

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമം, 2025-ന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളിലെ വാദം കേള്‍ക്കല്‍ സുപ്രീം കോടതി 2027 ജനുവരി 21-ലേക്ക് മാറ്റി. കേസില്‍ കക്ഷികളായവരോട് ഡിസംബര്‍ 31-നകം വാദമുഖങ്ങളും രേഖകളും സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, പി ബി വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
'ഇന്റര്‍ലോക്യൂട്ടറി അപേക്ഷകള്‍ സമര്‍പ്പിച്ച കക്ഷികള്‍ക്ക്, രണ്ടാഴ്ചയ്ക്കുള്ളില്‍ റിട്ട് ഹര്‍ജികള്‍ സമര്‍പ്പിക്കാന്‍ അനുമതി നല്‍കുന്നു.' സുപ്രീംകോടതി വ്യക്തമാക്കി. സമര്‍പ്പിക്കപ്പെട്ട രേഖാമൂലമുള്ള വാദങ്ങള്‍ക്ക് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മറുപടി നല്‍കണം. 2026 ഡിസംബര്‍ 31-നകം നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
അഞ്ച് പ്രധാന ഹര്‍ജികളെ വേര്‍തിരിച്ചതായും, മറ്റ് 135 ഹര്‍ജികള്‍ ഇന്റര്‍ലോക്യൂട്ടറി അപേക്ഷകളായി മാറ്റിയതായും നോഡല്‍ കൗണ്‍സില്‍ കോടതിയെ അറിയിച്ചു. എല്ലാ കക്ഷികള്‍ക്കും രേഖാമൂലമുള്ള വാദങ്ങള്‍ സമര്‍പ്പിക്കാമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. അമിതമായ ഹര്‍ജികളുടെ ബാഹുല്യം ഒഴിവാക്കാന്‍ 2025 ഏപ്രില്‍ 17-ലെ ഉത്തരവ് പ്രകാരം അഞ്ച് പ്രധാന ഹര്‍ജികള്‍ മാത്രമാണ് പരിഗണനയ്ക്കെടുത്തതെന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.
പാര്‍ലമെന്റ് പാസാക്കിയ വഖഫ് (ഭേദഗതി) ബില്‍, 2025-ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 15-ന് സുപ്രീം കോടതി, വഖഫ് (ഭേദഗതി) നിയമം, 2025-ലെ ചില സുപ്രധാന വ്യവസ്ഥകള്‍ സ്റ്റേ ചെയ്തിരുന്നു. എന്നാല്‍, നിയമം ഭരണഘടനാപരമാണെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തില്‍, നിയമം പൂര്‍ണ്ണമായും സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു. 20 അംഗങ്ങളുള്ള സെന്‍ട്രല്‍ വഖഫ് കൗണ്‍സിലില്‍ അമുസ്ലീം അംഗങ്ങളുടെ എണ്ണം നാലില്‍ കൂടരുതെന്നും, 11 അംഗങ്ങളുള്ള സംസ്ഥാന വഖഫ് ബോര്‍ഡുകളില്‍ അമുസ്ലിം അംഗങ്ങളുടെ എണ്ണം മൂന്നില്‍ കൂടരുതെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates