Narendra Modi
നരേന്ദ്ര മോദി പിടിഐ

'ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നത്'; അപലപിച്ച് രാഷ്ട്രപതി, പിന്നിലുള്ളവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി

ഭീകരാക്രമണവാര്‍ത്തയില്‍ അഗാധമായ ദുഃഖമുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
Published on

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനവുമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഇത് നിന്ദ്യവും മനുഷ്യ രഹിതവുമായ പ്രവൃത്തിയാണെന്ന് രാഷ്ട്രപതി എക്‌സില്‍ കുറിച്ചു.

നിസംശയമായും അപലപിക്കപ്പെടേണ്ടതാണ്. നിരപരാധികളായ പൗരന്‍മാരെ, ഈ സാഹചര്യത്തില്‍ വിനോദ സഞ്ചാരികളെ ആക്രമിക്കുന്നത് അങ്ങേയറ്റം ഭയാനകവും മാപ്പര്‍ഹിക്കാത്തതുമാണ്. ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. ഭീകരാക്രമണത്തിന് പിന്നിലുള്ളവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരതയ്‌ക്കെതിരെ പോരാടാനുള്ള ദൃഢനിശ്ചയം അചഞ്ചലമാണ്, അത് കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി സൗദി അറേബ്യയിൽ എത്തിയ പ്രധാനമന്ത്രി ഭീകരാക്രമണത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഫോണിൽ സംസാരിച്ചു.

ഭീകരാക്രമണം അപലപനീയവും ഹൃദയഭേദകവുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഭീകരതക്കെതിരെ രാജ്യം മുഴുവന്‍ ഒറ്റക്കെട്ടാണ്. കാശ്മീരിലെ സ്ഥിതി സാധാരണമാണെന്ന പൊള്ളയായ അവകാശവാദങ്ങള്‍ ഉന്നയിക്കരുത്. സര്‍ക്കാര്‍ കൃത്യമായ നടപടി സ്വീകരിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല പറഞ്ഞു. ഭീകരാക്രമണവാര്‍ത്തയില്‍ അഗാധമായ ദുഃഖമുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രതികരിച്ചു. ഭീകരാക്രമണത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അപലപിച്ചു. ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ആക്രമണത്തെ അപലപിക്കുകയും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com