

ചെന്നൈ: തുണിചുറ്റി പൂജ നടത്തിയാൽ റോഡരികിൽ സ്ഥാപിച്ച കല്ല് വിഗ്രഹമായി മാറില്ലെന്ന് മദ്രാസ് ഹൈക്കോടതി. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്കുള്ള വഴിമുടക്കി പൂജ നടത്തുന്ന കല്ല് എടുത്തു മാറ്റാൻ ആവശ്യപ്പെട്ടു കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. വഴിയോരത്തെ കല്ലിന് വിഗ്രഹപദവി കിട്ടിയിട്ടുണ്ടോ എന്നറിയാൻ വ്യക്തികൾക്ക് കോടതിയിൽ കയറേണ്ടിവരുന്നത് പരിഹാസ്യമാണെന്നും ജസ്റ്റിസ് ആനന്ദി വെങ്കടേഷിന്റെ ബെഞ്ച് അഭിപ്രായപ്പെട്ടു.
തന്റെ സ്ഥലത്തേക്കുള്ള വഴിതടസപ്പെട്ട് സ്ഥാപിച്ച കല്ല് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് ചെന്നൈ പല്ലാവരം സ്വദേശി കോടതിയെ സമീപിച്ചത്. കുമാരേശൻ എന്നയാൾ കല്ലു സ്ഥാപിച്ച് അതിനെ പച്ചത്തുണികൊണ്ട് പുതപ്പിച്ച് പൂജനടത്തിയതുകൊണ്ടാണ് വഴി തടസപ്പെട്ടത് എന്നാണ് പരാതിയിൽ പറഞ്ഞത്. വിഗ്രഹമാണെന്ന് പറഞ്ഞ് കല്ല് നീക്കം ചെയ്യാൻ പ്രദേശവാസികൾ സമ്മതിച്ചില്ല.
സമൂഹത്തിൽ അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്നതും ആളുകൾ മാറാൻ സമ്മതിക്കാത്തതും ദൗർഭാഗ്യകരമാണെന്നും കോടതി പറഞ്ഞു. ഇത്തരം സംഭവങ്ങളിൽ നടപടിയെടുക്കാതെ കോടതിയിലേക്ക് വിടുന്ന അധികൃതർക്കെതിരെയും ജസ്റ്റിസ് വിമർശനം ഉന്നയിച്ചു. ഒരാഴ്ചയ്ക്കകം കല്ലുനീക്കി മാർഗതടസം ഒഴിവാക്കാൻ പല്ലാവരം അസിസ്റ്റന്റ് പൊലീസ് കമ്മിഷണർക്ക് നിർദേശം നൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates