കടന്നുപോകുന്നത് ഐതിഹാസിക നേട്ടങ്ങളിലൂടെ, രാജ്യം വികസനത്തിന്റെ പാതയിലെന്ന് രാഷ്ട്രപതി
ന്യൂഡല്‍ഹി: രാജ്യം വികസനത്തിന്റെ പാതയിലെന്ന് പാർലമെന്റിന്റെ സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മു. പ്രതിസന്ധികള്‍ക്ക് ഇടയിലും സമ്പദ് വ്യവസ്ഥ വളര്‍ന്നു. കേന്ദ്രസര്‍ക്കാരിന് കീഴില്‍ പുതിയ ഭാരതത്തിന്റെ ഉദയമാണ്. ലക്ഷക്കണത്തിന് യുവാക്കള്‍ക്ക് ജോലി നല്‍കാനായി. കായികരംഗത്തും ഇന്ത്യയ്ക്ക് നേട്ടമുണ്ടാക്കാനായി. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എടുത്തുപറഞ്ഞു കൊണ്ടായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം.
രാജ്യം ഐതിഹാസിക നേട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. മൂന്നു പതിറ്റാണ്ടിനു ശേഷം വനിതാ സംവരണം യാഥാര്‍ത്ഥ്യമായി. ബില്‍ പാസ്സാക്കിയത് ചരിത്ര നേട്ടമാണ്. ക്രിമിനല്‍ നിയമങ്ങളും പരിഷ്‌കരിച്ചു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി. ചന്ദ്രയാന്‍ വിജയം അഭിമാനകരമാണ്. ജി20 ഉച്ചകോടി വിജയകരമായി നടപ്പാക്കാനായി. അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കിയത് സര്‍ക്കാരിന്റെ നേട്ടമാണെന്നും രാഷ്ട്രപതി പറഞ്ഞു.
മുത്തലാഖ് നിരോധിക്കാനും പാർലമെന്റിനായി. നേരത്തേ, രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ഇരട്ട അക്കത്തിലായിരുന്നു, അത് ഇപ്പോൾ നാല് ശതമാനത്തിനുള്ളിലാണ്. ലോകത്തെ അഞ്ചു വലിയ സാമ്പത്തിക ശക്തികളിൽ ഒന്നായി ഇന്ത്യ മാറും. കഴിഞ്ഞ 10 വർഷത്തിനിടയിൽ ജനങ്ങൾ ദശാബ്ദങ്ങളായി കാത്തിരിക്കുന്ന നിരവധി കാര്യങ്ങൾ പൂർത്തീകരിക്കുന്നത് ഇന്ത്യ കണ്ടു. ഇന്ത്യ ശരിയായ ദിശയിൽ ശരിയായ തീരുമാനങ്ങളെടുത്ത് മുന്നേറുന്നതായി രാഷ്ട്രപതി പറഞ്ഞു.
ഇന്ത്യയുടെ കീർത്തി ലോക രാഷ്ട്രങ്ങൾക്കിടയിൽ ഉയർന്നു. മെയ്ഡ് ഇൻ ഇന്ത്യ ആഗോള ബ്രാൻഡ് ആയി മാറി. ദാരിദ്ര്യ നിർമ്മാർജ്ജനം യാഥാർത്ഥ്യമായി. സർക്കാരിന്റെ 10 വർഷത്തെ ഭരണത്തിൽ ഏകദേശം 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറി. ഡിഫൻസ് കോറിഡോർ, സ്റ്റാർട്ടപ്പുകൾ ഇതെല്ലാം നേട്ടങ്ങളാണ്. ഇന്ത്യ വികസന സൗഹൃദ രാജ്യമാണെന് വിദേശ രാജ്യങ്ങൾ തിരിച്ചറിഞ്ഞു. ഡിജിറ്റൽ ഇന്ത്യ ഗ്രാമങ്ങളിൽ പോലും തിളങ്ങുകയാണ്. യുപിഐ ഇടപാടുകൾ റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നു. രാജ്യത്ത് അടിസ്ഥാന സൗകര്യ വികസനവും റെക്കോർഡിട്ടു. ഗ്യാസ് പൈപ്പ് ലൈൻ, ഒപ്റ്റിക്കൽ ഫൈബർ ഇതെല്ലാം വികസന നേട്ടങ്ങളാണെന്നും ദ്രൗപതി മുര്‍മു പറഞ്ഞു.
ഇരുസഭകളേയും അഭിസംബോധന ചെയ്തുകൊണ്ടുള്ള രാഷ്ട്രപതിയുടെ പ്രസംഗത്തോടെയാണ് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായത്. പാര്‍ലമെന്റില്‍ ക്രിയാത്മകമായ ചര്‍ച്ചകള്‍ ഉണ്ടാകണമെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു. ജമ്മുകശ്മീര്‍ പുനസംഘടനയും ശ്രദ്ധേയമായ നേട്ടമാണെന്ന് രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ രാഷ്ട്രപതിയുടെ ആദ്യ അഭിസംബോധനയാണിത്. ചെങ്കോല്‍ പിടിച്ച് നയിച്ചാണ് രാഷ്ട്രപതിയെ പാര്‍ലമെന്റിലേക്ക് ആനയിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


