അഗര്ത്തല : ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് ബര്മനെതിരെ സംസ്ഥാനത്തെ ബിജെപിയില് രൂക്ഷമായ കലാപമാണ് നടക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തു നിന്നും ബിപ്ലബിനെ മാറ്റണമെന്നാണ് വിമതരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് വിമതപക്ഷം ഡല്ഹിയിലെത്തി കേന്ദ്രനേതാക്കളെ കണ്ടിരുന്നു. ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ, പാര്ട്ടി സംഘടനാ സെക്രട്ടറി ബി എല് സന്തോഷ് എന്നിവരെ കണ്ടും വിമതപക്ഷം പരാതികള് ഉന്നയിച്ചിരുന്നു.
ഇതേത്തുടര്ന്ന് വിമതരുടെ പരാതികള് പഠിക്കാനും സംസ്ഥാനത്തെ സ്ഥിതിഗതികള് വിലയിരുത്താനും ബിജെപി നേതാവ് വിനോദ് സോങ്കറിനെ കേന്ദ്രനേതൃത്വം ത്രിപുരയിലേക്ക് നിരീക്ഷകനായി വിട്ടിരുന്നു. നിരീക്ഷകന് താമസിച്ച ഗസ്റ്റ് ഹൗസിന് മുന്നില് ബിപ്ലബിനെ മാറ്റൂ, ബിജെപിയെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായാണ് വിമത പക്ഷം എത്തിയത്. ഹിന്ദിയിലാണ് ബിപ്ലബിനെതിരെ മുദ്രാവാക്യം ഉയര്ന്നത്.
വിമതനീക്കം ശക്തമായതോടെ മറുതന്ത്രവുമായി മുഖ്യമന്ത്രി ബിപ്ലബ് ദേബ് ബര്മ്മനും രംഗത്തെത്തി. പൊതുജനത്തെ വിളിച്ചു കൂട്ടി ജനസമ്മതി തെളിയിക്കാനാണ് ബിപ്ലബിന്റെ നീക്കം. ഈ മാസം 13 ന് ഉച്ചയ്ക്ക് രണ്ടുമണിയ്ക്ക് അഗര്ത്തലയിലെ അസ്താബാല് മൈതാനത്ത് ജനങ്ങളെവിളിച്ചുചേര്ത്ത് അവരുടെ അഭിപ്രായം കേള്ക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം.
താന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരണോ സ്ഥാനം ഒഴിയണോ എന്ന് ജനങ്ങള് പറയട്ടെ. ത്രിപുരയിലെ 37 ലക്ഷത്തോളം ജനങ്ങളോടും അഭിപ്രായം തേടും. അതിന് അനുസരിച്ച് തീരുമാനം കൈക്കൊള്ളാമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates