

ന്യൂഡല്‍ഹി: പ്രഭാത നടത്തവും യോഗയുമാണ് സില്‍ക്യാര ടണലില്‍ കുടുങ്ങിയ സമയത്ത് ആത്മവിശ്വാസത്തോടെ കഴിയാന്‍ സഹായിച്ചതെന്ന് രക്ഷപ്പെട്ട തൊഴിലാളി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെലഫോണില്‍ സംസാരിക്കുമ്പോഴാണ് ബിഹാര്‍ സ്വദേശിയായ തൊഴിലാളി സാബ അഹമ്മദിന്റെ വെളിപ്പെടുത്തല്‍.
ടണലില്‍ കുടുങ്ങിയെങ്കിലും തങ്ങള്‍ക്ക് ഭയമോ ആശങ്കയോ ഉണ്ടായിരുന്നില്ല. ഞങ്ങള്‍ സഹോദരങ്ങളെപ്പോലെ ഒരുമിച്ചായിരുന്നു. രാത്രി ഭക്ഷണത്തിന് ശേഷം തുരങ്കത്തില്‍ ചുറ്റിനടന്നു. രാവിലത്തെ പ്രഭാത നടത്തത്തെപ്പറ്റിയും യോഗ ചെയ്യുന്നതിനെപ്പറ്റിയും സംസാരിച്ചു. ദിവസവും രാവിലെ ടണലിലൂടെ രണ്ടു കിലോമീറ്റര്‍ തങ്ങള്‍ പ്രഭാതസവാരി നടത്തിയിരുന്നു.
വിദേശരാജ്യത്ത് കുടുങ്ങിപ്പോയ ഇന്ത്യാക്കാരെ വരെ കേന്ദ്രസര്‍ക്കാര്‍ രക്ഷപ്പെടുത്തുന്നു. ഞങ്ങള്‍ ഞങ്ങളുടെ രാജ്യത്താണ്. ഞങ്ങളെ സര്‍ക്കാര്‍ രക്ഷപ്പെടുത്തുമെന്ന് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഒരു ആശങ്കയും ഉണ്ടായിരുന്നില്ല. തങ്ങളോടുള്ള കരുതലിന് ഉത്തരാഖണ്ഡ് സര്‍ക്കാരിനും മുഖ്യമന്ത്രി ധാമിക്കും കേന്ദ്രമന്ത്രി വികെ സിങ്ങിനോടും പ്രത്യേകം നന്ദി പറയുന്നതായും സാബ അഹമ്മദ് പറഞ്ഞു.
ടണലില്‍ നിന്നും രക്ഷപ്പെടുത്തിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി, രക്ഷാപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് രക്ഷപ്പെട്ട മറ്റു തൊഴിലാളികള്‍ നന്ദി പറഞ്ഞു. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രി ധാമിക്കും താന്‍ ജോലി ചെയ്യുന്ന കമ്പനിക്കും കേന്ദ്രസര്‍ക്കാരിനും രക്ഷാപ്രവര്‍ത്തനത്തില്‍ രാവും പകലും പ്രവര്‍ത്തിച്ച റെസ്‌ക്യൂ ടീമുകള്‍ക്കും ഉത്തരാഖണ്ഡില്‍ നിന്നുള്ള തൊഴിലാളി ഗബ്ബര്‍ സിംഗ് നേഗി നന്ദി അറിയിച്ചു.
ഇത്രയും അപകടകരമായ അവസ്ഥയില്‍ നിന്നും സുരക്ഷിതമായി തിരിച്ചെത്തിയ നിങ്ങളെ ഓരോരുത്തരെയും അഭിനന്ദിക്കുന്നുവെന്ന് മോദി പറഞ്ഞു. സന്തോഷം പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല. 17 ദിവസം എന്നത് ചെറിയ കാലയളവല്ല. നിങ്ങള്‍ ധൈര്യശാലികളാണ്. മറ്റുള്ളവരിലേക്കും ധൈര്യം പകര്‍ന്നു. എല്ലാവരും സുരക്ഷിതമായി തിരിച്ചെത്തിയത് ദൈവകൃപയാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
സംസാരിക്കുന്നതിന് മുമ്പ് തൊഴിലാളികളുടെ വൈദ്യപരിശോധന നടത്തി ആരോഗ്യകരമായി സുരക്ഷിതരാണോ എന്ന് ഉറപ്പുവരുത്താന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു. രക്ഷപ്പെട്ട തൊഴിലാളികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് തൊഴിലാളികളുമായി മോദി സംസാരിച്ചത്. ആവശ്യമായ ചികിത്സകള്‍ക്ക് ശേഷം തൊഴിലാളികളെ അവരവരുടെ വീടുകളിലേക്ക് എത്തിക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ പ്രധാനമന്ത്രി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിക്ക് നിര്‍ദേശം നല്‍കി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates