

ന്യൂഡൽഹി: ദേശീയ ഗീതമായ വന്ദേമാതരത്തിലെ ആറ് ചരണങ്ങളും നിർബന്ധമായും ആലപിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തിനും, ഇതിൽ വീഴ്ച വരുത്തുന്നത് ക്രിമിനൽ കുറ്റമാക്കുന്നതുമായ ശിക്ഷാ നിയമത്തിനും എതിരെ സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി സുപ്രീം കോടതി. പ്രമുഖ കർണാടക സംഗീതജ്ഞൻ ടി.എം. കൃഷ്ണ നൽകിയ പൊതുതാൽപ്പര്യ ഹർജി പരിഗണിച്ചാണ് പരമോന്നത കോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഭരണഘടനയുടെ അനുച്ഛേദം 32 പ്രകാരം സമർപ്പിച്ച റിട്ട് ഹർജിയിൽ, ദേശീയ ബഹുമതികളെ അപമാനിക്കുന്നത് തടയുന്നതിനുള്ള 1971-ലെ നിയമത്തിൽ കൊണ്ടുവന്ന 2026-ലെ ഭേദഗതി നിയമത്തിലെ സെക്ഷൻ 3-ന്റെയും, 2026 ജനുവരി 28, ജൂലൈ 9 തീയതികളിലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉത്തരവുകളുടെയും ഭരണഘടനാ സാധുതയാണ് ടി.എം. കൃഷ്ണ പ്രധാനമായും ചോദ്യം ചെയ്തിരിക്കുന്നത്. 1971-ലെ നിയമത്തിലെ സെക്ഷൻ മൂന്നിൽ വരുത്തിയ 2026-ലെ ഭേദഗതി പ്രകാരം, ദേശീയ ഗാനമോ ദേശീയ ഗീതമോ ആലപിക്കുന്നത് മനഃപൂർവ്വം തടസ്സപ്പെടുത്തുകയോ, അത്തരം ആലാപനത്തിൽ ഏർപ്പെട്ടിരിക്കുന്ന സദസ്സിന് ശല്യമുണ്ടാക്കുകയോ ചെയ്യുന്ന വ്യക്തിക്ക് മൂന്ന് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.
ദേശീയ ചടങ്ങുകളിലെ ഔദ്യോഗിക പ്രോട്ടോക്കോൾ നിശ്ചയിക്കുന്നതിനപ്പുറം പൗരന്മാരെ നിർബന്ധിതമായി സമ്മർദ്ദത്തിലാക്കുന്നതാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവുകളെന്ന് ഹർജിയിൽ വാദിക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവുകൾ പ്രകാരം ആറ് ചരണങ്ങളുള്ള സമ്പൂർണ്ണ ഗാനമാണ് 'ഔദ്യോഗിക പതിപ്പായി' നിശ്ചയിച്ചിട്ടുള്ളത്. നിർദ്ദിഷ്ട സർക്കാർ, ഔദ്യോഗിക, സാംസ്കാരിക ചടങ്ങുകളിൽ ഇത് കൂട്ടമായി ആലപിക്കണമെന്നും വ്യവസ്ഥയുണ്ട്. ഭരണകൂടത്തിന്റെ ഇത്തരം കർശന നിർദ്ദേശങ്ങൾക്കൊപ്പം പുതിയ ക്രിമിനൽ ശിക്ഷാ ബാധ്യത കൂടി ചേരുമ്പോൾ, ആറ് ചരണങ്ങളും പാടാൻ ജനങ്ങൾ നിയമപരമായി നിർബന്ധിതരാകുന്ന സ്ഥിതിവിശേഷമാണ് ഉണ്ടാകുന്നതെന്ന് ഹർജി ചൂണ്ടിക്കാട്ടുന്നു.
വന്ദേമാതരം രാജ്യത്തിന്റെ അഭിമാന ഗീതമാണെന്നതിൽ യാതൊരു തർക്കവുമില്ലെന്ന് വ്യക്തമാക്കിയ കോടതി, എന്നാൽ ശിക്ഷാ നടപടികൾ വ്യവസ്ഥ ചെയ്യുന്ന നിയമത്തിലെ വകുപ്പുകൾ ഭരണഘടനയുടെ അനുച്ഛേദം 25, 26 എന്നിവ പൗരന്മാർക്ക് ഉറപ്പുനൽകുന്ന മത-മനസ്സാക്ഷി സ്വാതന്ത്ര്യവുമായി പൊരുത്തപ്പെടുന്നതാണോ എന്ന് പരിശോധിക്കാമെന്ന് വ്യക്തമാക്കി. വന്ദേമാതരത്തിലെ അവസാനത്തെ നാല് ചരണങ്ങൾ പ്രത്യേക ഹൈന്ദവ ദേവതകളെ പ്രകീർത്തിക്കുന്നതാണെന്നും, ആ വരികൾ മുഴുവൻ ആലപിക്കുന്നത് നിയമപരമായി നിർബന്ധമാക്കുന്നത് രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് വിരുദ്ധമാണെന്നും ടി.എം. കൃഷ്ണയ്ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഡോ. എസ്. മുരളീധർ വാദിച്ചു. വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ വിശദീകരണം ലഭിച്ച ശേഷം കോടതി തുടർനടപടികളിലേക്ക് കടക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates