ഏതു മൂല്യങ്ങള്‍ക്കു വേണ്ടിയാണോ നെഹ്റു നിലകൊണ്ടത് ആ മൂല്യങ്ങളെ ഇല്ലാതാക്കാനാണ് മോദി ശ്രമിക്കുന്നത്

ഗവര്‍ണറായ ആരിഫ് മുഹമ്മദ് ഖാന്‍ ഒരു പ്രസ്താവന നടത്തി. നെഹ്റുവിനേക്കാള്‍ കേമനാണ് മോദി! പ്രഥമ പ്രധാനമന്ത്രിക്കു കഴിയാതിരുന്ന പല കാര്യങ്ങളും മോദിക്കു സാധിക്കുന്നു. ഇതായിരുന്നു ആ പ്രസ്താവനയുടെ ചുരുക്കം
ഏതു മൂല്യങ്ങള്‍ക്കു വേണ്ടിയാണോ നെഹ്റു നിലകൊണ്ടത് ആ മൂല്യങ്ങളെ ഇല്ലാതാക്കാനാണ് മോദി ശ്രമിക്കുന്നത്

രു വര്‍ഷം മുന്‍പ് സെപ്റ്റംബറില്‍ സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്- പ്രൈം മിനിസ്റ്റര്‍ നരേന്ദ്രമോദി സ്പീക്ക്സ് എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദി 2019-'20 കാലയളവില്‍ നടത്തിയ പ്രസംഗങ്ങളുടെ സമാഹാരമാണ് ആ പുസ്തകത്തിന്റെ ഉള്ളടക്കം. അന്ന് കേരള ഗവര്‍ണറായ ആരിഫ് മുഹമ്മദ് ഖാന്‍ ഒരു പ്രസ്താവന നടത്തി. നെഹ്റുവിനേക്കാള്‍ കേമനാണ് മോദി! പ്രഥമ പ്രധാനമന്ത്രിക്കു കഴിയാതിരുന്ന പല കാര്യങ്ങളും മോദിക്കു സാധിക്കുന്നു. ഇതായിരുന്നു ആ പ്രസ്താവനയുടെ ചുരുക്കം. ഇതാദ്യമായിരുന്നില്ല ബി.ജെ.പിയില്‍നിന്നും വലതു തീവ്ര ഹിന്ദുത്വവാദികളില്‍നിന്നും നെഹ്റുവിനേക്കാള്‍  കരുത്തും സ്വാധീനവും മോദിക്കു നല്‍കാന്‍ ശ്രമമുണ്ടാകുന്നത്. നെഹ്റുവിനെ ചരിത്രസ്മരണകളില്‍നിന്ന് മായ്ചുകളഞ്ഞ് പുതിയ ചരിത്രപുരുഷനായി മാറാനുള്ള നാടകത്തിന്റെ അധ്യായമാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം.

പുതിയ മന്ദിരനിര്‍മ്മാണത്തിന്റെ ക്രെഡിറ്റ് ഏറ്റെടുത്ത മോദി മേയ് 28-ന് നടത്തിയതെല്ലാം 'ഷോ' ആയിരുന്നു. സുരക്ഷാഗാര്‍ഡുകളെ ഒഴിവാക്കി, ക്യാമറയില്‍നിന്ന് കണ്ണകറ്റാതെ പ്രധാന ഗേറ്റില്‍നിന്നേ നടന്നുതുടങ്ങിയ മോദി തീരുമാനിച്ചതും അതുതന്നെയായിരുന്നു. എല്ലാം താനില്‍ തുടങ്ങിയെന്നു വരുത്താനുള്ള നീക്കം. പിന്നെ നടന്നതെല്ലാം തിരക്കഥപോലെ. ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന, കലശസഹിതം ആനയിക്കല്‍, ഹോമം, ചെങ്കോലിനെ സാഷ്ടാംഗം പ്രണമിക്കല്‍, ഏറ്റുവാങ്ങല്‍, പുന:സ്ഥാപനം, പുതിയ ഇന്ത്യയുടെ പ്രഖ്യാപനം. അങ്ങനെ സര്‍വ്വം മോദിമയം. ചരിത്രത്തിലെ ഒരു സംഭവത്തെ പുനരാവിഷ്‌കരിച്ച് നായകനായി പുനരവതരിക്കുകയായിരുന്നു  ലക്ഷ്യം. അതിനവര്‍ ഒരു കഥ മെനഞ്ഞുണ്ടാക്കി. യാഥാര്‍ത്ഥ്യവും അസത്യവും ഐതിഹ്യവും  കൂട്ടിക്കലര്‍ത്തി. നെഹ്റുവിനു സമ്മാനിച്ച ചെങ്കോലിന്റെ കഥയാണ് അതിലൊന്ന്. ജനാധിപത്യത്തില്‍ ഒരു ചെങ്കോലിന് എന്ത് സ്ഥാനമെന്നത് ചിന്തിക്കണം. നെഹ്റുവിന്റെ 59-ാം ചരമവാര്‍ഷികത്തിന്റെ പിറ്റേന്ന്, സവര്‍ക്കറുടെ ജന്മദിനമാണ് പാര്‍ലമെന്റ് മന്ദിരത്തിന്റേയും പുതിയ ഇന്ത്യയുടേയും പ്രഖ്യാപനത്തിനായി മോദിയും കൂട്ടരും തെരഞ്ഞെടുത്തത്. 

റിപ്പബ്ലിക്കിന്റെ ചെങ്കോല്‍

സഭാമന്ദിരത്തിന്റെ ഉദ്ഘാടനം തീരുമാനിച്ച തീയതിയുടേയും ഉദ്ഘാടകന്റേയും പേരില്‍ വിവാദങ്ങള്‍ നടക്കുമ്പോള്‍ തന്നെയാണ് അധികം അറിയപ്പെടാത്ത ഒരു കഥയുമായി ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തുവരുന്നത്. ബ്രിട്ടന്‍ അധികാരം കൈമാറിയതിന്റെ ഓര്‍മ്മയുണര്‍ത്തുന്ന 'സ്വര്‍ണ്ണ ചെങ്കോല്‍' പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാപിക്കുമെന്നാണ് അമിത് ഷാ അന്ന് പ്രഖ്യാപിച്ചത്. 1947 ഓഗസ്റ്റ് 14-ന് അര്‍ദ്ധരാത്രി നടന്ന അധികാരക്കൈമാറ്റത്തിന് 15 മിനിറ്റ് മുന്‍പാണ് തമിഴ്നാട്ടിലെ തിരുവാവതുതുറൈ മഠത്തിലെ പുരോഹിതര്‍ ചെങ്കോല്‍ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനു കൈമാറിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. ആ ചടങ്ങുകള്‍ ആവര്‍ത്തിക്കുമെന്നായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. വിവാദങ്ങളുണ്ടായിട്ടും ഈ നീക്കത്തില്‍ നിന്നൊന്നും പിന്‍മാറാന്‍ അവര്‍ തയ്യാറായില്ല. 

മഠത്തിലെ പുരോഹിതന്മാരുടെ നേതൃത്വത്തില്‍ ചടങ്ങുകള്‍ക്കു ശേഷം ഇവര്‍ പാര്‍ലമെന്റിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു അധികാരചിഹ്നമായ ചെങ്കോല്‍ കൈമാറിയതുവരെയുള്ള നീക്കം പുതിയൊരു ചരിത്രനിര്‍മ്മിതിക്കുവേണ്ടിയുള്ള ശിലപാകലായിരുന്നു. സ്വാതന്ത്ര്യാനന്തരം ഒരിടത്തും പരാമര്‍ശവിധേയമാകാത്ത ചെങ്കോല്‍ കഥ കോണ്‍ഗ്രസ് ബോധപൂര്‍വ്വം മറച്ചുവച്ചുവെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.

എന്നാല്‍, ചെങ്കോലുമായുള്ള കഥയുടെ 'യഥാര്‍ത്ഥ' പശ്ചാത്തലം മറ്റൊന്നാണ്. നെഹ്റുവിന്റെ മേല്‍ വിശുദ്ധജലം തളിച്ചെന്നും നെറ്റിയില്‍ ഭസ്മം പൂശിയെന്നും ചെങ്കോല്‍ കയ്യില്‍വച്ചുവെന്നുമുള്ള സംഭവങ്ങള്‍ ഡൊമിനിക് ലാപ്പിയറിന്റെ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. വിനയത്തോടെ, അങ്ങേയറ്റത്തെ ജനാധിപത്യ മര്യാദയോടെ അവരുടെ വിശ്വാസത്തെ തിരസ്‌കരിക്കാതെയാണ് നെഹ്റു അതിനു നിന്നുകൊടുത്തത്. പിന്നീടൊരിക്കലും നെഹ്റുവോ ഇന്ത്യന്‍ റിപ്പബ്ലിക്കോ ആ ചെങ്കോലിനെ പരിഗണിച്ചിട്ടുമില്ല. യോര്‍ക്ക് റോഡിലെ ബംഗ്ലാവില്‍നിന്ന് പ്രയാഗ് രാജിലെ നെഹ്റു മ്യൂസിയത്തിലെത്തിയപ്പോഴും കഥ മെനയാന്‍ ആരുമുണ്ടായിരുന്നില്ല. വിസ്മൃതിയിലാണ്ടുപോയ ഒന്നില്‍നിന്നാണ് പുതിയ ചരിത്രം നിര്‍മ്മിക്കുന്നതിലെ കുബുദ്ധി കാണേണ്ടത്. 

നെഹ്റു V/S മോദി എന്നത് ആര്‍.എസ്.എസിന്റെ ലക്ഷ്യമാണ്. ചരിത്രത്തില്‍നിന്നുള്ള വീരപുരുഷന്മാരേക്കാള്‍ അവരാഗ്രഹിക്കുന്നത് ജീവിക്കുന്ന, രാഷ്ട്രീയ നേട്ടം കൈവരിക്കാന്‍ കഴിയുന്ന ഒരു വീരപുരുഷനിര്‍മ്മിതിയാണ്. സവര്‍ക്കറെ അതിന് ഉപയോഗിക്കുന്നുണ്ടെങ്കിലും ഗാന്ധിവധം പോലൊന്ന് മറക്കാന്‍ കഴിയില്ല. നെഹ്റുവിന്റെ മരണത്തിനും മോദിയുടെ സ്ഥാനാരോഹണത്തിനുമിടയില്‍ 50 വര്‍ഷത്തെ ഇടവേളയുണ്ട്. ഇന്ത്യന്‍ ചരിത്രത്തില്‍ ഹിന്ദുത്വശക്തിയെ അധികാരത്തിലെത്തിച്ചതിന്റെ ക്രെഡിറ്റ് മോദിക്ക് അവകാശപ്പെടാമെങ്കിലും നെഹ്റുവിന്റെ പ്രതിഭയോ മേധാശക്തിയോ പ്രായോഗികതയോ അവകാശപ്പെടാനാകില്ല. ഇന്നും ചരിത്രപുരുഷനായി നെഹ്റു നിലനില്‍ക്കുന്നതിന്റെ കാരണവും അതുതന്നെയാണ്. 

ഇതിനെ മറികടക്കാന്‍ മോദി നെഹ്റുവുമായി നിരന്തര പോരാട്ടം നടത്തുകയായിരുന്നു. ചരിത്ര യാഥാര്‍ത്ഥ്യങ്ങളില്‍നിന്നു മാത്രമല്ല, ജനങ്ങളുടെ മനസ്സില്‍നിന്നും നെഹ്റുവിനെ അടര്‍ത്തിയെടുത്ത് വിസ്മൃതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്. കുടുംബവാഴ്ചയെന്ന് പറയാതെ ഒരു കോണ്‍ഗ്രസ് വിമര്‍ശനവും മോദി നടത്താറില്ല. മന്‍കീ ബാത്തില്‍ മുഴുവനും നിറഞ്ഞുനില്‍ക്കുന്നത് നെഹ്‌റു എന്ന എതിരാളിയെ തകര്‍ക്കാനുള്ള വികാരാവേശമാണ്. ഒരു കാരണം മാത്രമാണ് ഇതിനൊക്കെ പിന്നില്‍. ഏതു മൂല്യങ്ങള്‍ക്കു വേണ്ടിയാണോ നെഹ്റു നിലകൊണ്ടത് ആ മൂല്യങ്ങളെ ഇല്ലാതാക്കാനാണ് മോദി ശ്രമിക്കുന്നത്. ആ മൂല്യങ്ങളെ മുഴുവനും നിരാകരിക്കുകയാണ് മോദിയുടെ രാഷ്ട്രീയം. മതേതരത്വം, സോഷ്യലിസം, നാനാത്വത്തില്‍ ഏകത്വം, സാംസ്‌കാരിക ഏകത്വം എന്നിങ്ങനെ ഏതു മൂല്യങ്ങളിലും ചിന്തകളിലും നെഹ്‌റുവും മോദിയും വിരുദ്ധ ധ്രുവങ്ങളിലാണ്.

മതേതരത്വമായിരുന്നു നെഹ്‌റുവിനെ എന്നും പ്രചോദിപ്പിച്ചിരുന്ന ആശയം. അതായത് മോദിയും കൂട്ടരും പിന്‍പറ്റുന്ന തീവ്ര വലതു ഹിന്ദുത്വവര്‍ഗ്ഗീയ രാഷ്ട്രീയവുമായി അന്നേ നെഹ്റു യുദ്ധം ചെയ്യുന്നുണ്ടായിരുന്നു. സെക്കുലറിസത്തില്‍ അചഞ്ചലമായി വിശ്വസിച്ച നെഹ്റു രാജ്യത്തിന്റെ അധികാരം ഏറ്റെടുക്കുമ്പോള്‍ വിരുദ്ധധാര സജീവമായിരുന്നു. കോണ്‍ഗ്രസ്സില്‍ തന്നെ മതേതരത്വം എന്ന ആശയത്തിനു എതിര്‍ചേരിയുണ്ടായിരുന്നു. ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലായിരുന്നു ആ ചേരിയുടെ വക്താവ്. മഹാത്മാഗാന്ധിയുടെ വധത്തിനു ശേഷവും ഹിന്ദു തീവ്രവാദത്തോട് അനുഭാവപൂര്‍വ്വമായ സമീപനമാണ് പട്ടേല്‍ കൈക്കൊണ്ടത്. അതായത് മോദി ഇന്ന് നിലനിര്‍ത്തുന്ന, പ്രചരിപ്പിക്കുന്ന ആശയങ്ങളുടെ പ്രതിനിധാനമായിരുന്നു പട്ടേല്‍. വിയോജിച്ച് ഭരണം നടത്തുമ്പോഴും നെഹ്റു തന്റെ ആശയങ്ങള്‍ കൈവിട്ടില്ല. രാജ്യനിര്‍മ്മിതിയില്‍ നെഹ്റുവിനേക്കാള്‍ പ്രാധാന്യമുണ്ട് പട്ടേലിന് എന്നു സ്ഥാപിക്കാനാണ് മൂവായിരം കോടി രൂപ ചെലവഴിച്ച് ഗുജറാത്തില്‍ അദ്ദേഹത്തിന്റെ ഭീമാകാര രൂപത്തിലുള്ള ഒരു പ്രതിമ പണിതുയര്‍ത്തിയത്. പട്ടേല്‍ നായകനും നെഹ്റു പ്രതിനായകനുമാക്കിയുള്ള കഥകള്‍ കെട്ടിപ്പടുത്ത കാലമാണ് ഇത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാകേണ്ടിയിരുന്നത് പട്ടേലായിരുന്നെന്നും നെഹ്റു ആ സ്ഥാനം തട്ടിയെടുക്കുകയായിരുന്നെന്നുമുള്ള വ്യാഖ്യാനങ്ങളും പ്രചരിപ്പിക്കപ്പെട്ടു. ഇതിനെല്ലാം പിന്നില്‍ തീവ്ര ഹിന്ദു വലതുപക്ഷമായിരുന്നു. 

വല്ലഭ്ഭായ് പട്ടേലിനോടു മാത്രമല്ല, ജിന്നയുടെ ദ്വിരാഷ്ട്രവാദത്തേയും നെഹ്റു നിരാകരിച്ചിരുന്നു. ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം നല്‍കേണ്ട കടമ കോണ്‍ഗ്രസ്സിനും സര്‍ക്കാരിനുമുണ്ടെന്നും നെഹ്റു വിശ്വസിച്ചിരുന്നു. അങ്ങനെ മതേതര രാഷ്ട്രമായ ഇന്ത്യയില്‍ ജീവിക്കാന്‍ തീരുമാനിച്ച മുസ്ലിങ്ങളുടെ രക്ഷകര്‍ത്തൃത്വം കോണ്‍ഗ്രസ്സിനാണെന്നായിരുന്നു നെഹ്റുവിന്റെ നിലപാട്. അത് ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ തുടര്‍ച്ചയായി നെഹ്റു കണ്ടപ്പോള്‍ ഇന്ത്യയില്‍ ജീവിക്കുന്ന ഉത്തരവാദിത്വം മുസ്ലിങ്ങള്‍ക്കു തന്നെയാണെന്ന് പട്ടേല്‍ കരുതി. രാജ്യത്തോട് കൂറുള്ളവരാണെന്നു തെളിയിക്കേണ്ട ബാധ്യത ആ വിഭാഗത്തിനു മാത്രമായിരുന്നു. അതായിരുന്നു പട്ടേലിന്റെ കാഴ്ചപ്പാട്. ഇന്നും മോദി പിന്‍പറ്റുന്ന ആശയം അതുതന്നെ. പൗരത്വനിയമഭേദഗതി അതിനൊരു ഉദാഹരണമാണ്. റിപ്പബ്ലിക്കായ ശേഷം ഭരണഘടനാപ്രകാരം ജനാധിപത്യ മതേതര രാജ്യമായി മാറ്റാനുള്ള നെഹ്റുവിന്റെ ശ്രമം തീര്‍ത്തും വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ഓര്‍ക്കണം അക്കാലത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുപോലും ഒരു യഥാസ്ഥിതിക ഹിന്ദുവിനെയാണ് തെരഞ്ഞെടുത്തത്. പുരുഷോത്തം ദാസ് ഠണ്ഡനായിരുന്നു നെഹ്റുവിന്റെ എതിര്‍പ്പുകളെ മറികടന്ന് പട്ടേലിന്റെ പിന്തുണയോടെ സംഘടനാ പ്രസിഡന്റായത്.

ശ്യാമപ്രസാദ് മുഖര്‍ജിയുള്‍പ്പെടെ ഹിന്ദുത്വവാദികള്‍ ഉള്‍പ്പെട്ട മന്ത്രിസഭയിലും എതിര്‍പ്പുകളെ മറികടന്നാണ് നെഹ്റു മുന്നോട്ടു പോയത്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അകത്തും മന്ത്രിസഭയിലും നെഹ്റുവിന് ഹിന്ദുത്വ രാഷ്ട്രീയത്തോട് പോരിടേണ്ടിവന്നു. ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് നെഹ്‌റു പട്ടേലിന്റെ നേതൃത്വത്തിനു കീഴിലുള്ള ഹിന്ദു ദേശീയതാവാദികളായ നേതാക്കളുമായി നേരിട്ട് ഏറ്റുമുട്ടിയ ഒരു സാഹചര്യം. 1947 സെപ്റ്റംബറില്‍ വല്ലഭ്ഭായ് പട്ടേല്‍ ക്ഷേത്രം സന്ദര്‍ശിക്കുകയും പുതുക്കിപ്പണിയാന്‍ തീരുമാനിക്കുകയും ചെയ്തു. 1951-ല്‍ ക്ഷേത്രം തുറന്നുകൊടുക്കുന്ന ചടങ്ങില്‍ പ്രസിഡന്റ് ഡോ. രാജേന്ദ്രപ്രസാദ് പങ്കെടുക്കാന്‍ തീരുമാനിച്ചു. നെഹ്‌റു അതിനെ എതിര്‍ത്തു. ചടങ്ങില്‍ പങ്കെടുക്കരുതെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് നെഹ്‌റു രാജേന്ദ്ര പ്രസാദിനെഴുതി. സോമനാഥില്‍ വന്‍കിട കെട്ടിടം പണിയുകയല്ല രാജ്യത്തിനാവശ്യം എന്നാണ് നെഹ്‌റു എഴുതിയത്. പക്ഷേ, രാജേന്ദ്രപ്രസാദ് നെഹ്റുവിനെ അവഗണിച്ച് ചടങ്ങില്‍ പങ്കെടുത്തു. ഒരു ക്ഷേത്രം തുറക്കുന്ന ചടങ്ങില്‍ പങ്കെടുക്കരുതെന്ന് പ്രസിഡന്റിനോട് ആവശ്യപ്പെടുന്ന പ്രധാനമന്ത്രിയില്‍നിന്ന് അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭൂമി പൂജാവേളയില്‍ സാഷ്ടാംഗം പ്രണമിക്കുന്ന പ്രധാനമന്ത്രിയിലേക്ക്  മതേതര ജനാധിപത്യ റിപ്പബ്ലിക്ക് എത്തിയെന്നതാണ് യാഥാര്‍ത്ഥ്യം.

സാമ്പത്തിക നയങ്ങളുടെ കാര്യത്തിലും പട്ടേലും നെഹ്റുവും വിരുദ്ധചേരിയിലായിരുന്നു. മുതലാളിത്തത്തിന്റെ വക്താവായിരുന്നു പട്ടേല്‍. നെഹ്റുവാകട്ടെ. ആഗോളരാഷ്ട്രീയത്തില്‍ സോഷ്യലിസ്റ്റ് ചേരിക്കൊപ്പവും. പൊതുമേഖലയിലുള്ള വാണിജ്യ-വ്യവസായ സംരംഭങ്ങള്‍ എന്ന ആശയത്തോട് യോജിപ്പുണ്ടായിരുന്നില്ല. പില്‍ക്കാലത്ത് കോണ്‍ഗ്രസ്സും ഇപ്പൊ മോദിയും തുടര്‍ന്നുകൊണ്ടിരിക്കുന്ന കോര്‍പറേറ്റ് മുതലാളിത്ത സൗഹൃദ പദ്ധതികളായിരുന്നു മോദിയുടെ മുന്‍ഗാമികള്‍ ആഗ്രഹിച്ചത്. കുറ്റപ്പെടുത്താനാവാത്തവിധം ഇന്ത്യയ്ക്ക് യോജിച്ചതായിരുന്നില്ല നെഹ്റുവിന്റെ നയങ്ങള്‍. അണക്കെട്ടുകളടക്കം പല വികസന കാഴ്ചപ്പാടുകളും ഇന്ന് വിമര്‍ശിക്കപ്പെടുന്നുണ്ട്. മതേതരത്വത്തിന്റെ കാര്യത്തിലും വിട്ടുവീഴ്ചകള്‍ക്ക് നെഹ്റു തയ്യാറായിട്ടുണ്ട്. എന്നാല്‍, വര്‍ഗ്ഗീയതയ്ക്കും അപരശത്രുനിര്‍മ്മിതിക്കും നെഹ്‌റു നിന്നുകൊടുത്തിട്ടില്ല.   പട്ടേല്‍ നെഹ്‌റുവിന്റെ ബദല്‍ നേതാവായി ഉയര്‍ന്നുവരുന്നതിനു മുന്‍പുതന്നെ മരണമടഞ്ഞു. ഹിന്ദുത്വ രാഷ്ട്രീയത്തോട് അനുഭാവമുള്ള മറ്റു നേതാക്കള്‍ക്ക് നെഹ്‌റുവിന്റെ വ്യക്തിപ്രഭാവത്തെ മറികടക്കാനുമായില്ല. 

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വിവിധ അധീനങ്ങളുടെ പുരോഹിതരുമൊത്ത് മോദി
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വിവിധ അധീനങ്ങളുടെ പുരോഹിതരുമൊത്ത് മോദി

കല്പിതകഥയും ചരിത്രവും

ചെങ്കോലിലേക്കു മടങ്ങിവരാം. ഇന്ത്യയുടെ ചരിത്രത്തില്‍ സ്വാതന്ത്ര്യത്തിന്റെ നിമിഷം അടയാളപ്പെടുത്തിയിട്ടുള്ളത് ബ്രിട്ടീഷ് പതാക ഇറക്കുന്നതും ദേശീയ പതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ടാണ്. പിന്നീട് ജവഹര്‍ലാല്‍ നെഹ്‌റു നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗവും. ആ സ്ഥാനത്തേക്കാണ് ഇപ്പോള്‍  ചെങ്കോല്‍ കടന്നുവരുന്നത്. അധികാര കൈമാറ്റത്തിന്റെ പ്രതീകമാണത്രെ ചെങ്കോല്‍. സ്വാതന്ത്ര്യത്തിനു മുന്‍പുള്ള ദിവസങ്ങളില്‍  അധികാര കൈമാറ്റം എങ്ങനെ വേണമെന്ന ചര്‍ച്ചയുണ്ടാവുകയും അന്ന് ഗവര്‍ണര്‍ ജനറലായിരുന്ന സി. രാജഗോപാലാചാരി  ചെങ്കോല്‍ കൈമാറ്റമാകാം എന്ന് നിര്‍ദ്ദേശിച്ചെന്നുമാണ് പ്രചരിക്കുന്ന കഥ.  മതപുരോഹിതന്‍ അധികാരമേറ്റെടുക്കുന്ന രാജാവിന് ചെങ്കോല്‍ നല്‍കുന്ന ആചാരം ചോളരാജ്യത്തുണ്ടായിരുന്നുവത്രെ. അത്തരത്തില്‍ അധികാര കൈമാറ്റം നടത്താന്‍ തീരുമാനിക്കുകയും തമിഴ്നാട്ടിലെ തിരുവാവതുതുറൈ മഠത്തിലെ പൂജാരിയുടെ നിര്‍ദ്ദേശാനുസരണം മദ്രാസിലെ വുമുദി ബംഗാരു ചെട്ടിയാര്‍ അഞ്ച് അടി നീളമുള്ള ചെങ്കോല്‍ നിര്‍മ്മിച്ചു നല്‍കിയെന്നുമാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടുന്ന ചരിത്രം.

ഇതുവരെ അധികമാരും കേള്‍ക്കാത്ത ഈ കഥ പുറത്തുവന്നതിനു പിന്നില്‍ മറ്റൊരു കഥയുണ്ട്. അതിങ്ങനെയാണ്: തമിഴ്നാട്ടിലെ പ്രശസ്തമായ തുഗ്ലക്ക് മാസികയില്‍ 2021-ല്‍ വന്ന ഒരു ലേഖനത്തില്‍ ഈ ചെങ്കോല്‍ കൈമാറ്റത്തെക്കുറിച്ചുള്ള കഥ പ്രസിദ്ധീകരിക്കുന്നു. ഇത് വായിച്ച പ്രശസ്ത നര്‍ത്തകി പത്മ സുബ്രഹ്മണ്യം സാംസ്‌കാരിക മന്ത്രലായത്തിനു  കത്തയച്ച് ഇതിലെ വിശദാംശങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. ഈ കത്താണ് ചെങ്കോല്‍ കൈമാറ്റത്തിലെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ പ്രേരിപ്പിച്ചതും ഇപ്പോള്‍ പാര്‍ലമെന്റില്‍ അത് സ്ഥാപിക്കാന്‍ പ്രേരകമായതുമെന്നുമാണ് റിപ്പോര്‍ട്ട്. അന്ന് ചെങ്കോല്‍ കൈമാറ്റം ടൈം മാഗസിനിലടക്കം വന്നിരുന്നു.

ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിലോ സ്വാതന്ത്ര്യസമരത്തിലോ ഒരു പങ്കും വഹിച്ചവരല്ല ആര്‍.എസ്.എസ്സുകാര്‍. അവരുടെ ആശയം സ്വീകരിച്ചവര്‍ കോണ്‍ഗ്രസ്സിലുണ്ടായിരുന്നുവെന്നത് യാഥാര്‍ത്ഥ്യം. എന്നാല്‍, ഇന്ത്യന്‍ ജനത നടത്തിയ സ്വാതന്ത്ര്യസമരവും രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള ലോക സാഹചര്യവുമാണ് ഇന്ത്യയില്‍നിന്നു പിന്മാറാന്‍ ബ്രിട്ടീഷ് സാമ്രാജ്യത്തെ നിര്‍ബ്ബന്ധിതമാക്കിയത്. ഈ പിന്മാറ്റത്തിലോ അധികാര കൈമാറ്റത്തിലോ ചെങ്കോലിനു യാതൊരു സ്ഥാനവുമില്ല. ആചാരങ്ങളിലും ബ്രാഹ്മണ്യ സംസ്‌കാരത്തിലും താല്പര്യമുള്ളവര്‍ ഉണ്ടാക്കിയെടുത്ത ഒരു ചടങ്ങുമാത്രമായിരുന്നു അത്. തികഞ്ഞ ജനാധിപത്യവാദിയും പ്രായോഗികവാദിയുമായ നെഹ്റു അതിന് അത്ര പ്രാധാന്യമേ നല്‍കിയുമുള്ളൂ. 

ഇനി, സര്‍ക്കാരിന്റെ ചെങ്കോല്‍കഥയ്ക്ക് തെളിയിക്കാനാവശ്യമായ വസ്തുതാപരമായ തെളിവുകള്‍ നിരത്താന്‍ കേന്ദ്രസര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. തമിഴ്നാട്ടില്‍ നിര്‍മ്മിച്ച സ്വര്‍ണ്ണച്ചെങ്കോല്‍ രാജ്യത്തെ പ്രധാന ശൈവസന്ന്യാസി മഠങ്ങളിലൊന്നായ തിരുവാടുതുറൈ അധീനത്തിന്റെ ഉപമേധാവി കുമാരസ്വാമി തമ്പിരാന്‍ 1947 ഓഗസ്റ്റ് 14-ന് രാത്രി ഡല്‍ഹിയിലെത്തി നെഹ്റുവിനു സമ്മാനിച്ചിരുന്നു എന്ന വാദം ശരിയാണ്. എന്നാല്‍, അത് ബ്രിട്ടനില്‍നിന്നുള്ള അധികാര കൈമാറ്റത്തിന്റെ പ്രതീകമായിരുന്നില്ല. ഔപചാരികമായി നടത്തിയ ചടങ്ങുമായിരുന്നില്ല. ഒരു സമ്മാനം എന്ന നിലയില്‍ ചെങ്കോല്‍ സ്വീകരിച്ചിട്ടുണ്ടാകാം. അതിനപ്പുറമുള്ള വ്യാഖ്യാനം വ്യാജസൃഷ്ടിയാണ്.  അമിത് ഷായും നിര്‍മ്മല സീതാരാമനും പറയുന്നത് അനുസരിച്ച് 1947 ഓഗസ്റ്റ് 14-ന് ചെങ്കോല്‍ മുന്‍ വൈസ്രോയി നെഹ്റുവിനു കൈമാറിയെന്നാണ്. 

ഈ വിവരണങ്ങളില്‍ ചില വൈരുദ്ധ്യങ്ങളുണ്ട്. ആദ്യം മുതല്‍ക്കേ കോണ്‍ഗ്രസ് ഉന്നയിക്കുന്ന വാദവും ഇതാണ്. വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റണ്‍ പ്രഭുവോ അവസാന ഗവര്‍ണറായിരുന്ന സി. രാജഗോപാലാചാരിയോ നെഹ്റുവോ ചെങ്കോലിനെ അധികാരചിഹ്നമായി വിശേഷിപ്പിച്ചിട്ടില്ല. ചിലരുടെ മനസ്സില്‍ മെനഞ്ഞ കഥ വാട്സാപ്പ് വഴി പ്രചരിച്ച് മാധ്യമങ്ങളിലെത്തിയെന്നാണ് ജയറാം രമേശ് പറഞ്ഞത്.  എന്നാല്‍, അത്തരത്തിലൊരു സംഭവത്തിന് യാതൊരു തെളിവുമില്ലെന്നാണ് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തത്. മാധ്യമങ്ങളിലൊരിടത്തും ചെങ്കോലിന്റെ കാര്യം പറയുന്നതേയില്ല. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ബി.ജെ.പിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ഈ ചെങ്കോല്‍ ഉപയോഗിക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇന്ത്യന്‍ സാമ്രാജ്യത്തിന്റെ പ്രതീകാത്മക അധികാര കൈമാറ്റമാണ് ഇതുകൊണ്ട് ബി.ജെ.പി ലക്ഷ്യമിടുന്നത്. 

പുതിയ പാർലമെന്റ് മന്ദിരത്തിലെ രാജ്യസഭ
പുതിയ പാർലമെന്റ് മന്ദിരത്തിലെ രാജ്യസഭ

പ്രതിപക്ഷ ഐക്യവും ബഹിഷ്‌കരണവും

മെയ് 28-ന് നടന്ന പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനചടങ്ങില്‍ 20 പ്രതിപക്ഷ പാര്‍ട്ടികളാണ് വിട്ടുനിന്നത്. പ്രസിഡന്റ് ദ്രൗപദി മുര്‍മുവിനെ പൂര്‍ണ്ണമായും ഒഴിവാക്കി നരേന്ദ്രമോദി തന്നെ പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ചതിനെയാണ് 20 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം എതിര്‍ത്തത്. ഒഡിഷ ഭരിക്കുന്ന ബി.ജെ.ഡിയും ആന്ധ്രപ്രദേശ് ഭരിക്കുന്ന വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സും അകാലികളും ചടങ്ങില്‍ പങ്കെടുത്തു. ബി.എസ്.പി, ടി.ഡി.പി, ജെ.ഡി.എസ് എന്നിവര്‍ ബഹിഷ്‌കരണത്തെ എതിര്‍ത്തു. അതേ സമയം ബഹിഷ്‌കരിച്ച പാര്‍ട്ടികളിലെ എം.പിമാരുടെ എണ്ണമെടുത്താല്‍ 250-ലധികം വരും.

ഇതാദ്യമല്ല സംഘടിതമായി പ്രതിപക്ഷ കക്ഷികള്‍ പാര്‍ലമെന്റിലെ ചടങ്ങുകള്‍ ബഹിഷ്‌കരിക്കുന്നത്. ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ പ്രക്ഷോഭം നയിക്കുന്ന കര്‍ഷകര്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് 17 പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ചിരുന്നു. 2020 ഡിസംബറില്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിലും മിക്ക പ്രതിപക്ഷ കക്ഷികളും പങ്കെടുത്തിരുന്നില്ല. എന്നാല്‍, അതൊരു രാഷ്ട്രീയ പ്രഖ്യാപനം നടത്തിയായിരുന്നില്ല ബഹിഷ്‌കരണം. ഇത്തവണ അവരൊരു പുതിയ മുദ്രാവാക്യം മുന്നോട്ടുവച്ചു. പുതിയ പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യേണ്ടത് ആരാണ്, പ്രധാനമന്ത്രിയോ അതോ രാഷ്ട്രപതിയോ? ലോക്സഭ സെക്രട്ടറിയേറ്റ് മേയ് 18-ന് പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് മന്ദിരം പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത് എന്ന കാര്യം ജനം അറിഞ്ഞത്. ചര്‍ച്ചയായതോടെ പ്രതിപക്ഷ പാര്‍ട്ടികളും ഭരണഘടന വിദഗ്ദ്ധരും വിഷയം ഏറ്റെടുത്തു. രാഷ്ട്രത്തലവനെയോ മുന്‍ രാഷ്ട്രത്തലവന്‍മാരേയോ ചടങ്ങിനു ക്ഷണിച്ചിട്ടില്ല. രാഷ്ട്രപതിയെ ഒഴിവാക്കിയത് കടുത്ത അവഹേളനമാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കുറ്റപ്പെടുത്തി.

ഛത്തീസ്ഗഡില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രിയും കൂടിയാണ് നിയമസഭാമന്ദിരത്തിനു തറക്കല്ലിട്ടത്. ആ ചടങ്ങിലേക്ക് ഗവര്‍ണറെ വിളിച്ചിരുന്നോ എന്നായിരുന്നു അമിത്ഷായുടെ മറുപടി. ജാര്‍ഖണ്ഡിലെ നിയമസഭാമന്ദിരത്തിന് മുഖ്യമന്ത്രി ഹേമന്ദ് സോറനാണ് തറക്കല്ലിട്ടത്. ആ ചടങ്ങിലേക്കും ഗവര്‍ണര്‍ക്കു ക്ഷണമുണ്ടായിരുന്നില്ല. ആസാമിലാകട്ടെ തരുണ്‍ ഗോഗോയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. മണിപ്പൂരിലും തമിഴ്നാട്ടിലും സോണിയാ ഗാന്ധിയും മന്‍മോഹന്‍സിങ്ങുമാണ് നിയമസഭാമന്ദിരങ്ങള്‍ ഉദ്ഘാടനം ചെയ്തതെന്നും അമിത്ഷാ വാദിക്കുന്നു. ബഹിഷ്‌കരണം അനവസരത്തിലായിപ്പോയി. സര്‍ക്കാരാണ് മന്ദിരം നിര്‍മ്മിച്ചത്. ഉദ്ഘാടനം ചെയ്യാനുള്ള അവകാശവും സര്‍ക്കാരിനാണ്. പക്ഷേ, അതൊരു ഗോത്രവര്‍ഗ്ഗ വനിതയുടെ അന്തസ്സുമായി കൂട്ടിക്കെട്ടിയത് ശരിയായില്ലെന്നാണ് മായാവതി അഭിപ്രായപ്പെട്ടത്. രാജ്യസ്വത്താണ് ആ കെട്ടിടം. ആരുടേയും സ്വകാര്യവിഷയമല്ല. അത് ബി.ജെ.പിയുടേയോ ആര്‍.എസ്.എസ്സിന്റേയോ ഓഫീസല്ല-എച്ച്.ഡി. ദേവഗൗഡ പ്രതികരണം ഇങ്ങനെയായിരുന്നു.

യൂണിയന് ഒരു പാര്‍ലമെന്റ് വേണം. രാഷ്ട്രത്തലവനും രണ്ട് സഭകളും ചേര്‍ന്നതാണ് അത്. ഒരു സഭ സംസ്ഥാനങ്ങളുടെ കൗണ്‍സിലും രണ്ടാമത്തേത് ജനപ്രതിനിധി സഭയുമായിരിക്കും. ഭരണഘടനയുടെ 79-ാം ആര്‍ട്ടിക്കിളില്‍ പറയുന്നത് ഇങ്ങനെയാണ്: ഭരണഘടനാപരമായി, പാര്‍ലമെന്റ് എന്നത് രാഷ്ട്രപതി കൂടി ഉള്‍പ്പെട്ടതാണ്. രാഷ്ട്രപതിയാണ് സംയുക്ത സഭകളുടെ യോഗത്തെ അഭിസംബോധന ചെയ്യുക. പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള ആദ്യ പാര്‍ലമെന്റ് യോഗം അഭിസംബോധന ചെയ്യുന്നത് രാഷ്ട്രപതിയാണ്. ഇതാണ് ഭരണഘടനയുടെ 86, 87 വകുപ്പുകള്‍ പറയുന്നത്. ലോക്സഭയും രാജ്യസഭയും പാസ്സാക്കിയതുകൊണ്ട് മാത്രം ഒരു ബില്ല് നിയമമാവില്ല. അതില്‍ രാഷ്ട്രപതി ഒപ്പുവെയ്ക്കണം. ഇന്ത്യന്‍ ഭരണഘടന പ്രകാരം രാഷ്ട്രപതി കൂടി ചേര്‍ന്നതാണ് ഇന്ത്യന്‍ പാര്‍ലമെന്റെന്ന് ഇതില്‍നിന്നു തന്നെ വ്യക്തം. ഇന്ത്യന്‍ ഭരണഘടന പ്രകാരം രാഷ്ട്രപതിയാണ് രാഷ്ട്രത്തലവന്‍, പ്രധാനമന്ത്രിയല്ല. പ്രധാനമന്ത്രി എന്നത് എക്സിക്യൂട്ടീവിന്റെ തലവനാണ്. രാഷ്ട്രത്തിന്റേതല്ല. അതുകൊണ്ട് രാജ്യത്തിനു പുതിയ പാര്‍ലമെന്റ് മന്ദിരം ഉണ്ടാകുമ്പോള്‍ അത് ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്ട്രത്തലവനല്ലേ എന്ന ചോദ്യം ഉയരുന്നത്. ഈ ഭരണഘടനയെ അവഹേളിക്കുന്നുവെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ വാദം ശരിയാണ്. പാര്‍ലമെന്റ് എന്നത് ഒരു നിര്‍മ്മിതി മാത്രമല്ല. അത് ജനാധിപത്യമൂല്യവും അന്തസ്സത്തയും നിലനിര്‍ത്തുന്ന പ്രതീകം കൂടിയാണ്. ആ അര്‍ത്ഥത്തില്‍ വേണം ഇതിനെ കാണാന്‍. 

20 വര്‍ഷം മുന്‍പ് പാര്‍ലമെന്റ് ലൈബ്രറി മന്ദിരം ഉദ്ഘാടനം ചെയ്തത് അന്നത്തെ രാഷ്ട്രപതി കെ.ആര്‍. നാരായണനായിരുന്നു. ആ കീഴ്വഴക്കം പാലിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. എന്നാല്‍ ഇതാദ്യമായല്ല, രാഷ്ട്രപതി എന്ന സ്ഥാനത്തെ താഴ്ത്തി കെട്ടിയുള്ള സമീപനം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. 2019-ല്‍ ന്യൂഡല്‍ഹിയില്‍ ദേശീയ യുദ്ധസ്മാരകം ഉദ്ഘാടനം ചെയ്തത് നരേന്ദ്ര മോദിയാണ്. ഭരണഘടനയുടെ 53-ാം ആര്‍ട്ടിക്കിള്‍ അനുസരിച്ച് സൈനിക വിഭാഗങ്ങളുടെ സര്‍വ്വ സൈന്യാധിപന്‍ രാഷ്ട്രപതിയാണ്. സ്വാഭാവികമായും രാഷ്ട്രപതി സൈന്യവുമായി ബന്ധപ്പെട്ട സുപ്രധാന സംഗതി ഉദ്ഘാടനം ചെയ്യേണ്ടതും രാഷ്ട്രത്തലവനായിരുന്നു. എന്നാല്‍, രാംനാഥ് കോവിന്ദിനെ ഒഴിവാക്കപ്പെട്ടു. 

പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ച ദിവസം മെയ് 28 ഉം വിവാദത്തിലായി. മഹാത്മാഗാന്ധി വധക്കേസിലെ പ്രതിയായിരുന്ന വി.ഡി. സവര്‍ക്കറിന്റെ ജന്മദിനമാണ് മെയ് 28. സ്വാതന്ത്ര്യസമരത്തിനിടെ നിരവധി തവണ ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കു മാപ്പപേക്ഷ എഴുതി നല്‍കി, പുറത്തുവന്ന ഒരാളുടെ ജന്മദിനം പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനു തെരഞ്ഞെടുത്തത് സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കുന്നതിനു തുല്യമാണെന്നാണ് പ്രതിപക്ഷം പറയുന്നത്. സവര്‍ക്കറിന്റെ 140-ാം ജന്മവാര്‍ഷികത്തില്‍ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുമെന്നാണ് അമിത് മാളവ്യ അടക്കമുള്ളവര്‍ ട്വീറ്റ് ചെയ്തതും.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com