

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നടത്തിയ അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ അറസ്റ്റിലായ അശോക സര്‍വകലാശാല അസോ. പ്രൊഫസര്‍ അലി ഖാന്‍ മഹ്മൂദാബാദിന് ഇടക്കാലജാമ്യം. കര്‍ശന ഉപാധികളോടെ സുപ്രീം കോടതിയാണ് അലി ഖാന്‍ മഹ്മൂദാബാദിന് ജാമ്യം അനുവദിച്ചത്. മഹ്മൂദാബാദിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. അഭിപ്രായ പ്രകടനം നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്, എന്നാല്‍ അതിന്റെ സമയം പ്രധാനമാണെന്നും വിലകുറഞ്ഞ പ്രശസ്തിക്കായി പ്രതികരണങ്ങള്‍ നടത്തരുത് എന്നും അലി ഖാന്‍ മഹ്മൂദാബാദിനോട് കോടതി ചൂണ്ടിക്കാട്ടി. ജാമ്യം അനുവദിച്ചെങ്കിലും അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.
ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍ കെ. സിങ് എന്നിവരടങ്ങിയ ബെഞ്ചായിരുന്നു അലി ഖാന്‍ മഹ്മൂദാബാദിന്റെ ജാമ്യഹര്‍ജി പരിഗണിച്ചത്. ''സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന് എല്ലാവര്‍ക്കും അവകാശമുണ്ട്. പക്ഷേ, സംസാരിക്കേണ്ട സമയം ഇതായിരുന്നോ? ചെകുത്താന്‍മാര്‍ നമ്മുടെ ജനങ്ങളെ ആക്രമിച്ചു. നമ്മള്‍ ഒന്നിച്ചു പ്രതിരോധിക്കണം. ഈ സമയത്ത് എന്തിനാണ് വിലകുറഞ്ഞ പ്രശസ്തി ആഗ്രഹിക്കുന്നത്'', എന്നായിരുന്നു ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് സൂര്യകാന്ത് ഉയര്‍ത്തിയ ചോദ്യം.
മതസ്പര്‍ദ്ധയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെയല്ല അലി ഖാന്‍ സാമൂഹികമാധ്യമത്തില്‍ കുറിപ്പ് പോസ്റ്റ് ചെയ്തത് എന്ന് അലി ഖാന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍ പറഞ്ഞു. അലി ഖാന്റെ ഭാര്യ ഒമ്പതുമാസം ഗര്‍ഭിണിയാണെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു. തുടര്‍ന്നാണ് കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് നവ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ എഴുതുകയോ പ്രതികരിക്കുകയോ ചെയ്യരുത്. പഹല്‍ഗാം ആക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ എന്നിവയെ കുറിച്ച് അഭിപ്രായം പറയരുത്. പാസ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ ഹാജരാക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates