

ന്യൂഡല്‍ഹി: 2017-ലെ ഉന്നാവോ ബലാത്സംഗക്കേസില്‍ മുന്‍ ബിജെപി നേതാവ് കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി. ശിക്ഷ മരവിപ്പിക്കണമെന്ന സെന്‍ഗാറിന്റെ അപേക്ഷ വേനല്‍ക്കാല അവധിക്ക് മുമ്പായി വീണ്ടും കേള്‍ക്കാന്‍ സുപ്രീംകോടതി ബെഞ്ച് ഡല്‍ഹി ഹൈക്കോടതിക്ക് നിര്‍ദ്ദേശം നല്‍കി. കൂടാതെ, ജീവപര്യന്തം തടവിന് ശിക്ഷിച്ചതിനെതിരെയുള്ള അപ്പീല്‍ രണ്ട് മാസത്തിനുള്ളില്‍ തീര്‍പ്പാക്കാനും കോടതി ആവശ്യപ്പെട്ടു.
പോക്‌സോ നിമയത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഒരു എംഎല്‍എയെ പൊതുസേവകന്‍ ആയി കണക്കാക്കാമോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുനഃപരിശോധിക്കാനും ഹൈക്കോടതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. സെന്‍ഗാറിന് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കുമ്പോള്‍ തന്നെ കേസിന്റെ മെറിറ്റിനെക്കുറിച്ച് തങ്ങള്‍ യാതൊരു അഭിപ്രായവും പ്രകടിപ്പിച്ചിട്ടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. സെന്‍ഗാറിന് ജാമ്യം അനുവദിച്ചപ്പോള്‍ ഹൈക്കോടതി പ്രധാനമായും ചൂണ്ടിക്കാട്ടിയത്, പോക്‌സോ നിയമത്തിലെ സെക്ഷന്‍ 5(സി), ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 376(2) എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍ ഈ കേസില്‍ നിലനില്‍ക്കില്ല എന്നാണ്. ഈ വകുപ്പുകള്‍ പ്രകാരം ഒരു എംഎല്‍എയെ 'പൊതുസേവകന്‍' എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ മരവിപ്പിച്ചത്. എന്നാല്‍, ഹൈക്കോടതിയുടെ ഈ തീരുമാനം പോക്‌സോ നിയമത്തിന്റെ സംരക്ഷണ കവചത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും നിയമപരമായി നിലനില്‍ക്കില്ലെന്നും സിബിഐ വാദിച്ചു. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുക്കുമ്പോള്‍ ജീവപര്യന്തം ശിക്ഷ മരവിപ്പിക്കുന്നത് തെറ്റായ കീഴ്വഴക്കമാണെന്ന് അന്വേഷണ ഏജന്‍സി ചൂണ്ടിക്കാട്ടി. ഒരു എംഎല്‍എ 'പൊതുസേവകന്‍' അല്ലെന്ന ഹൈക്കോടതിയുടെ സാങ്കേതിക വ്യാഖ്യാനം കുട്ടികള്‍ക്ക് ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെ നല്‍കുന്ന സംരക്ഷണം ഇല്ലാതാക്കുമെന്ന് സിബിഐ പറഞ്ഞു. അധികാരം ദുരുപയോഗം ചെയ്യുന്നത് കുറ്റത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു എന്നാണ് നിയമം വിഭാവനം ചെയ്യുന്നതെന്നും സിബിഐ വ്യക്തമാക്കി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിന് ഇരയായ കേസില്‍ പോക്‌സോ നിയമത്തെ ഇത്തരത്തില്‍ ഇടുങ്ങിയ രീതിയില്‍ വ്യാഖ്യാനിക്കരുതെന്ന് ഹര്‍ജിയില്‍ പറയുന്നു. കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി പാര്‍ലമെന്റ് കൊണ്ടുവന്ന പ്രത്യേക നിയമത്തിന്റെ ലക്ഷ്യത്തെ തകര്‍ക്കുന്ന രീതിയിലാകരുത് കോടതിയുടെ ഇടപെടലുകള്‍. ദീര്‍ഘകാലം ജയിലില്‍ കിടന്നു എന്നത് മാത്രം പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്തത് പോലുള്ള ഹീനമായ കുറ്റകൃത്യങ്ങളില്‍ ശിക്ഷ മരവിപ്പിക്കാനുള്ള കാരണമാകില്ലെന്നാണ് സിബിഐ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കേസുകളില്‍ ശിക്ഷ മരവിപ്പിക്കുന്നത് അത്യപൂര്‍വ്വ സാഹചര്യങ്ങളില്‍ മാത്രമായിരിക്കണം എന്നതാണ് സുപ്രീംകോടതിയുടെ മുന്‍കാല ഉത്തരവുകളെന്നും സിബിഐ ഓര്‍മ്മിപ്പിച്ചു. സെന്‍ഗാറിനെപ്പോലെ സ്വാധീനമുള്ള ഒരാള്‍ പുറത്തിറങ്ങുന്നത് ഇരയുടെയും സാക്ഷികളുടെയും ജീവന് ഭീഷണിയാണെന്നും സിബിഐ ആശങ്ക പ്രകടിപ്പിച്ചു. ഇത് ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയിലുള്ള പൊതുജനവിശ്വാസം തകര്‍ക്കുമെന്നും സിബിഐ മുന്നറിയിപ്പ് നല്‍കി.
2019-ലാണ് ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ സെന്‍ഗാറിനെ പ്രത്യേക സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇരയുടെ പിതാവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ പത്ത് വര്‍ഷത്തെ തടവ് ശിക്ഷയും ഇയാള്‍ അനുഭവിക്കുന്നുണ്ട്. കഴിഞ്ഞ ജനുവരിയില്‍ രണ്ടാമത്തെ കേസില്‍ സെന്‍ഗാര്‍ നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates