

റാഞ്ചി: ഝാര്‍ഖണ്ഡില്‍ 802 കുപ്പി വിലക്കൂടിയ മദ്യം എലികള്‍ കുടിച്ചുതീര്‍ത്തതായി വിചിത്രവാദവുമായി ഏജന്‍സി. സംഭവം തട്ടിപ്പാണെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും പ്രതിപക്ഷ പാര്‍ട്ടിയായ ബിജെപി ആവശ്യപ്പെട്ടു.
ധന്‍ബാദ് ജില്ലയിലെ ബാലിയപൂരില്‍ നിന്നും പ്രധാന്‍കാന്തയില്‍ നിന്നുമുള്ള ഏജന്‍സി ഓപ്പറേറ്ററാണ് എലികള്‍ മദ്യം കുടിച്ചുതീര്‍ത്തതായി അവകാശപ്പെട്ടത്. സെപ്റ്റംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന സംസ്ഥാനത്തിന്റെ പുതിയ മദ്യനയത്തിന് മുന്നോടിയായി നടത്തിയ സ്റ്റോക്ക് കണക്കെടുപ്പിലാണ് സംഭവം പുറത്തറിഞ്ഞത്.
ബാലിയപൂരിലേക്കും പ്രധാന്‍കാന്തയിലേക്കും വിതരണം ചെയ്യുന്ന കടയില്‍ 802 കുപ്പി മദ്യത്തിന്റെ കുറവുണ്ടെന്ന് സ്റ്റോക്ക് പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. കുപ്പികളുടെ മൂടിയില്‍ ദ്വാരം ഉണ്ടാക്കി എലികളാണ് മദ്യം കുടിച്ചതെന്നാണ് ഏജന്‍സി ഓപ്പറേറ്റര്‍ വിശദീകരിച്ചത്.
എന്നാല്‍ ഇവരുടെ വിചിത്രവാദം അംഗീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. വ്യാപാരികളോട് നഷ്ടപരിഹാരം നല്‍കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. സംഭവം വിവാദമായതിന് പിന്നാലെ മദ്യക്കട പരിശോധിക്കാന്‍ ഒരു സംഘം രൂപീകരിച്ചതായും 802 മദ്യക്കുപ്പികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി കണ്ടെത്തിയതായും അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ രാംലീല റാവാനി പറഞ്ഞു. മദ്യക്കുപ്പി നഷ്ടമായതിന് ഏജന്‍സിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ടെന്നും റാവാനി പറഞ്ഞു.
മദ്യക്കുപ്പികള്‍ വിതരണം ചെയ്യുന്ന ഏജന്‍സിക്ക് നോട്ടീസ് അയച്ചുകൊണ്ട് പണം തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. എലികള്‍ മദ്യം കുടിച്ചു എന്ന് പറയുന്നത് അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ബിജെപി പ്രതിഷേധിച്ചു. 'ധന്‍ബാദില്‍ എലികള്‍ 802 കുപ്പി മദ്യം കുടിച്ചു, പക്ഷേ ഇതുവരെ ഒരു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇതെല്ലാം അഴിമതി മറയ്ക്കാനാണ്,'- സംസ്ഥാന ബിജെപി വക്താവ് പ്രതുല്‍ ഷാദിയോ പറഞ്ഞു. എസ്ഐടി രൂപീകരിച്ച് പ്രധാന ഗൂഢാലോചനക്കാരെയും പ്രധാന പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും ബിജെപി ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
