

റായ്പൂർ: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ഗർബ, ദണ്ഡിയ നൃത്തപരിപാടികളിൽ നിന്ന് മുസ്ലിം സമുദായത്തിൽപ്പെട്ടവരെ ഒഴിവാക്കണമെന്ന വിശ്വഹിന്ദു പരിഷത്തിന്റെ ആവശ്യത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര സാമൂഹിക നീതി സഹമന്ത്രി രാംദാസ് അത്തേവാലെ. രാജ്യത്തെ നയിക്കുന്ന ഭരണഘടന എല്ലാ മതവിഭാഗങ്ങളിലെയും പൗരന്മാർക്ക് തുല്യ അവകാശങ്ങളാണ് ഉറപ്പുനൽകുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഛത്തീസ്ഗഢിലെ റായ്പൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (എ) നേതാവ് കൂടിയായ കേന്ദ്രമന്ത്രി.
വിഗ്രഹാരാധനയിൽ വിശ്വസിക്കാത്തവർ മതപരമായ ഉത്സവങ്ങളിൽ നിന്നും ഗർബ വേദികളിൽ നിന്നും വിട്ടുനിൽക്കണമെന്ന് മഹാരാഷ്ട്രയിലെ വിഎച്ച്പി നേതാക്കൾ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ ശക്തമായ പ്രതികരണം. സംഘടനയുടെ ഈ നിലപാട് തികച്ചും അനാവശ്യവും നീതീകരിക്കാനാവാത്തതുമാണെന്ന് അദ്ദേഹം തുറന്നടിച്ചു.
സാഹോദര്യവും സാംസ്കാരികമായ ഒത്തുചേരലുകളും ഇന്ത്യൻ സമൂഹത്തിന്റെ അടിസ്ഥാന ശിലകളാണെന്ന് രാംദാസ് അത്തേവാലെ പറഞ്ഞു. പരസ്പരം ആഘോഷങ്ങളിൽ പങ്കുചേരാൻ എല്ലാ മതവിഭാഗങ്ങൾക്കും പൂർണ്ണമായ അവകാശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
"ഹിന്ദുക്കളും മുസ്ലിംകളും സിഖുകാരും ക്രിസ്ത്യാനികളും ജൈനരും ബുദ്ധമതക്കാരും ലിംഗായത്തുകളും പാഴ്സികളും അടങ്ങുന്ന വൈവിധ്യമാർന്ന സമൂഹങ്ങളുടെ നാടാണ് ഇന്ത്യ. ഡോ. ബി.ആർ. അംബേദ്കർ രൂപകൽപ്പന ചെയ്ത ഇന്ത്യൻ ഭരണഘടന രാജ്യത്തെ ഓരോ പൗരനും തുല്യ നീതിയും സംരക്ഷണവുമാണ് വാഗ്ദാനം ചെയ്യുന്നത്. വ്യത്യസ്ത മതങ്ങളിലുള്ള ആളുകൾ പരസ്പരമുള്ള ആഘോഷങ്ങളിൽ പങ്കുചേരുന്നത് സ്വാഭാവികമാണ്. ലക്ഷക്കണക്കിന് ഹിന്ദുക്കൾ സന്ദർശിക്കുന്ന രാജസ്ഥാനിലെ അജ്മീർ ഷെരീഫ് ദർഗ ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്," മന്ത്രി വ്യക്തമാക്കി.
ജാതി അടിസ്ഥാനമാക്കിയുള്ള സംവരണത്തെക്കുറിച്ചുള്ള ചർച്ചകളിലും അത്തേവാലെ നിലപാട് വ്യക്തമാക്കി. സംവരണ നയങ്ങളെ എതിർക്കുന്നത് ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമാണ്. സമൂഹത്തിലെ അടിച്ചമർത്തപ്പെട്ടതും ദുർബലവുമായ ജനവിഭാഗങ്ങളെ ശാക്തീകരിക്കാനാണ് സംവരണം നടപ്പിലാക്കിയത്.
ഭരണഘടനയുടെ പതിനേഴാം അനുച്ഛേദംവഴി രാജ്യം അയിത്തം നിരോധിച്ചെങ്കിലും ദലിതർക്കും ആദിവാസികൾക്കും നേരെയുള്ള അതിക്രമങ്ങൾ ഇപ്പോഴും സമൂഹത്തിൽ തുടരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് നിന്ന് ജാതീയമായ ഉച്ചനീചത്വങ്ങൾ പൂർണ്ണമായി തുടച്ചുനീക്കപ്പെടുന്ന ദിവസം മാത്രമേ സംവരണം വേണ്ടെന്നുവെക്കാൻ ഈ ജനവിഭാഗങ്ങൾ തയ്യാറാകൂ എന്നും അതുവരെ സംവരണ സംവിധാനം കർശനമായി തുടരണമെന്നും കേന്ദ്രമന്ത്രി അടിവരയിട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates