന കാര്യം കൂടി അടിയന്തരാവസ്ഥയിലും അതിനു ശേഷവും കാണപ്പെടുന്നു. സ്വേച്ഛാധിപതി എന്ന ഏകവചനത്തിന് പ്രസക്തിയില്ല. സ്വേച്ഛാധിപതികൾ എപ്പോഴും ഒന്നിലധികമായിരിക്കും. സ്വേച്ഛാധിപതിയുടെ സിൽബന്ദികളും അവരുടെ കീഴ്സിൽബന്ദികളുമായി ഒരു കൂട്ടം രൂപപ്പെടുന്നു. ഇവർക്ക് പല രാഷ്ട്രീയ നിറങ്ങൾ ഉണ്ടാകാം. ഇവരെ എതിർത്താൽ നഷ്ടങ്ങളുണ്ടാകും. ഇവർ സമൂഹത്തിൽ ഭയത്തിൻ്റെ വിത്തുകൾ പാകുന്നു. ഏറാൻമൂളികളുടെയും സ്തുതിപാഠകരുടെയും എണ്ണം കൂടി വരുന്നു. ഇത് ദേശീയ, സംസ്ഥാന, പ്രാദേശിക തലങ്ങളിൽ യാഥാർത്ഥ്യമായി തീർന്നിരിക്കുന്നു. ഇതാണ് അടിയന്തരാവസ്ഥക്ക് ശേഷമുള്ള അരനൂറ്റാണ്ട് കാലത്ത് കാണപ്പെടുന്ന അടിയന്തരാവസ്ഥയുടെ സംഭാവന.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ രണ്ടു ദശകങ്ങളിൽ ഈ പ്രതിഭാസങ്ങൾ പ്രോൽസാഹിക്കപ്പെട്ടിരുന്നില്ല. എന്നാൽ, അടിയന്തരാവസ്ഥക്ക് ശേഷം സ്ഥിതി മാറി എന്നാണ് കാണുവാൻ കഴിയും. ഭരണത്തിലിരിക്കുന്നവർക്ക് ശക്തമായ അടിത്തറയും പ്രത്യയശാസ്ത്രവുമുള്ളവരാണെങ്കിൽ അടിയന്തരാവസ്ഥാ സാഹചര്യങ്ങൾ അതിസൂക്ഷ്മമായും ശക്തമായും നടപ്പാക്കാൻ സാധിക്കും. അത് ഏത് തരം പ്രത്യയശാസ്ത്രമായാലും ശരി. ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഭരണകൂടത്തിന്ന് ഒരു ദീർഘകാല പ്രത്യയശാസ്ത്രവീക്ഷണമില്ലായിരുന്നു. അങ്ങനെയയൊരു പ്രത്യയശാസ്ത്ര വീക്ഷണമുള്ള പ്രസ്ഥാനത്തിന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെ തന്നെ അതേ കാര്യങ്ങൾ നടപ്പാക്കാൻ കഴിയും.

50 years of emergency in India
'അടിയന്തരാവസ്ഥ അറബിക്കടലിൽ'; 50 വ‍ർഷത്തെ ചരിത്രത്തിൽ ആദ്യമായി സിപിഎം അടിയന്തരാവസ്ഥയുടെ വാർഷികം ആചരിക്കുന്നു

അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെ തന്നെ ജനങ്ങളെ തങ്ങൾ പറയുന്നത് അനുസരിപ്പിക്കാൻ കഴിയുന്ന നിലയിലേക്ക് ഭരണകൂടങ്ങൾ അവരുടെ ശക്തി വ്യാപിപ്പിച്ചു കഴിഞ്ഞു. ഇന്ത്യയുടെ സമീപകാല ചരിത്രത്തിൽ അതിന്റെ ലിറ്റ്മസ് ടെസ്റ്റ് നടന്നത് 2016ലാണ്. 2016 നവംബ‍ എട്ടിന് രാത്രി എട്ട് മണിക്ക് പൊടുന്നനെ രാജ്യത്ത് നോട്ട് നിരോധനം പ്രഖ്യാപിച്ചു. എന്തിന് വേണ്ടിയായിരുന്നു അതെന്ന് ഇന്നും ആ‍ർക്കെങ്കിലും വ്യക്തമാണെന്ന് തോന്നുന്നില്ല. എന്നാൽ, ജനം പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് ശേഷം അനുസരണയുള്ള കുഞ്ഞാടുകളെ പോലെ അനുസരിച്ചു. ആ സമയത്ത് പൊതുവിൽ ആയിരം, അഞ്ഞൂറ് നോട്ടുകൾ മാത്രമാണ് കൂടുതലായി എ.ടി. എമ്മുകളിൽ നിന്ന് കിട്ടിയിരുന്നത്. ജനങ്ങൾ അതെല്ലാം എടുത്ത അതൊക്കെ മാറ്റാനായി ദിവസങ്ങൾ ക്യൂ നിന്നു. ഒരു ദിവസം ഇത്ര രൂപയുടെ നോട്ടുകളെ മാറാൻ പറ്റു എന്നതിനാൽ സാധാരണ ജനം ഒട്ടേറെ കഷ്ടപ്പെട്ടു. ഇതിന്റെ പേരിൽ കള്ളപ്പണം പിടിത്തം നടന്നതായൊന്നും അറിവില്ല. പക്ഷേ, അന്ന് ഈ നടപടിക്കെതിരെ തങ്ങൾ നേരിട്ട ബുദ്ധിമുട്ടുകൾ വിളിച്ചുപറഞ്ഞ സാധാരണ മനുഷ്യർ മുതൽ എം.ടി.വാസുദേവൻ നായരെ പോലെയുള്ള പ്രശസ്തർ വരെ സൈബറിടത്തിലും പുറത്തും ഭരണകൂട അനുയായികളുടെ വാക്കുകൾ കൊണ്ട് ആക്രമിക്കപ്പെട്ടു. ഭരണത്തിലേക്ക് വന്നിട്ട് രണ്ട് വർഷമായപ്പോഴാണ് പുതിയ സർക്കാർ സ്വീകരിച്ച ഈ നടപടി ജനം അടിയന്തരാവസ്ഥക്കാലത്തേക്കാൾ അച്ചടക്കത്തോടെ സ്വീകരിച്ചതും ഇന്നും ഇത് എന്തിനാണ് എന്നറിയാൻ പോലും കഴിയാതെ മറവിയിലേക്ക് അത് കടന്നുപോയതും.

ഭരണകൂടങ്ങൾക്ക് മാറിവരുന്ന ഭരണാധികാരികൾ ഉപകരണം മാത്രമാണെന്നും ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്രങ്ങളും തങ്ങളുടെ പ്രത്യയശാസ്ത്രവും യോജിക്കുന്നതാണെങ്കിൽ ഭരണകൂടവും ഭരിക്കുന്ന സംഘടനയും അത് ഒരുപോലെ നിറവേറ്റുകയും ചെയ്യും. മൻമോഹൻ സിങ് സർക്കാരിന്റെ കാലത്ത് നടപ്പാക്കാൻ ആലോചിച്ചതും തുടങ്ങി വച്ചതുമായ രണ്ട് കാര്യങ്ങളായിരന്നു ജി എസ് ടിയും ആധാറും. ഇതിനെ രണ്ടിനെയും അന്നത്തെ ബി ജെ പി നേതാക്കൾ ശക്തമായി എതിർത്തിരുന്നു. എന്നാൽ, അവർ അധികാരത്തിലെത്തിയപ്പോൾ ഇത് രണ്ടും വളരെ ആവേശത്തോടെ നടപ്പാക്കുന്നതും കണ്ടു. യു പി എ സർക്കാർ കാലത്ത് ഇതിനെതിരെ ഉയർന്ന എതിർപ്പിന്റെ നേരിയൊരംശം പോലും ഇത് നടപ്പാക്കുമ്പോൾ ഉയർന്നില്ല എന്ന് മാത്രമല്ല, ഏതാണ്ട് ബഹുഭൂരിപക്ഷം പേരും അച്ചടക്കത്തോടെ ഇതിനെ അനുകൂലിക്കുന്നതും കണ്ടു.

കോൺഗ്രസും കോൺഗ്രസ് ഇതര സർക്കാരുകളും ഭരിച്ച സമയങ്ങളിലെല്ലാം തന്നെ അടിച്ചമർത്തൽ നിയമങ്ങൾ പല രീതികളിൽ ഇന്ത്യയിൽ അടിയന്തരാവസ്ഥയ്ക്ക് ശേഷവും നടപ്പാക്കിയിട്ടുണ്ട്. ടാഡ, പോട്ട, അഫ്പ്സ, യു എ പി എ എന്നിങ്ങനെ പോകുന്നു നിയമങ്ങൾ. രാജ്യസുരക്ഷയാണ് അടിസ്ഥാനമായി പറയുന്ന കാര്യമെങ്കിലും വിയോജിപ്പുകളെ കുറ്റകൃത്യമാക്കുകയെന്ന് ഭരണസംവിധാനങ്ങളുടെ നിലപാട് നടപ്പാക്കുകയാണ് പലപ്പോഴും ഇതിലൂടെ സംഭവിക്കുക. മൻമോഹൻസിങ് സർക്കാരിന്റെ കാലത്താണ് ഡോ. ബിനായക് സെന്നിനെ അറസ്റ്റ് ചെയ്യുന്നത്. അന്ന് വളരെ കുറച്ച് ആളുകളെയായിരുന്നു ഇങ്ങനെയുള്ള നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നതെങ്കിൽ ഇന്നത് കൂടിയിരിക്കുന്നു എന്നതാണ് വ്യത്യാസം. എതിരാളികളെയും വിമർശകരെയും വിയോജിപ്പ് രേഖപ്പെടുത്തുന്നവരെയും കുടുക്കാൻ സി ബി ഐയും ഇ ഡിയുമൊക്കെ തരാതരം പോലെ എല്ലാ സർക്കാരുകളും ഉപയോഗിച്ചു. അതിന് ഇപ്പോൾ കൂടുതൽ പല്ലും നഖവും വന്നുവെന്നേയുള്ളൂ.

50 years of emergency in India
ടിക്കറ്റ് നിരക്കില്‍ 33 ശതമാനം ഇളവ്; വിദ്യാര്‍ഥികള്‍ക്കായി പാസ് അവതരിപ്പിച്ച് കൊച്ചി മെട്രോ

ഫെഡറലിസം ഏകാധിപത്യ പ്രവണതകൾക്കെതിരായ ചെറുത്തു നിൽപ്പാകുമോ?

മൗലികാവകാശങ്ങളും പൗരസ്വാതന്ത്ര്യവും സംരക്ഷിക്കാൻ ഇന്ത്യയിലെ സാധരണ വോട്ടർക്ക് കഴിയുമെന്ന് പലപ്പോഴും തെളിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ വിശേഷിച്ച് ഉത്തരേന്ത്യയിലെ സാധാരണ വോട്ട‍ർമാർ ഏകാധിപത്യ പ്രവണതകളോട് തെരഞ്ഞെടുപ്പുകളിൽ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. 1977ൽ ഏകാധിപതിയായ ഭരണാധികാരിയെ പുറത്താക്കി. 2024ൽ ബി ജെ പിയുടെ 420 സീറ്റ് എന്ന പ്രതീക്ഷയെ അവ‍ർ 240 ലേക്ക് ചുരുക്കി. ജനങ്ങൾ ഈ ഉത്തരവാദിത്ത്വം ഏൽപിച്ചു കൊടുക്കുന്ന പൊതുപ്രവ‍ർത്തകർക്ക് പലപ്പോഴും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുവാൻ സാധിച്ചിട്ടില്ലെന്നതാണ് അനുഭവം.

അടിയന്തരാവസ്ഥക്കാലത്ത് സംസ്ഥാനാധികാരങ്ങൾ പൂർണ്ണമായും കേന്ദ്രത്തിൽ നിക്ഷിപ്തമാകുകയും കോൺഗ്രസ്സിതര സംസ്ഥാന സർക്കാരുകൾ (തമിഴ്നാട്, ഗുജറാത്ത്) പിരിച്ചുവിടപ്പെടുകയും ചെയ്തു. സംസ്ഥാനങ്ങൾ പല കക്ഷികൾ ഭരിച്ചിരുന്നെങ്കിൽ അടിയന്തരാവസ്ഥ നടപ്പാക്കാൻ കേന്ദ്രസ‍ർക്കാരിന് അത്ര ശക്തമായി നടപ്പാക്കാൻ സാധ്യമാകുമായിരുന്നില്ലെന്ന് വിലയിരുത്തുന്നവരുണ്ട്. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ ബഹുകക്ഷിസർക്കാരുകളും ഫെഡറലിസവും അമിതാധികാര പ്രവണതകളെ ( മറ്റൊരർത്ഥത്തിൽ 'ജനാധിപത്യത്തിൻ്റെ പിൻവലിയൽ' അഥവാ 'Democratic Backslide') തടയാൻ സഹായകമാകുന്നുണ്ടോ? ഇല്ലെന്നാണ് ചില സാമൂഹിക ശാസ്ത്രജ്ഞരുടെ അഭിപ്രായം. പ്രാദേശിക തലത്തിലും ഏകാധിപതികൾ ഉയർന്നു വരുന്നതും ജനാധിപത്യം പിൻവലിയുകയും ചെയ്യുന്ന പ്രവണതകൾ വ്യപകമായി കാണപ്പെടുന്നു എന്നതിന് അവർ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടുന്നു. അമിതാധികാര പ്രവണതകൾ ഉയർന്നു വരുമ്പോൾ തന്നെ അവയ്ക്ക് തടയിടുവാൻ പൊതുമണ്ഡലത്തിലും രാഷ്രീയപ്രസ്ഥാനങ്ങളിലും സ്വരങ്ങൾ ഉയരേണ്ടതുണ്ട്. ഇത് തീരെ ഉണ്ടാകുന്നില്ല എന്നതിന് ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി അവർ പറയുന്നു. അടിയന്തരാവസ്ഥയിൽ പാകിയ ഭയത്തിന്റെ വിത്ത്, 50 വ‍ർഷം കൊണ്ട് വൃക്ഷമായി തഴച്ചുവളർന്നതിനാലാണ്.

Summary

One of the key questions that arises in the fiftieth year of the State of Emergency is whether federalism can prevent dictatorship

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com