

ന്യൂഡല്‍ഹി: നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ തീരുമാനമെടുക്കാതെ വര്‍ഷങ്ങളോളം വൈകിച്ചാല്‍ ഭരണഘടനാപരമായി എന്താണ് പോംവഴിയെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. സംസ്ഥാന നിയമസഭ പാസാക്കുന്ന ബില്ലുകള്‍ക്ക് സ്ഥിരമായി അംഗീകാരം നല്‍കാതെ തടഞ്ഞുവെക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെങ്കില്‍, തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിനെ തെരഞ്ഞെടുക്കപ്പെടാത്ത ഗവര്‍ണറുടെ ഇഷ്ടാനുസരണം വിടുന്ന സാഹചര്യം ഉണ്ടാകാമെന്ന് പ്രസിഡൻഷ്യൽ റഫറൻസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെ സുപ്രീം കോടതി നിരീക്ഷിച്ചു.
ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഗവര്‍ണറുടെ ഇഷ്ടാനുസരണത്തോടെ ആയിരിക്കണം പ്രവര്‍ത്തിക്കേണ്ടത് എന്നാണോയെന്നും ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് ചോദിച്ചു. ഭരണഘടനയുടെ 200-ാം അനുച്ഛേദം പ്രകാരം ഗവര്‍ണര്‍ക്ക് ഒരു ബില്ലിന് അംഗീകാരം നല്‍കുന്നത് തടയാന്‍ കഴിയുമെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചതിനെ തുടര്‍ന്നാണ് സുപ്രീം കോടതി ഈ പരാമര്‍ശം നടത്തിയത്.
ബില്ലുകള്‍ പരിഗണിക്കാനും അവ അനന്തമായി മാറ്റിവയ്ക്കാനും ഗവര്‍ണര്‍ക്ക് ധാരാളം അധികാരങ്ങള്‍ ഉണ്ടായിരിക്കാമെന്ന് കോടതി അഭിപ്രായപ്പെട്ടു. ഭരണഘടനയില്‍ നിന്നാണ് എല്ലാവര്‍ക്കും അധികാരം ലഭിക്കുന്നതെന്ന് തുഷാര്‍ മേത്ത മറുപടി നല്‍കി. 'ഗവര്‍ണര്‍ ഒരു പോസ്റ്റ്മാന്‍ അല്ല. അദ്ദേഹം ഇന്ത്യന്‍ യൂണിയനെ (കേന്ദ്രം) പ്രതിനിധീകരിക്കുന്നു. പരോക്ഷ തെരഞ്ഞെടുപ്പിലൂടെ രാഷ്ട്രം തെരഞ്ഞെടുക്കുന്ന രാഷ്ട്രപതിയാണ് അദ്ദേഹത്തെ നിയമിക്കുന്നത്. ബില്ലുകള്‍ മാറ്റിവയ്ക്കാന്‍ തന്റെ വിവേചനാധികാരം ഉപയോഗിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഗവര്‍ണറുടെ ഓഫീസ് വെറും പോസ്റ്റ്മാനായി ചുരുങ്ങും. തുഷാര്‍ മേത്ത പറഞ്ഞു.
ബില്ലുകളില്‍ തീരുമാനമെടുക്കാതെവൈകിച്ചാല്‍ പോലും, ഗവര്‍ണറുടെ ജോലി കോടതിക്ക് ഏറ്റെടുക്കാനോ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാനോ സാധിക്കില്ലെന്ന് കേന്ദ്രത്തിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കട്ടരമണി പറഞ്ഞു. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയക്രമം നിശ്ചയിച്ച തമിഴ്‌നാട് കേസിലെ വിധിയുടെ ശരിതെറ്റുകള്‍ പരിശോധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. രാഷ്ട്രപതി ഉന്നയിച്ച നിയമപ്രശ്നങ്ങളില്‍ അഭിപ്രായമറിയിക്കുക മാത്രമാണ് തങ്ങളുടെ ദൗത്യമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates