

ന്യൂഡല്‍ഹി: മണിപ്പൂരില്‍ ഭരണഘടന സംവിധാനവും ക്രമസമാധാന പാലനവും തകര്‍ന്നെന്ന് സുപ്രീംകോടതി. മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കാന്‍ സംസ്ഥാന പൊലീസ് അശക്തരാണെന്ന് തെളിയിച്ചിരിക്കുകയാണ്. സംസ്ഥാന പൊലീസിന് നിയന്ത്രണം നഷ്ടപ്പെട്ട സ്ഥിതിയാണ് നിലനില്‍ക്കുന്നതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. വെള്ളിയാഴ്ച കോടതി മുന്‍പാകെ ഹാജരാകാന്‍ മണിപ്പൂര്‍ ഡിജിപിയോട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിര്‍ദേശിച്ചു.
മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരു കൂട്ടം ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. ഇന്ന് പ്രധാനമായും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളാണ് വാദഗതികള്‍ മുന്നോട്ടുവെച്ചത്. വാദം കേട്ട സുപ്രീംകോടതി സംസ്ഥാന പൊലീസിനെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. മണിപ്പൂരില്‍ ക്രമസമാധാന പാലനം തകര്‍ന്നെന്ന് നിരീക്ഷിച്ച കോടതി, മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കാന്‍ സംസ്ഥാന പൊലീസ് അശക്തരാണെന്നും ചൂണ്ടിക്കാണിച്ചു. അന്വേഷണം ഇഴഞ്ഞാണ് നീങ്ങുന്നത്. എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്. ചുരുക്കം പേരെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ. ഈ പശ്ചാത്തലത്തില്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ മണിപ്പൂര്‍ ഡിജിപിയോട് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് നേരിട്ട് ഹാജരാകാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.
പീഡനത്തിന് ഇരയായ സ്ത്രീയെ പൊലീസാണ് ആള്‍ക്കൂട്ടത്തിന് കൈമാറിയത് എന്നാണ് ഹര്‍ജി നല്‍കിയ സ്ത്രീ പറയുന്നതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. വിഷയത്തില്‍ പൊലീസ് ആരെയെങ്കിലും അറസ്റ്റ് ചെയ്‌തോ? ഈ മാസങ്ങളിലെല്ലാം ഡിജിപി അത് കണ്ടെത്താന്‍ ശ്രദ്ധിച്ചോ? ഡിജിപി എന്താണ് ചെയ്തത്? പ്രതികളെ കണ്ടെത്തേണ്ടത് അദ്ദേഹത്തിന്റെ ഡ്യൂട്ടിയല്ലേ? എന്തുകൊണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ല എന്ന കാര്യം പൊലീസ് ഉദ്യോഗസ്ഥരോട് ചോദിച്ചോ? പൊലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ അദ്ദേഹം തയ്യാറായോ എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് എത്രപേരെ അറസ്റ്റ് ചെയ്തു എന്നു ചീഫ് ജസ്റ്റിസ് ചോദിച്ചു. ഏഴുപേരെ അറസ്റ്റ് ചെയ്തതായി സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. 6000 എഫ്‌ഐആറുകളില്‍ ഇതുവരെ ഏഴു പേരെ മാത്രമാണോ അറസ്റ്റ് ചെയ്തതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates