ഒരേ ചിതയില്‍ മടക്കം; ബിപിന്‍ റാവത്തിനും മധുലികയ്ക്കും വിട നല്‍കി രാജ്യം

ഡല്‍ഹി ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം
മക്കൾ ചിതയ്ക്ക് തീകൊളുത്തുന്നു/ എഎൻഐ ചിത്രം
മക്കൾ ചിതയ്ക്ക് തീകൊളുത്തുന്നു/ എഎൻഐ ചിത്രം
Updated on
2 min read

ന്യൂഡല്‍ഹി: ഊട്ടി കൂനൂരില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലികയുടേയും ഭൗതികദേഹം സംസ്‌കരിച്ചു. ഡല്‍ഹി ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. 17 ഗണ്‍ സല്യൂട്ടോടെയാണ് രാജ്യം സര്‍വസേനാധിപന് വിടചൊല്ലിയത്. 

ഒരേ ചിതയിലാണ് ജനറല്‍ ബിപിന്‍ റാവത്തിനും ഭാര്യ മധുലികയേയും അടക്കിയത്. മക്കളായ കൃതികയും തരുണിയും ചിതയില്‍ അഗ്നി പകര്‍ന്നു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ഒപ്പമുണ്ടായിരുന്നു. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍, വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ജനറല്‍ ബിപിന്‍ റാവത്തിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തി. 

ഡല്‍ഹി കാംരാജ് നഗറിലെ വസതിയില്‍ നിന്നും വിലാപയാത്രയായി മൃതദേഹം ബ്രാര്‍ ശ്മശാനത്തിലേക്ക് കൊണ്ടുപോന്നപ്പോള്‍ വന്‍ പൗരാവലിയാണ് അമര്‍ രഹേ വിളികളുമായി മൃതദേഹത്തെ അനുഗമിച്ചത്. ആയിരക്കണക്കിന് ജനങ്ങള്‍ വിലാപയാത്ര കടന്നുപോകുന്ന വഴിയില്‍ ജനറലിന് അന്തിമാഭിവാദ്യം അര്‍പ്പിക്കാനായി തടിച്ചുകൂടിയിരുന്നു. 

ആദരവർപ്പിച്ച് രാജ്യം

ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍, പ്രമുഖരും സാധാരണക്കാരും അടക്കം ആയിരക്കണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണ, കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍, ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല, മുന്‍ കരസേനാ മേധാവിയും കേന്ദ്രമന്ത്രിയുമായ വി കെ സിങ്, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കര്‍ഷക സമര സംഘടന നേതാവ് രാകേഷ് ടിക്കായത്ത്, കരസേനാ മേധാവി ജനറല്‍ എം എം നാരാവ്‌നെ, വ്യോമസേന മേധാവി എയര്‍ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരി, നാവികസേന മേധാവി അഡ്മിറൽ ആര്‍ ഹരികുമാര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. 

അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ അയല്‍സേനാ മേധാവിമാരും

അയല്‍ രാജ്യങ്ങളായ ശ്രീലങ്കയുടെ സംയുക്തസേനാ മേധാവി ജനറല്‍ ഷാവേന്ദ്ര സില്‍വ, ലങ്കന്‍ മുന്‍ സംയുക്ത സേനാ മേധാവിയും ബിപിന്‍ റാവത്തിന്റെ സുഹൃത്തും സഹപാഠിയുമായ അഡ്മിറല്‍ രവീന്ദ്ര ചന്ദ്രസിരി വിജെഗുണരത്‌നെ, റോയല്‍ ഭൂട്ടാന്‍ ആര്‍മി ഡെപ്യൂട്ടി ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ ബ്രിഗേഡിയര്‍ ദോര്‍ജി റിന്‍ചെന്‍, നേപ്പാള്‍ കരസേനാ മേധാവി സുപ്രോബല്‍ ജനസേവാശ്രീ ലെഫ്റ്റനന്റ് ജനറല്‍ ബാല്‍ കൃഷ്ണ കര്‍കി, ബംഗ്ലാദേശ് സേനാ പ്രിന്‍സിപ്പല്‍ സ്റ്റാഫ് ഓഫീസര്‍ ലെഫ്റ്റനന്റ് ജനറല്‍ വാകര്‍ ഉസ് സമാന്‍ എന്നിവരും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. 

അന്തിമോപചാരം അർപ്പിച്ച് പ്രമുഖർ

രാവിലെ ജനറലിന്റെ ഔദ്യോഗിക വസതിയിലെത്തി ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, എ കെ ആന്റണി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഹരീഷ് റാവത്ത്, ഡിഎംകെ നേതാക്കളായ കനിമൊഴി, എ രാജ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഫ്രഞ്ച് സര്‍ക്കാരിന്റെ പ്രതിനിധി ഇമ്മാനുവല്‍ ലെന്യന്‍, ഇസ്രായേല്‍ പ്രതിനിധി നോര്‍ ഗിലോണ്‍ തുടങ്ങിയവരും ജനറല്‍ റാവത്തിനും ഭാര്യ മധുലികയ്ക്കും അന്തിമോപചാരം അര്‍പ്പിച്ചു. ഇവരെ കൂടാതെ പൊലീസ്, സൈനിക ഉദ്യോഗസ്ഥരും പൊതുജനങ്ങളും അടക്കം നിരവധി ആളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com