'ഖാർഗെയുടെ വേദിയിലെ ശുദ്ധികലശം ക്രിമിനൽ കുറ്റം; എഫ്ഐആർ ഇടാൻ പ്രധാനമന്ത്രി നിർദ്ദേശിക്കണം': രാഹുൽ ഗാന്ധി

ഉത്തരാഖണ്ഡിൽ സംഭവം നടന്ന് 20 ദിവസമായിട്ടും നടപടിയില്ല. കുറ്റക്കാർക്കെതിരെ എസ്‌സി/എസ്‌ടി നിയമപ്രകാരം കേസെടുക്കണം
Mallikarjun Kharge, Rahul Gandhi
രാഹുൽ ​ഗാന്ധി, മല്ലികാർജുൻ ഖാർ​ഗെ
Edited By:
Updated on: 
2 min read

ന്യൂഡൽഹി: എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത പൊതുസമ്മേളന വേദിയിൽ ശുദ്ധികലശം നടത്തിയ നടപടി അത്യന്തം ഗുരുതരമായ ക്രിമിനൽ കുറ്റമാണെന്നും വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടണമെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ദലിത് വിഭാഗങ്ങൾ സമൂഹത്തിൽ മുന്നേറുന്നതും ആത്മാഭിമാനത്തോടെ ജീവിക്കുന്നതും അംഗീകരിക്കാൻ സാധിക്കാത്ത ബിജെപിയുടെയും ആർഎസ്എസിന്റെയും ജാതീയ മനോഭാവമാണ് ഇതിലൂടെ തുറന്നുകാട്ടപ്പെട്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് കോൺഗ്രസ് അധ്യക്ഷന് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ രാഹുൽ ഗാന്ധി ആഞ്ഞടിച്ചത്.

Mallikarjun Kharge, Rahul Gandhi
സോണിയയുടെ ആത്മകഥയില്‍ പെന്‍ഗ്വിന്‍ നിര്‍ദേശിച്ചത് മൂന്ന് 'വെട്ടുകള്‍'; പ്രസാധകര്‍ക്ക് മേല്‍ ബിജെപി സമ്മര്‍ദമെന്ന് കോണ്‍ഗ്രസ്

ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ ഖാർഗെ പ്രസംഗിച്ച വേദിയിൽ ശുദ്ധികലശം നടത്തിയിട്ട് 20 ദിവസം പിന്നിട്ടിട്ടും കുറ്റക്കാർക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. താൻ എല്ലാ ജാതിയിലുംപെട്ട ആളാണെന്നും രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും അവകാശപ്പെടുന്ന നരേന്ദ്ര മോദിയുടെ പാർട്ടിയുടെ ഉത്തരാഖണ്ഡ് സംസ്ഥാന അധ്യക്ഷൻ മഹേന്ദ്ര ഭട്ട് തന്നെ ഈ ശുദ്ധികലശത്തെ പരസ്യമായി ന്യായീകരിക്കുകയാണ് ചെയ്തത്. ആർഎസ്എസ് പ്രവർത്തകരാണ് ഈ ഹീനമായ പ്രവൃത്തിക്ക് പിന്നിൽ പ്രവർത്തിച്ചതെന്നും, കുറ്റക്കാർക്കെതിരെ പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പ്രധാനമന്ത്രി നിർദ്ദേശിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

Mallikarjun Kharge, Rahul Gandhi
മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; എസ് സി ഒ ഉച്ചകോടിയിലും പങ്കെടുക്കും

ഡോ ബി ആർ അംബേദ്കറും മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്‌റുവും മുന്നോട്ടുവെച്ച ഭരണഘടനാ മൂല്യങ്ങളും ആർഎസ്എസ്-ബിജെപി വിഭജന രാഷ്ട്രീയവും തമ്മിലുള്ള ആശയപരമായ പോരാട്ടമാണ് രാജ്യത്ത് നടക്കുന്നതെന്ന് രാഹുൽ ഗാന്ധി ഓർമ്മിപ്പിച്ചു. ദലിതർക്ക് നേരെയുള്ള അതിക്രമങ്ങൾ ഭരണഘടനാ വിരുദ്ധമാണെങ്കിലും, സ്കൂളുകളിൽ ഇന്നും ദലിത് കുട്ടികളെക്കൊണ്ട് കക്കൂസ് വൃത്തിയാക്കിക്കുന്നതും, പൊതു കിണറുകളിൽ നിന്ന് വെള്ളമെടുക്കാൻ അനുവദിക്കാത്തതും, ചായക്കടകളിൽ ദലിതർക്ക് പേപ്പർ കപ്പും മറ്റുള്ളവർക്ക് ചില്ലുകപ്പും നൽകുന്നതുമായ അങ്ങേയറ്റം നീചമായ വിവേചനങ്ങൾ രാജ്യത്ത് നിലനിൽക്കുന്നുണ്ട്. വിവാഹഘോഷയാത്രയിൽ കുതിരപ്പുറത്ത് കയറിയെന്ന പേരിൽ ആക്രമിക്കപ്പെടാതിരിക്കാൻ ദലിത് വരൻമാർ ഹെൽമെറ്റ് ധരിക്കേണ്ടിവരുന്നതാണ് ഇന്ത്യയിലെ ഇന്നത്തെ നേർക്കാഴ്ചയെന്നും അദ്ദേഹം തുറന്നടിച്ചു.

Mallikarjun Kharge, Rahul Gandhi
'യുഡിഎഫ് കേന്ദ്രങ്ങളിൽ വോട്ട് ചോർന്നു, പോസ്റ്ററുകൾ പോലുമൊട്ടിച്ചില്ല'; ബേപ്പൂരിലെ പരാജയത്തിൽ പിവി അൻവർ

മല്ലികാർജുൻ ഖാർഗെയ്ക്ക് പുറമെ രാജസ്ഥാനിലെ കോൺഗ്രസ് നേതാവ് ടിക്കാറാം ജൂലി, എൻഡിഎ മന്ത്രി ജിതൻ റാം മാഞ്ചി തുടങ്ങിയ ഉന്നത നേതാക്കളും പലപ്പോഴായി ഇത്തരം ശുദ്ധികലശ വിവേചനങ്ങൾക്ക് ഇരയായിട്ടുണ്ട്. ഒരു ദലിത് വ്യക്തി ജീവിതത്തിൽ വലിയ വിജയങ്ങൾ കൈവരിക്കുന്തോറും അവർക്കെതിരെയുള്ള ആക്രമണങ്ങളുടെ തീവ്രതയും വർദ്ധിക്കുകയാണ്. തൊട്ടുകൂടായ്മയുടെ മറ്റൊരു പേരാണ് ശുദ്ധികലശമെന്നും, ദളിതർ അശുദ്ധരാണെന്ന ചിന്താഗതിയാണ് ബിജെപി വെച്ചുപുലർത്തുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

ഓഗസ്റ്റ് എട്ടിന് ഹൽദ്വാനിയിലെ രാംലീല മൈതാനത്തായിരുന്നു മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത റാലി നടന്നത്. ഇതിന് പിന്നാലെ ഓഗസ്റ്റ് പത്തിന് ശ്രീരാമസേനയുടെ നേതൃത്വത്തിൽ വേദിയിൽ ശുദ്ധികലശം നടത്തുകയായിരുന്നു. തുടർന്ന് ഓഗസ്റ്റ് 13-ന് രാജ്യസഭയിൽ ഖാർഗെ തന്നെ ഈ വിഷയം ഉന്നയിക്കുകയും തൊട്ടുകൂടായ്മ നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പാർട്ടി ഇത്തരം നടപടികളെ അനുകൂലിക്കുന്നില്ലെന്നും വിഷയം അന്വേഷിക്കുമെന്നും സഭാ നേതാവ് കൂടിയായ കേന്ദ്രമന്ത്രി ജെപി നദ്ദ അന്ന് മറുപടി നൽകിയിരുന്നു. എന്നാൽ, പാർലമെന്റിലെ ഉറപ്പുകൾ പാഴ്വാക്കായി മാറിയ പശ്ചാത്തലത്തിലാണ് കോൺഗ്രസ് അധ്യക്ഷന് നീതി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി ഭരണകൂടത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

Summary

Leader of Opposition in the Lok Sabha Rahul Gandhi on Saturday launched a blistering attack on the BJP and RSS over the controversial 'shuddhikaran' (purification) ritual conducted at the venue where AICC President Mallikarjun Kharge addressed a rally in Haldwani, Uttarakhand.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com