പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംഎക്സ്പ്രസ് ഇലസ്ട്രേഷന്‍

75 കോടി ഇന്ത്യന്‍ മൊബൈല്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു; അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം

ലക്ഷക്കണക്കിന് ഇന്ത്യന്‍ മൊബൈല്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ട് ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ്
Published on

ന്യൂഡല്‍ഹി: ലക്ഷക്കണക്കിന് ഇന്ത്യന്‍ മൊബൈല്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ട് ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ്. കമ്പനികളുടെ സിസ്റ്റത്തില്‍ സുരക്ഷാ ഓഡിറ്റ് നടത്താന്‍ ടെലികോം സര്‍വീസ് ദാതാക്കളോട് ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദേശിച്ചു.

75 കോടി ഇന്ത്യന്‍ മൊബൈല്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു എന്ന് സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ ക്ലൗഡ്‌സെക്കിന്റെ അവകാശവാദത്തിന് പിന്നാലെയാണ് നടപടി. ഉപയോക്താക്കളുടെ 1.8ടിബി ഡേറ്റാബേസ് ഹാക്കര്‍മാര്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നതായാണ് കഴിഞ്ഞയാഴ്ച ക്ലൗഡ്‌സെക്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ഹാക്കര്‍മാര്‍ നിഷേധിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. നിയമ സംവിധാനങ്ങളില്‍ നിന്ന് തന്നെയാണ് ഡേറ്റ ശേഖരിച്ചത് എന്നാണ് ഹാക്കറുടെ വിശദീകരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പേര്, മൊബൈല്‍ നമ്പര്‍, മേല്‍വിലാസം, ആധാര്‍ വിവരങ്ങള്‍ അടക്കം 75 ലക്ഷം ഇന്ത്യന്‍ മൊബൈല്‍ ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നെന്നാണ് ക്ലോഡ്‌സെക്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ടെലികോം ഓപ്പറേറ്റര്‍മാരോട് അവരുടെ സിസ്റ്റങ്ങളില്‍ സുരക്ഷാ ഓഡിറ്റ് നടത്താനാണ് ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ചോര്‍ന്ന വിവരങ്ങള്‍ പഴയതാണെന്ന് ടെലികോം ഓപ്പറേറ്റര്‍മാര്‍ അനൗദ്യോഗികമായി ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അതിനാല്‍ അപകടസാധ്യതയില്ലെന്നാണ് ടെലികോം ഓപ്പറേറ്റര്‍മാര്‍ പറഞ്ഞത് എന്നും ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നിരുന്നാലും മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന് ഓപ്പറേറ്റര്‍മാരോട് ആവശ്യപ്പെടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പ്രതീകാത്മക ചിത്രം
മാലിദ്വീപ് 'വേണ്ട'; ടൂറിസം റാങ്കിങ്ങില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തേയ്ക്ക് താഴ്ന്നു, 2003ല്‍ നമ്പര്‍ വണ്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com