'ഞങ്ങള്‍ ഭിക്ഷക്കാരല്ല, ഇങ്ങനെയെങ്കിൽ പിന്നെ ചർച്ചയെന്തിന്?'; യുപിയിൽ സമാജ് വാദി പാർട്ടിക്കെതിരെ കോൺ​ഗ്രസ്

ചർച്ചകൾ തുടരണമോയെന്ന് പാർട്ടി നേതൃത്വവുമായി ആലോചിക്കുമെന്നും ഇമ്രാൻ മസൂദ് പറഞ്ഞു
Rahul Gandhi, Akhilesh Yadav
രാഹുൽ​ഗാന്ധി, അഖിലേഷ് യാദവ് ഫയൽ
Edited By:
Updated on: 
1 min read

ന്യൂഡൽഹി: ഉത്തർ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള സീറ്റ് ചർച്ച നടക്കുന്നതിനിടെ, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച സമാജ് വാദി പാർട്ടിയുടെ നടപടിക്കെതിരെ കോൺ​ഗ്രസ് രം​ഗത്ത്. സഖ്യചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത് സഖ്യത്തിന്റെ തീരുമാനങ്ങൾക്ക് വിരുദ്ധമാണെന്ന് ഉത്തർ പ്രദേശ് കോൺ​ഗ്രസ് വർക്കിങ് പ്രസിഡന്റും സഹാരൺപൂർ എംപിയുമായ ഇമ്രാൻ മസൂദ് വിമർശിച്ചു. ചർച്ചകൾ തുടരണമോയെന്ന് പാർട്ടി നേതൃത്വവുമായി ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ഇവിടെ എന്താണ് നടക്കുന്നതെന്ന് അറിയില്ല. ഈ വിഷയത്തിൽ ഗൗരവക്കുറവുണ്ടെന്ന് തോന്നുന്നു. ഒരു വശത്ത് ചർച്ചകൾ നടക്കുമ്പോൾ തന്നെ, മറുവശത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇത് കാര്യങ്ങളെ ഗൗരവമായി കാണുന്നില്ല എന്നതിൻ്റെ സൂചനയാണ്" ഇമ്രാൻ മസൂദ് പറഞ്ഞു. 403 സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ സമാജ് വാദി പാർട്ടിക്ക് (SP) സ്വാതന്ത്ര്യമുണ്ട്. പിന്നെ എന്തിനാണ് കോൺഗ്രസുമായി ചർച്ചകൾ നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.

"ഡല്‍ഹിയില്‍ സഖ്യവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ നടക്കുന്നു. അതിനിടെ ഒരു പ്രഖ്യാപനം വരുന്നു. ചര്‍ച്ചകള്‍ 26 സീറ്റുകള്‍ സംബന്ധിച്ചാണ് എന്ന്. കോണ്‍ഗ്രസ് 26 സീറ്റ് എന്ന ആവശ്യം ഉന്നയിച്ചിട്ടില്ല. ഞങ്ങള്‍ ഭിക്ഷക്കാരല്ല." ഇമ്രാന്‍ മസൂദ് തുറന്നടിച്ചു. "ഒരു വശത്ത്, സഖ്യധർമ്മത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നീണ്ട കുറിപ്പ് എഴുതുന്നു; മറുവശത്ത്, സഖ്യധർമ്മത്തിന് വിരുദ്ധമായി ഏകപക്ഷീയമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്യുന്നു." സീറ്റുകൾക്കായി യാചിക്കാൻ കോൺഗ്രസ് ഇല്ലെന്നും പരസ്പര ബഹുമാനത്തോടെയുള്ള ധാരണയാണ് വേണ്ടതെന്നും ഇമ്രാൻ മസൂദ് പറഞ്ഞു.

403 നിയമസഭാ മണ്ഡലങ്ങളുള്ള ഉത്തർപ്രദേശിൽ 26 സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് സമാജ്‌വാദി പാർട്ടി വാഗ്ദാനം ചെയ്തതെന്നാണ് റിപ്പോർട്ട്. തുടക്കത്തിൽ 180 സീറ്റുകൾ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നെങ്കിലും പിന്നീട് ഇത് 130 സീറ്റുകളായി കുറച്ചിരുന്നു. ഇതിനിടെയാണ് എസ് പി ഏകപക്ഷീയമായി അഞ്ചു സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. തർക്കം തണുപ്പിക്കാനുള്ള ശ്രമവുമായി അഖിലേഷ് യാദവ് രം​ഗത്തുവന്നു. സീറ്റുകളുടെ എണ്ണത്തേക്കാൾ തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള സാധ്യതയ്ക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് അഖിലേഷ് കോൺഗ്രസിനോട് ആവശ്യപ്പെട്ടു.

Summary

SP’s unilateral candidate announcements irk Congress amid seat-sharing talks in UP

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER