

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 73-ാം ജന്മദിനം. ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ച കോൺഗ്രസ് ഇതര പ്രധാനമന്ത്രി. സ്വാതന്ത്ര്യത്തിന് ശേഷം ജനിച്ച ആദ്യ പ്രധാനമന്ത്രി എന്നിങ്ങനെ വിശേഷണങ്ങൾ ഒരുപാടുണ്ട് മോദിക്ക്. പ്രിയ നേതാവിന്റെ പിറന്നാളിനോടനുബന്ധിച്ച് വിപുലമായ ആഘോഷങ്ങളാണ് ബിജെപി നേതൃത്വവും അണികളും സംഘടിപ്പിച്ചിരിക്കുന്നത്. ഏറെ നിർണായകമായ ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് രാജ്യം അടുക്കുമ്പോൾ പ്രധാനമന്ത്രി പദത്തിൽ മൂന്നാം ഊഴം ഉറപ്പിക്കാൻ കരുക്കൾ നീക്കുകയാണ് മോദി.
ദ്വാരകയിൽ ‘യശോഭൂമി’ എന്നു പേരിട്ട ഇന്ത്യ അന്താരാഷ്ട്ര സമ്മേളന-പ്രദർശന കേന്ദ്രത്തിന്റെ (ഐഐസിസി) ഒന്നാം ഘട്ടം ഇന്ന് പ്രധാനമന്ത്രി നാടിനു സമർപ്പിക്കും. ഇതോടൊപ്പം ദ്വാരക സെക്ടർ 25ലെ മെട്രോ സ്റ്റേഷൻ ഉദ്ഘാടനവും നിർവഹിക്കും. പരമ്പരാഗത കരകൗശലത്തൊഴിലാളികൾക്ക് പിന്തുണ നൽകുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന വിശ്വകർമ പദ്ധതിക്കും ഇന്ന് തുടക്കം കുറിക്കും. മോദിയുടെ ജന്മദിനത്തിന് പുറമേ ഇന്ന് വിശ്വകർമ ജയന്തി ദിനം കൂടി ആചരിക്കുന്ന പശ്ചാത്തലത്തിലാണ് പദ്ധതിക്ക് തുടക്കം കുറിക്കുക.
പ്രാദേശിക ഘടകങ്ങളായി തിരിഞ്ഞാണ് ബിജെപി പരിപാടികൾ സംഘടിപ്പിക്കുന്നത്. ത്രിപുരയിലെ ബിജെപി ഘടകം 'നമോ വികാസ് ഉത്സവ്' എന്ന് പേരിട്ടാണ് ആഘോഷങ്ങൾ നടത്തുന്നത്. ഇതിന്റെ ഭാഗമായി മഹാ യോഗാഭ്യാസവും നടത്തുന്നുണ്ട്. ഡൽഹിയിലേയും തൃപുരയിലേയും മുതിർന്ന നേതാക്കൾ പങ്കെടുക്കുന്ന പരിപാടിക്ക് മുഖ്യമന്ത്രി മാണിക് സാഹ നേതൃത്വം നൽകും. നരേന്ദ്ര മോദിയുടെ ജന്മസ്ഥലമായ ഗുജറാത്തിൽ ഇന്ന് തുടങ്ങി ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ട് വരെ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
