

ചെന്നൈ: രാമക്ഷേത്രം രാഷ്ട്രീയ നേട്ടത്തിനുള്ള ചൂണ്ടയല്ലെന്ന് ബിജെപി ദേശീയ എക്‌സിക്യുട്ടീവ് അംഗം ഖുശ്ബു സുന്ദര്‍. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിച്ച തിങ്ക് എഡു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഖുശ്ബു.
ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് എഡിറ്റര്‍ സാന്ത്വാന ഭട്ടാചാര്യയുടെ അധ്യക്ഷതയില്‍ നടന്ന 'രാമക്ഷേത്ര പ്രതിഷ്ഠ' തെരഞ്ഞടുപ്പില്‍ എത്രമാത്രം പ്രതിഫലനമുണ്ടാക്കുമെന്ന ചര്‍ച്ചയിലായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം. രാമക്ഷേത്രത്തെ ഒരുരാഷ്ട്രീയ ചൂണ്ടയായി കാണാനാകില്ല. ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ച് ചെന്നൈയിലും കേരളത്തിലും ബിജെപി ഏറെ പിന്നിലാണ്. എന്നാലും ഇവിടങ്ങളില്‍ വലിയൊരു മുന്നേറ്റമാണ് ഉണ്ടാകാന്‍ പോകുന്നത്. ആറോ ഏഴോ വര്‍ഷത്തിനുള്ളില്‍ വലിയ മാറ്റമുണ്ടാകും. ഈ തെരഞ്ഞെടുപ്പ് ഞങ്ങള്‍ക്ക് വെല്ലുവിളി നിറഞ്ഞതാണ്. വലിയ മുന്നേറ്റം ഉണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഖുശ്ബു പറഞ്ഞു.
ബിജെപി ക്ഷേത്രങ്ങള്‍ പണിയുമ്പോള്‍ തമിഴ്‌നാട് സര്‍ക്കാര്‍ മധുരയില്‍ നിര്‍മിച്ച ലൈബ്രറി ചൂണ്ടിക്കാണിച്ച് പഠനക്ഷേത്രങ്ങളാണ് നിര്‍മ്മിക്കുന്നതെന്ന് ഡിഎംകെ വക്താവ് ശരവണന്‍ അണ്ണാദുരെ പറഞ്ഞു. രാമക്ഷേത്രപ്രതിഷ്ഠയിലൂടെ ബിജെപി രാഷ്ട്രീയനേട്ടം മാത്രമാണ് ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പില്‍ മറ്റൊന്നും ചര്‍ച്ചയാകരുതെന്ന് കരുതിയാണ് അവര്‍ പണിതീരുംമുന്‍പേ പ്രാണപ്രതിഷ്ഠ നടത്തിയത്. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതോടൊപ്പം വിദ്യാഭ്യാസത്തിന് നല്‍കുന്ന സര്‍ക്കാരാണ് തമിഴ്‌നാട്ടിലുളളതെന്നും ശരവണണന്‍ പറഞ്ഞു.
കേന്ദ്രം സര്‍ക്കാര്‍ ഫെഡറല്‍ തത്വങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുകയാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. സാധുവായ കാരണങ്ങളില്ലാതെയാണ് എംപിമാരെ സഭയില്‍ നിന്ന് സസ്പന്‍ഡ് ചെയ്യുന്നത്. രാഷ്ട്രീയാഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ തുടരുന്ന ഇത്തരം നടപടികളില്‍ മാറ്റം വരണമെന്നും ബ്രിട്ടാസ് പറഞ്ഞു. പാര്‍ലമെന്ററി ജനാധിപത്യം അംഗീകരിക്കാന്‍ തയ്യാറാവാതെ ഗൂഢതന്ത്രമാണ് അവര്‍ നടപ്പാക്കുന്നതെന്നും ബ്രിട്ടാസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
