ന്യൂഡല്‍ഹി: നീറ്റ് പുനഃപരീക്ഷയിലെ ചോദ്യപ്പേപ്പറില്‍ രണ്ട് ഗുരുതരമായ പിഴവുകള്‍ ഉള്ളതായി റിപ്പോര്‍ട്ട്. ഫിസിക്‌സ് ചോദ്യപ്പേപ്പറിലാണ് രണ്ട് പിഴവുകള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്. ജൂണ്‍ 21ന് നടന്ന പുനഃപരീക്ഷ ചോദ്യപ്പേപ്പറിലാണ് പിഴവുകള്‍ ഉള്ളത്.
രണ്ട് ചോദ്യങ്ങളിലാണ് പിഴവുകള്‍ ഉണ്ടായിരുന്നത്. ഒരു ചോദ്യത്തിന്റെ ഉത്തരത്തിന് ഓപ്ഷന്‍ നല്‍കിയപ്പോള്‍ അതില്‍ ശരിയായ ഉത്തരങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) ഈ ചോദ്യം ഒഴിവാക്കുകയും പരീക്ഷയെഴുതിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നാല് ബോണസ് മാര്‍ക്ക് വീതം നല്‍കിയേക്കും. മറ്റൊരു ചോദ്യത്തിന് രണ്ട് ശരിയുത്തരങ്ങള്‍ ആണ് നല്‍കിയിരുന്നത്. ഇവ രണ്ടില്‍ ഏത് എഴുതിയവര്‍ക്കും മാര്‍ക്ക് നല്‍കും. ഈ വിഷയത്തില്‍ പ്രതികരണത്തിനായി ആവശ്യപ്പെട്ടെങ്കിലും എന്‍ടിഎയോ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമോ പ്രതികരിക്കാന്‍ തയ്യാറായില്ല.
ആകെ 180 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളാണ് പരീക്ഷയില്‍ ഉണ്ടായിരുന്നത്. ഓരോ ശരിയുത്തരത്തിനും നാല് മാര്‍ക്ക് വീതമാണ് ലഭിക്കുക. ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നിവയില്‍ നിന്ന് 45 ചോദ്യങ്ങള്‍ വീതം ആകെ 720 മാര്‍ക്കിനാണ് പരീക്ഷ നടത്തിയത്.
വെര്‍ണിയര്‍ കാലിപ്പേഴ്‌സുമായി ബന്ധപ്പെട്ട ചോദ്യത്തിന് നല്‍കിയിരിക്കുന്ന നാല് ഓപ്ഷനുകളും തെറ്റാണ്. രണ്ടാമത്തെ പിഴവ് വൈദ്യുതകാന്തിക തരംഗങ്ങളെക്കുറിച്ചുള്ള (ഇലക്ട്രോ മാഗ്നെറ്റിക് വേവ്‌സ്) ചോദ്യത്തിലാണ്. ഒരു ചോദ്യത്തിന് കൃത്യമായി ഒരു ഉത്തരം മാത്രമാണ് ഉണ്ടാകേണ്ടതെങ്കിലും, രണ്ട് ശരിയുത്തരങ്ങളാണ് നല്‍കിയിരിക്കുന്നത്.
നല്‍കിയിരിക്കുന്ന ഓപ്ഷനുകളില്‍ ഒന്നുപോലും ശരിയല്ലെങ്കിലോ, അല്ലെങ്കില്‍ ഒരു ചോദ്യം തെറ്റാണെന്ന് കണ്ട് ഒഴിവാക്കുകയോ ചെയ്താല്‍, പരീക്ഷയെഴുതിയ എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും ആ ചോദ്യം അറ്റന്‍ഡ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് നോക്കാതെ തന്നെ നാല് മാര്‍ക്ക് വീതം നല്‍കുമെന്നാണ് എന്‍ടിഎ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates