

റാഞ്ചി: ഭരണ പ്രതിസന്ധി തുടരുന്ന ഝാർഖണ്ഡിൽ നിന്നു ഹൈദരാബാദിലേക്ക് പോകാനുള്ള ജെഎംഎം- കോൺഗ്രസ്- ആർജെഡി എംഎൽഎമാരുടെ ശ്രമത്തിനു തിരിച്ചടി. മോശം കാലാവസ്ഥയെ തുടർന്നു റാഞ്ചി ബിർസ മുണ്ട വിമാനത്തവളത്തിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കിയതോടെ എംഎൽഎമാരുടെ യാത്ര മുടങ്ങി.
സർക്കാരുണ്ടാക്കാൻ ഇന്നും ഗവർണർ ക്ഷണിക്കാതിരുന്നതോടെയാണ് ഝാർഖണ്ഡിൽ നാടകീയ നീക്കങ്ങൾ. അട്ടിമറി നീക്കം സംശയിച്ചു ഹൈദരാബാദിലേക്ക് പോകാനായി റാഞ്ചി വിമാനത്താവളത്തിലെത്തിയ എംഎൽഎമാർ വിമാനത്തിൽ കയറിയിരുന്നു. റദ്ദാക്കിയതോടെ തിരിച്ചിറങ്ങി.
കനത്ത മൂടൽ മഞ്ഞിനെ തുടർന്നാണ് എല്ലാ വിമാനങ്ങളും റദ്ദാക്കിയത്. 43 എംഎൽഎമാരാണ് സംഘത്തിലുള്ളത്.
അതിനിടെ ബിജെപി എന്തിനും ശ്രമിക്കുമെന്നു പിസിസി അധ്യക്ഷൻ രാജേഷ് ഠാക്കൂർ പ്രതികരിച്ചു. എംഎൽഎമാരെ ബിജെപി റാഞ്ചുന്നത് തടയാൻ ശ്രമിക്കുകയാണെന്നു ജെഎംഎം പറയുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജെഎംഎം നിർദ്ദേശിച്ച ചംപയ് സോറനും എംഎൽഎമാർക്കൊപ്പം വിമാനത്താവളത്തിലുണ്ടായിരുന്നു.
ഝാർഖണ്ഡ് ഗവർണർ സിപി രാധാകൃഷ്ണൻ ചംപയ് സോറനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാതിരുന്നതോടെയാണ് എംഎൽഎമാരെ സംസ്ഥാനത്തു നിന്നു പുറത്തേക്ക് നീക്കാൻ ശ്രമം ആരംഭിച്ചത്. ചംപയ് സോറൻ രാജ്ഭവനിലെത്തി ഭൂരിപക്ഷം തെളിയിക്കുന്ന വീഡിയോ ഗവർണർക്ക് കൈമാറിയിരുന്നു. ഭൂരിപക്ഷം തെളിയിക്കുന്ന കത്തും കൈമാറി. എന്നാൽ അനുമതി നൽകിയില്ലെന്നു ചംപയ് സോറൻ പ്രതികരിച്ചു.
നടപടികൾ ഉടൻ തുടങ്ങുമെന്നു രാജ്ഭവൻ വ്യക്തമാക്കി. 47 എംഎൽഎമാരുടെ പിന്തുണക്കത്ത് ഭരണ സഖ്യം ഗവർണർക്ക് നൽകി. എന്നാൽ തീരുമാനം അറിയിക്കാതെ ഗവർണർ അവരെ മടക്കി അയച്ചു. ഇതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates