ചോദ്യപേപ്പർ ചോർച്ചയ്ക്ക് തടവും കോടികളുടെ പിഴയും; പരീക്ഷാ നിയമഭേദഗതി ബിൽ ലോക്‌സഭ പാസാക്കി: പ്രധാന മാറ്റങ്ങൾ അറിയാം

2024 ഫെബ്രുവരിയിൽ പാർലമെന്റ് പാസാക്കുകയും ജൂണിൽ പ്രാബല്യത്തിൽ വരികയും ചെയ്ത മൂലനിയമത്തിലാണ് അടിയന്തര ഭേദഗതികൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
Lok Sabha passes Public Examinations Amendment Bill 2026
Lok Sabha passes Public Examinations Amendment Bill 2026
Edited By:
Updated on
2 min read

ന്യൂഡൽഹി: രാജ്യത്തെ മത്സരപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും തടയുന്നതിനായി വ്യവസ്ഥകൾ കൂടുതൽ കർശനമാക്കിക്കൊണ്ട് 'പൊതുപരീക്ഷാ (അനഭിലഷണീയ മാർഗ്ഗങ്ങൾ തടയൽ) ഭേദഗതി ബിൽ, 2026' (Public Examinations Amendment Bill, 2026) ലോക്‌സഭ ശബ്ദവോട്ടോടെ പാസാക്കി. മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിന്റെ രാജിയിലേക്ക് വരെ നയിച്ച നീറ്റ് പരീക്ഷാ വിവാദങ്ങൾക്കും വിദ്യാർഥി പ്രക്ഷോഭങ്ങൾക്കും തൊട്ടുപിന്നാലെയാണ് കേന്ദ്ര സർക്കാർ ഈ അടിയന്തര ഭേദഗതി നിയമനിർമ്മാണം സഭയിൽ കൊണ്ടുവന്നത്.

Lok Sabha passes Public Examinations Amendment Bill 2026
സ്പീക്കറുടെ സമവായം; പ്രതിപക്ഷം സഹകരിക്കും; പരീക്ഷാ ഭേദ​​ഗതി ബില്ലിൽ ഇന്ന് ലോക്സഭയിൽ ചർച്ച

ലോക്‌സഭ കടന്ന ബിൽ ഇനി രാജ്യസഭയുടെ അംഗീകാരത്തിന് ശേഷമാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ഒപ്പുവെക്കലിനായി സമർപ്പിക്കുക. 2024 ഫെബ്രുവരിയിൽ പാർലമെന്റ് പാസാക്കുകയും ജൂണിൽ പ്രാബല്യത്തിൽ വരികയും ചെയ്ത മൂലനിയമത്തിലാണ് അടിയന്തര ഭേദഗതികൾ ഉൾപ്പെടുത്തിയിരിക്കുന്നത്. അനുഭവങ്ങളിൽ നിന്ന് പഠിക്കാനും തിരുത്തലുകൾ വരുത്താനും സർക്കാർ സദ്ധമാണെന്ന് ഭേദഗതി ബിൽ സഭയിൽ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കുകയുണ്ടായി.

Lok Sabha passes Public Examinations Amendment Bill 2026
'ഇനിയും ഇങ്ങനെ തുടരാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സുപ്രീംകോടതി

2024-ലെ നിയമവുമായി താരതമ്യം ചെയ്യുമ്പോൾ ഭേദഗതി ബില്ലിൽ കൊണ്ടുവന്നിട്ടുള്ള പ്രധാന മാറ്റങ്ങൾ ഇനി പറയുന്നവയാണ്.

വ്യക്തികൾക്കുള്ള തടവുശിക്ഷയിലും പിഴയിലും വന്നിട്ടുള്ള മാറ്റങ്ങൾ

മത്സരപരീക്ഷകളിൽ ക്രമക്കേടുകളോ തട്ടിപ്പുകളോ നടത്തുന്ന വ്യക്തികൾക്കുള്ള തടവുശിക്ഷയിലും സാമ്പത്തിക പിഴയിലും വൻ വർദ്ധനവാണ് വരുത്തിയിട്ടുള്ളത്. 2024-ലെ നിയമപ്രകാരം തട്ടിപ്പ് നടത്തുന്ന വ്യക്തികൾക്ക് 3 മുതൽ 5 വർഷം വരെ തടവും പരമാവധി 10 ലക്ഷം രൂപ വരെ പിഴയുമായിരുന്നു ശിക്ഷ. എന്നാൽ പുതിയ 2026 ഭേദഗതി ബില്ലിൽ കുറഞ്ഞ തടവുശിക്ഷ 5 വർഷമായി ഉയർത്തി. പരമാവധി ശിക്ഷ 10 വർഷം വരെ ലഭിക്കാം. കൂടാതെ, പിഴ തുക 5 ഇരട്ടിയാക്കി പരമാവധി 50 ലക്ഷം രൂപയായി വർദ്ധിപ്പിച്ചു. അതേസമയം കേസിൽ ഉൾപ്പെടുന്ന പരീക്ഷാർത്ഥികളെ മുൻ നിയമത്തിലെന്നപോലെ തന്നെ ശിക്ഷാ നടപടികളുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Lok Sabha passes Public Examinations Amendment Bill 2026
10 കോടി പിഴ, 10 വര്‍ഷം തടവ്; മൂന്ന് മാസത്തിനകം വിധി; ചോദ്യചോര്‍ച്ച തടയാനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം

സ്വകാര്യ ഏജൻസികൾക്കുള്ള പിഴയും വിലക്കും

പരീക്ഷാ നടത്തിപ്പ്, ചോദ്യപേപ്പർ അച്ചടി, സാങ്കേതിക സഹായം എന്നിവ നിർവ്വഹിക്കുന്ന സേവനദാതാക്കളായ ഏജൻസികൾ തട്ടിപ്പിൽ പങ്കാളികളായാൽ നേരിടേണ്ടി വരുന്ന നടപടികളിലും കാതലായ മാറ്റമുണ്ട്. 2024 നിയമപ്രകാരം അഴിമതിയിൽ പങ്കാളികളാകുന്ന ഏജൻസികൾക്ക് പരമാവധി 1 കോടി രൂപ വരെ പിഴയും 4 വർഷത്തെ വിലക്കുമായിരുന്നു നിലനിന്നിരുന്നത്. എന്നാൽ 2026-ലെ ഭേദഗതിയിൽ ഏജൻസികൾക്കുള്ള പിഴ തുക 5 കോടി രൂപയായി ഉയർത്തി. ഇതിനുപുറമെ, ഇത്തരം ഏജൻസികളെ പൊതുപരീക്ഷാ ചുമതലകളിൽ നിന്ന് വിലക്കുന്ന കാലയളവ് 4 വർഷത്തിൽ നിന്ന് 8 വർഷമായി ഉയർത്തുകയും ചെയ്തു.

Lok Sabha passes Public Examinations Amendment Bill 2026
ബഹിരാകാശ ശാസ്ത്രജ്ഞന്‍ മുതല്‍ രഹസ്യാന്വേഷണ വിദഗ്ധന്‍ വരെ; പരീക്ഷാ സമ്പ്രദായം ലീക്ക്പ്രൂഫ് ആക്കാനുള്ള ഉന്നതതല സമിതിയിലെ ആറംഗങ്ങള്‍ ഇവര്‍

പരീക്ഷാ മാഫിയകളും സംഘടിത കുറ്റകൃത്യങ്ങളും

വ്യക്തികളും സ്ഥാപനങ്ങളും ഏജൻസികളും ചേർന്ന് നടത്തുന്ന സംഘടിത പരീക്ഷ തട്ടിപ്പുകൾക്ക് കടുത്ത ശിക്ഷയാണ് ഭേദഗതി ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 2024 ആക്റ്റിൽ സംഘടിത കുറ്റകൃത്യങ്ങൾക്ക് 5 മുതൽ 10 വർഷം വരെ തടവും കുറഞ്ഞത് 1 കോടി രൂപ പിഴയുമായിരുന്നു ശിക്ഷ. 2026 ഭേദഗതി ബില്ലിൽ കുറഞ്ഞ തടവുശിക്ഷ 7 മുതൽ 10 വർഷം വരെയായി ഉയർത്തി. പിഴ തുക കൃത്യമായി 10 കോടി രൂപയായി നിശ്ചയിക്കുകയും ചെയ്തു.

കേസന്വേഷണ സമയപരിധിയും അന്വേഷണ ഏജൻസികളും

കേസന്വേഷണങ്ങൾ അനിശ്ചിതമായി നീണ്ടുപോകുന്നത് തടയാൻ പുതിയ നിയമത്തിൽ അന്വേഷണ സംവിധാനങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. 2024-ലെ മൂലനിയമത്തിൽ കേസന്വേഷണം പൂർത്തിയാക്കുന്നതിന് പ്രത്യേക സമയപരിധി നിശ്ചയിച്ചിരുന്നില്ല, പൊലീസിനോ കേന്ദ്ര ഏജൻസികൾക്കോ ആയിരുന്നു അന്വേഷണ ചുമതല. എന്നാൽ 2026 ഭേദഗതി ബില്ലിൽ കേന്ദ്ര സർക്കാർ കേസ് റഫർ ചെയ്യുന്ന തീയതി മുതൽ 2 മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് വ്യക്തമാക്കുന്നു (സെക്ഷൻ 12A, 12B). കൂടാതെ അടിയന്തര അന്വേഷണങ്ങൾക്കായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനും ഭേദഗതി വ്യവസ്ഥ ചെയ്യുന്നു.

പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികളും വിചാരണ സമയപരിധിയും

2024-ലെ നിയമത്തിൽ സവിശേഷമായ ഫാസ്റ്റ് ട്രാക്ക് കോടതി വ്യവസ്ഥകളോ വിചാരണയ്ക്കുള്ള കൃത്യമായ സമയപരിധിയോ ഉണ്ടായിരുന്നില്ല. എന്നാൽ 2026 ഭേദഗതിയിൽ ഓരോ സംസ്ഥാനത്തും കേന്ദ്രഭരണ പ്രദേശത്തും ഹൈക്കോടതിയുമായി ആലോചിച്ച് സെഷൻസ് കോടതികളെ നിർബന്ധമായും ഫാസ്റ്റ് ട്രാക്ക് കോടതികളായി ചുമതലപ്പെടുത്തണമെന്ന് വ്യവസ്ഥ ചെയ്യുന്നു. ദിനംപ്രതിയുള്ള വിചാരണയിലൂടെ കുറ്റപത്രം സമർപ്പിച്ച് 3 മാസത്തിനകം വിചാരണ പൂർത്തിയാക്കണം. ഇതിനുപുറമെ, ഫാസ്റ്റ് ട്രാക്ക് കോടതി വിധിക്കെതിരെയുള്ള അപ്പീലുകൾ ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുക. ഹർജി സ്വീകരിച്ച് 3 മാസത്തിനകം ഹൈക്കോടതി അപ്പീലിൽ തീർപ്പ് കൽപ്പിക്കണമെന്നും പുതിയ ഭേദഗതി വ്യക്തമാക്കുന്നു.

Summary

The Lok Sabha has passed the Public Examinations (Prevention of Unfair Means) Amendment Bill, 2026; here is a complete explainer detailing the key changes, stringent punishments, fast-track judicial timelines, and heavy fines aimed at eliminating exam paper leaks.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com