'ചെറുതായൊന്ന് മാറി'; സോണിയയുടെ പുസ്തകത്തിന് എതിരെയുള്ള പ്രതിഷേധത്തില്‍ ബാല്‍ താക്കറെയുടെ ചിത്രംകീറി ശിവസേന നേതാവ്, വിവാദം

വിഡി സവര്‍ക്കറെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ പുസ്തകത്തിലുണ്ടെന്നും ചരിത്രത്തെ വളച്ചൊടിക്കാനാണ് ശ്രമമെന്നുമായിരുന്നു ശിവസേനയുടെ ആരോപണം
Shaina NC Tears Bal Thackeray's Photo During Protest Against Sonia Gandhi's Book.jpg
Shaina NC Tears Bal Thackeray's Photo During Protest Against Sonia Gandhi's Book
Updated on: 
2 min read

മുംബൈ: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പുതിയ പുസ്തകത്തിനെതിരെ ഏകനാഥ് ഷിന്‍ഡെ വിഭാഗം ശിവസേന നടത്തിയ പ്രതിഷേധം രാഷ്ട്രീയ വിവാദത്തില്‍. പ്രതിഷേധത്തിനിടെ ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ ചിത്രം അബദ്ധത്തില്‍ കീറിയ പാര്‍ട്ടി നേതാവ് ഷൈന എന്‍സിക്കെതിരെ ഉദ്ധവ് താക്കറെ വിഭാഗം ശിവസേനയും കോണ്‍ഗ്രസും രംഗത്തെത്തി. സോണിയ ഗാന്ധിയുടെ ഓര്‍മക്കുറിപ്പായ 'ബി്‌ലോങ്ങിങ്: എ ജേണി ഓഫ് ലവ്' എന്ന പുസ്തകത്തിനെതിരെയായിരുന്നു ബുധനാഴ്ച ശിവസേനയുടെ പ്രതിഷേധം. ഹിന്ദുത്വ സൈദ്ധാന്തികനായ വിഡി സവര്‍ക്കറെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ പുസ്തകത്തിലുണ്ടെന്നും ചരിത്രത്തെ വളച്ചൊടിക്കാനാണ് ശ്രമമെന്നുമായിരുന്നു ശിവസേനയുടെ ആരോപണം.

പുസ്തകത്തിന്റെ 201, 443 പേജുകളിലുള്ള പരാമര്‍ശങ്ങള്‍ പ്രസാധകരായ ഹാര്‍പ്പര്‍ കോളിന്‍സ് നീക്കം ചെയ്യണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പ്രതിഷേധത്തിന്റെ ഭാഗമായി ഷൈന എന്‍സി, സഞ്ജയ് നിരുപം, ആനന്ദ് ദുബെ തുടങ്ങിയ നേതാക്കള്‍ പുസ്തകത്തിന്റെ പേജുകള്‍ കീറുകയും ചെയ്തു. ഇതിനിടെയാണ് അപ്രതീക്ഷിത സംഭവം. കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ കോലം ബാല്‍ താക്കറെ ചെരിപ്പുകൊണ്ട് അടിക്കുന്ന പഴയ ചിത്രമാണ് ഷൈന എന്‍സി കീറിയത്. ചിത്രത്തില്‍ ബാല്‍ താക്കറെയുമുണ്ടായിരുന്നു. സഹപ്രവര്‍ത്തകനായ സഞ്ജയ് നിരുപം അബദ്ധം ചൂണ്ടിക്കാട്ടിയതോടെ കീറിയ ചിത്രം മറ്റ് പേപ്പറുകള്‍ക്കടിയില്‍ ഒളിപ്പിക്കാന്‍ ഷൈന ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

എന്നാല്‍, ബാല്‍ താക്കറെയുടെ ചിത്രമല്ല, മണിശങ്കര്‍ അയ്യരുടെ ചിത്രമാണ് താന്‍ കീറിയതെന്നായിരുന്നു ഷൈനയുടെ വിശദീകരണം. ബാല്‍ താക്കറെയെ അപമാനിച്ചെന്ന ആരോപണം അവര്‍ നിഷേധിക്കുകയും ചെയ്തു. സംഭവത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഉദ്ധവ് താക്കറെ വിഭാഗം നേതാവും എംപിയുമായ സഞ്ജയ് റാവത്ത് രംഗത്തെത്തി. ഇവരെ വ്യാജ ശിവസൈനികരെന്ന് വിശേഷിപ്പിച്ച അദ്ദേഹം ബാല്‍ താക്കറെയെ അപമാനിക്കുന്നവരെ പരസ്യമായി ചാട്ടവാറിനടിക്കണമെന്നും പ്രതികരിച്ചു. മുംബൈ മുന്‍ മേയര്‍ കിഷോരി പെഡ്‌നേക്കറും ഷൈനയ്‌ക്കെതിരെ രംഗത്തെത്തി. ബാല്‍ താക്കറെയെ അപമാനിക്കുന്നത് ആരും സഹിക്കില്ലെന്നും ഷിന്‍ഡെ വിഭാഗം അദ്ദേഹത്തോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നത് കാപട്യമാണെന്നും അവര്‍ ആരോപിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആസ്ഥാനത്തും ഉദ്ധവ് വിഭാഗം കോര്‍പ്പറേറ്റര്‍മാര്‍ പ്രതിഷേധിച്ചു. ഷൈനയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കളും സംഭവത്തെ അപലപിച്ചു. മഹാരാഷ്ട്രയുടെ അഭിമാനത്തെയും ബാല്‍ താക്കറെയെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കിന് ശിവസൈനികരുടെ വികാരങ്ങളെയുമാണ് സംഭവം വ്രണപ്പെടുത്തിയതെന്ന് മുംബൈ കോണ്‍ഗ്രസ് അധ്യക്ഷ വര്‍ഷ ഗെയ്ക്വാദ് പ്രതികരിച്ചു. സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ പൊലീസ് കേസെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് നാനാ പടോലെ ആവശ്യപ്പെട്ടു. വിവാദം ശക്തമായതോടെ ഷൈനയെ ഉപമുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഏകനാഥ് ഷിന്‍ഡെ നിയമസഭയില്‍ വിളിച്ചുവരുത്തി. ഷൈന അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി.

2004 ഓഗസ്റ്റ് 27ന് മുംബൈയിലെ ശിവജി പാര്‍ക്കില്‍ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു ബാല്‍ താക്കറെ മണിശങ്കര്‍ അയ്യരുടെ കോലത്തില്‍ ചെരിപ്പുകൊണ്ട് അടിച്ചത്. ഹിന്ദുത്വ സൈദ്ധാന്തികനായ വിഡി സവര്‍ക്കറെ അപമാനിച്ചെന്നാരോപിച്ചായിരുന്നു അന്നത്തെ കേന്ദ്ര പെട്രോളിയം മന്ത്രിയായിരുന്ന മണിശങ്കര്‍ അയ്യര്‍ക്കെതിരായ ശിവസേനയുടെ പ്രതിഷേധം. ഇതിന്റെ ചിത്രമാണ് ഇപ്പോഴത്തെ വിവാദത്തിന് കാരണമായത്.

Shaina NC Tears Bal Thackeray's Photo During Protest Against Sonia Gandhi's Book.jpg
'അവള്‍ ഇപ്പോഴും എന്റെ സുഹൃത്ത്'; രാഹുല്‍ വിദേശത്ത് പഠിച്ചത് കള്ളപ്പേരിലെന്ന് സോണിയ
Shaina NC Tears Bal Thackeray's Photo During Protest Against Sonia Gandhi's Book.jpg
ജഡ്ജി നിയമനം: നടപടിക്രമത്തില്‍ തീരുമാനത്തിന് 11 വര്‍ഷത്തെ കാലതാമസം; കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്
Shaina NC Tears Bal Thackeray's Photo During Protest Against Sonia Gandhi's Book.jpg
ഇസ്രയേലുമായി 1,976.40 കോടിയുടെ പ്രതിരോധ ഇടപാട്; നാവികസേനാ കപ്പലുകളിലെ മിസൈല്‍ സിസ്റ്റം നവീകരിക്കല്‍ കരാറില്‍ ഒപ്പുവെച്ചു
Summary

Shaina NC Tears Bal Thackeray's Photo During Protest Against Sonia Gandhi's Book, Sparks Row

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER