

ന്യൂഡൽഹി; രാമക്ഷേത്ര നിർമാണത്തിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച ട്രസ്റ്റിനെതിരെ അഴിമതി ആരോപണം. സ്വകാര്യ വ്യക്തിയിൽനിന്ന് രണ്ട് റിയൽ എസ്റ്റേറ്റ് ഡീലേഴ്സ് രണ്ടു കോടി രൂപയ്ക്കു വാങ്ങിയ സ്ഥലം 18 കോടി രൂപയ്ക്ക് മറിച്ചുവിറ്റെന്നാണ് ഉത്തർ പ്രദേശിലെ പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്.
ഈ വർഷം മാർച്ചിലാണ് ഇടപാടുകൾ നടന്നത്. ചില പ്രാദേശിക ബിജെപി നേതാക്കളുടെയും ട്രസ്റ്റ് ഭാരവാഹികളുടെയും അറിവോടെയായിരുന്നു തട്ടിപ്പെന്നും മുൻ സമാജ്‌വാദി പാർട്ടി എംഎൽഎയും ഉത്തർപ്രദേശ് മന്ത്രിയുമായ പവൻ പാണ്ഡെ ആരോപിച്ചു. ഇത് സംബന്ധിച്ച് ചില രേഖകൾ അദ്ദേഹം മാധ്യമങ്ങൾക്കു മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തു. സമാജ്‌വാദി പാർട്ടി ആം ആദ്മി എന്നിവരാണ് ആരോപണമുന്നയിച്ചത്.
നിമിഷങ്ങൾക്കുള്ളിലാണ് വസ്തുവില 2 കോടിയിൽ നിന്ന് 18 കോടിയായി ഉയർന്നതെന്നും ഇതിൽ തീർച്ചയായും കൊള്ള നടന്നിട്ടുണ്ടെന്നുമാണ് പവൻ പാണ്ഡേ ആരോപിച്ചത്. ഇരു ഇടപാടുകളുടെയും സ്റ്റാംപ് ഡ്യൂട്ടി പേപ്പറുകളും സാക്ഷികളും സമാനമായിരുന്നെന്നും പവന്‍ പാണ്ഡെ പറഞ്ഞു. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ആരോപണങ്ങൾ ട്രസ്റ്റ് നിഷേധിച്ചിട്ടുണ്ട്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ രാമക്ഷേത്രം നിർമിക്കുന്നതിന്റെ മേൽനോട്ടം വഹിക്കാനായി 2020 ഫെബ്രുവരിയിലാണ് ശ്രീറാം ജന്മഭൂമി തീർഥ് ക്ഷേത്ര എന്ന ട്രസ്റ്റ് മോദി സർക്കാർ രൂപീകരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates