

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ തെരുവുനായകളെയെല്ലാം പിടികൂടി കൂട്ടിലടയ്ക്കണമെന്ന് സുപ്രീംകോടതി ഉത്തരവിനെ വിമര്‍ശിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ദശാബ്ദങ്ങളായി നാം പിന്തുടരുന്ന മാനുഷികവും ശാസ്ത്രീയവുമായ നയങ്ങളെ പിന്നിലോട്ട് തള്ളുന്നതാണ് കോടതി വിധിയെന്ന് രാഹുല്‍ ഗാന്ധി സമൂഹമാധ്യമ കുറിപ്പില്‍ വിമര്‍ശിച്ചു.
ഈ മിണ്ടാപ്രാണികള്‍ തുടച്ചുനീക്കപ്പെടേണ്ട പ്രശ്‌നങ്ങളല്ല. തെരുവുനായകളെ പിടികൂടി മാറ്റുന്നത് ക്രൂരവും, അനുകമ്പ ഇല്ലാത്തതുമായ പ്രവൃത്തിയാണ്. ഷെല്‍ട്ടറുകള്‍, വന്ധ്യംകരണം, കുത്തിവെയ്പ്പ്, കമ്മ്യൂണിറ്റി കെയര്‍ എന്നിവ ഉറപ്പാക്കാന്‍ അധികൃതര്‍ തയ്യാറാകണം. പൊതുജന സുരക്ഷയ്‌ക്കൊപ്പം മൃഗസ്‌നേഹവും ഒരുമിച്ച് പോകുന്നുവെന്ന് ഉറപ്പാക്കണം. രാഹുല്‍ ഗാന്ധി കുറിച്ചു.
ഡൽഹിയിലെ തെരുവുനായ്ക്കളെയെല്ലാം എട്ടാഴ്ചയ്ക്കുള്ളിൽ ഷെൽട്ടറുകളിലേക്ക് മാറ്റണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. നായകളെ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിക്കഴിഞ്ഞാൽ ഒരു കാരണവശാലും അവയെ തെരുവിലേക്ക് വിടരുത്. തെരുവുനായ്ക്കളെ മാറ്റുന്നതിൽ വീഴ്ചയുണ്ടായാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് മുന്നറിയിപ്പ് നൽകി.
എല്ലാ പ്രദേശങ്ങളിൽനിന്നും നായ്ക്കളെ പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റണം. അതുവരേക്കും നിയമം മറന്നേക്കൂ. ഇത് പൊതുജന നന്മയ്ക്കു വേണ്ടിയാണ്. ഇതിൽ ഒരു തരത്തിലുള്ള വികാരവും ഉൾപ്പെടുന്നില്ല. എത്രയും പെട്ടെന്ന് നടപടിയെടുത്തേ തീരൂവെന്ന് ജസ്റ്റിസ് പർദിവാല പറഞ്ഞു. നായ്ക്കൾക്ക് ഷെൽട്ടറുകൾ സജ്ജമാക്കാൻ മുൻസിപ്പാലിറ്റികളും മറ്റ് ഏജൻസികളും ഒന്നിച്ച് പ്രവർത്തിക്കണമെന്നും കോടതി നിർദേശം നൽകി. ഡൽഹിയിൽ പേവിഷബാധയേറ്റുള്ള മരണം നായകളുടെ ആക്രമണവും വർധിച്ചതോടെയാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
