ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി പെയ്യുന്ന കനത്തമഴയില്‍ ചെന്നൈ നഗരത്തിന് സമീപമുള്ള ചെമ്പരപ്പാക്കം തടാകം നിറഞ്ഞു. ഷട്ടര്‍ തുറന്ന് വെള്ളം അഡയാര്‍ നദിയിലേക്ക് ഒഴുക്കി വിടുകയാണ്.
2015ല്‍ ചെമ്പരപ്പാക്കം തടാകം നിറഞ്ഞതിന് പിന്നാലെ അധിക വെള്ളം പുറത്തേയ്ക്ക് ഒഴുക്കിവിട്ടതിനെ തുടര്‍ന്ന് ചെന്നൈ നഗരത്തില്‍ വെള്ളപ്പൊക്കം ദുരിതം വിതച്ചിരുന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്റെ അടിയിലായതിനെ തുടര്‍ന്ന് ദിവസങ്ങളോളമാണ് നഗരവാസികള്‍ ദുരിതത്തില്‍ കഴിഞ്ഞത്. സമാനമായ നിലയില്‍ വീണ്ടും ഒരു വെള്ളപ്പൊക്കം ഉണ്ടാകുമോ എന്ന ഭീതിയും ജനങ്ങള്‍ക്കുണ്ട്.
നിലവില്‍ നിവാര്‍ ചുഴലിക്കാറ്റ് ചെന്നൈയില്‍ നിന്ന് 370 കിലോമീറ്റര്‍ അകലെയാണ്. ഇതിന്റെ സ്വാധീനഫലമായി കടല്‍ പ്രക്ഷുബ്ധമാണ്. തീരത്ത് കടലാക്രമണം രൂക്ഷമാണ്. ഇന്ന് രാത്രിയോടെ മഹാബലിപുരത്തിനും കാരയ്ക്കലിനും ഇടയില്‍ ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന. ചുഴലിക്കാറ്റ് കടന്നുപോകുന്ന സമയത്ത് വേഗത 145 കിലോമീറ്റര്‍ വരെ ആകാമെന്നാണ് ചെന്നൈ ഏരിയ സൈക്ലോണ്‍ വാര്‍ണിംഗ് സെന്റര്‍ ഡയറക്ടര്‍ നല്‍കുന്ന മുന്നറിയിപ്പ്. അതിനാല്‍ കനത്ത ജാഗ്രതയിലാണ് തമിഴനാട്.
ചെന്നൈ നഗരത്തിലെ കനത്തമഴയില്‍ ചെമ്പരപ്പാക്കം തടാകം അതിവേഗമാണ് നിറഞ്ഞത്. 24 അടിയാണ് തടാകത്തിന്റെ ശേഷി. ജലനിരപ്പ് 23 അടിയായാല്‍ 12 മണിയോടെ 1000 ക്യൂസെക്സ് വെള്ളം ഷട്ടര്‍ തുറന്ന് ഒഴുക്കി കളയുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ചാണ് നടപടികള്‍ സ്വീകരിച്ചത്. 2015ല്‍ തടാകത്തിന്റെ ഷട്ടര്‍ തുറന്നതാണ് ചെന്നൈ നഗരത്തെ ദുരിതത്തിലാഴ്ത്തിയ വെള്ളപ്പൊക്കത്തിന് ഒരു പ്രധാന കാരണം. ചുഴലിക്കാറ്റിനെ നേരിടാന്‍ ആന്ധ്രാ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ ദേശീയ ദുരന്തനിവാരണ സേനയിലെ 1200 ജീവനക്കാരെ വിന്യസിക്കും.
കരതൊടുന്ന സമയം കാറ്റിന്റെ വേഗത മണിക്കൂറില്‍ 145 കിമീ വരെ ആകാമെന്നാണ് കണക്കാക്കുന്നത്. അടുത്ത 12 മണിക്കൂറില്‍ ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്നാണ് ഐഎംഡി വ്യക്തമാക്കുന്നത്. വൈകീട്ട് ആറിനും എട്ടിനും ഇടയിലാവും കരതൊടുക. അതിനിടെ കാരയ്ക്കലില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളെ കാണാതായി. ഇവരുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു. കോസ്റ്റ്ഗാര്‍ഡ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
നിവാര്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ നിരവധി ട്രെയ്ന്‍-വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. പുതുച്ചേരിയില്‍ വ്യാഴാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തമിഴ്നാട്ടില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
നേവി, കോസ്റ്റ് ഗാര്‍ഡ്, ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ എന്നിവരെ ദുരന്ത സാധ്യത മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്. തീരദേശ മേഖലകളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതായി സര്‍ക്കാര്‍ അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ ജനം കര്‍ശനമായി പാലിക്കണം എന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
24 ട്രെയ്നുകളാണ് നിവാര്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണ റെയില്‍വേ റദ്ദാക്കിയത്. ചെന്നൈ തുറമുഖം അടച്ചിട്ടിരിക്കുകയാണ്. 2016ല്‍ വരദയും, 2018ല്‍ ഗജയേയും നേരിട്ട തമിഴ്നാടിന് ഇത്തവണ കോവിഡ് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സാമൂഹിക അകലം ഉറപ്പാക്കുന്നതിനായി ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 8,813 ആക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates