ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രകടനപത്രികകള്‍ നിയന്ത്രിക്കുന്നതിനും, അതില്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ പാലിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളെ ബാധ്യസ്ഥരാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും നിര്‍ദ്ദേശിക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി. അഭിഭാഷകനായ അശ്വിനി കുമാര്‍ ഉപാധ്യായയാണ്, ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് മുമ്പാകെ, 2022-ലെ പൊതുതാല്‍പ്പര്യ ഹര്‍ജി മെന്‍ഷന്‍ ചെയ്തത്.
ഹര്‍ജി പരിഗണനയ്ക്കായി ലിസ്റ്റ് ചെയ്യണമെന്ന അഭ്യര്‍ത്ഥന ചീഫ് ജസ്റ്റിസ് അംഗീകരിച്ചു. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളെ ബാധ്യസ്ഥരാക്കുന്നതിന് ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ നിയമ നീതിമന്ത്രാലയത്തോട് നിര്‍ദ്ദേശിക്കണമെന്നാണ് 2022-ല്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ചിഹ്നം അസാധുവാക്കുന്നതിനും, അവരുടെ രജിസ്‌ട്രേഷനോ അംഗീകാരമോ റദ്ദാക്കുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടനപത്രികകള്‍ നിയന്ത്രിക്കുന്നതിന് കേന്ദ്രസര്‍ക്കാരോ തെരഞ്ഞെടുപ്പ് കമ്മീഷനോ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പ്രകടന പത്രിക രാഷ്ട്രീയ പാര്‍ട്ടികളുടെ വിഷന്‍ ഡോക്യുമെന്റാണ്. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ നടപ്പാക്കുന്ന കാര്യങ്ങളാണ് അതില്‍ പറയുന്നത്. അതുകൊണ്ടു തന്നെ അതു നടപ്പിലാക്കാന്‍ നിയമപരമായി ബാധ്യസ്ഥരാക്കേണ്ടതുണ്ട്. സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങളില്‍ സംസ്ഥാന ഫണ്ടിലെ പൊതുപണത്തിന് അധികഭാരമുണ്ടാക്കുന്ന തരത്തിലുള്ള അതിശയോക്തിപരമായ വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ വിട്ടുനില്‍ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates