

ന്യൂഡൽഹി: വ്യക്തിഗത ഉപഭോഗത്തിനായി ചെറിയ അളവിൽ ലഹരി മരുന്ന് കൈവശം വയ്ക്കുന്നത് ക്രിമിനൽ കുറ്റമല്ലാതാക്കണമെന്നു കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം. ഇത്തരം ആളുകൾക്ക് ജയിൽ ശിക്ഷയല്ല മറിച്ച് ഫലപ്രദമായ ചികിത്സയാണു നൽകേണ്ടതെന്നു കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള റവന്യു വകുപ്പിനോടു മന്ത്രാലയം ശുപാർശ ചെയ്തു. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമത്തിൽ കൂടുതൽ മാനുഷികമായ സമീപനം വേണമെന്നാണ് നിർദേശം.
ജയിൽ ശിക്ഷ ഒഴിവാക്കണം
മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും ആശ്രയിക്കുന്നവരേയും ഇരകളായി പരിഗണിക്കണം, ഇവരുടെ ആസക്തി ഇല്ലാതാക്കുന്നതിനായി പുനരധിവാസ കേന്ദ്രത്തിൽ പ്രവേശിപ്പിക്കണം, ജയിൽ ശിക്ഷ ഒഴിവാക്കണം തുടങ്ങിയ ഭേദഗതികളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ലഹരിക്കടത്ത്, ഉപയോഗം, വ്യാപാരം എന്നിവ തടയാൻ വ്യവസ്ഥ ചെയ്യുന്ന എൻഡിപിഎസ് നിയമത്തിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നതിന്റെ ഭാഗമായി വിവിധ മന്ത്രാലയങ്ങളിൽ നിന്നു റവന്യു വകുപ്പ് അഭിപ്രായങ്ങൾ തേടിയിരുന്നു.
ലഹരിക്കടത്തിനും വ്യാപാരത്തിനും കടുത്ത ശിക്ഷ
ഇന്ത്യയിൽ ലഹരി മരുന്ന് ഉപയോഗിക്കുന്നതും കൈവശം വയ്ക്കുന്നതും ക്രിമിനൽ കുറ്റമാണ്. എൻഡിപിഎസ് നിയമത്തിലെ 27–ാം വകുപ്പു പ്രകാരം ഒരു വർഷം വരെ തടവും 20,000 രൂപ വരെ പിഴയുമാണു ശിക്ഷ. അതേസമയം ലഹരിക്കടത്ത്, വ്യാപാരം എന്നിവയിലുൾപ്പെട്ടവർക്കാണു കടുത്ത ശിക്ഷ ഉറപ്പാക്കേണ്ടതെന്നാണു മന്ത്രാലയത്തിന്റെ നിലപാട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates