അമൃത്സര്‍: മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിക്കുന്നവരെ പരസ്യമായി തൂക്കിലേറ്റണമെന്ന് കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു. അമൃത്സറിലെ സുവര്‍ണക്ഷേത്രത്തിലും കപൂര്‍ത്തലയിലെ ഗുരുദ്വാരയിലും അരങ്ങേറിയ ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് സിദ്ദു പ്രകോപനപരമായ പരാമര്‍ശം നടത്തിയിരിക്കുന്നത്.
'ഏത് മതഗ്രന്ഥങ്ങള്‍ അപമാനിക്കപ്പെട്ടാലും, അത് വിശുദ്ധ ഖുറാനോ ഭഗവദ് ഗീതയോ ഗുരു ഗ്രന്ഥ സാഹിബോ ആയിക്കൊള്ളട്ടെ, അത്തരക്കാരെ പരസ്യമായി തൂക്കിലേറ്റണം' സിദ്ദു പറഞ്ഞു. പഞ്ചാബിലെ സമാധാനം തകര്‍ക്കാനായി ചിലര്‍ ഗൂഢാലോചന നടത്തുന്നതായും സിദ്ദു ആരോപിച്ചു.
ഇതുപോലെ മതവികാരം വ്രണപ്പെടുത്താനുള്ള ശ്രമങ്ങള്‍ അബദ്ധത്തില്‍ സംഭവിക്കുന്നതല്ല. സമൂഹത്തെ ദുര്‍ബലപ്പെടുത്താനും തകര്‍ക്കാനുമുള്ള ബോധപൂര്‍വമായ ശ്രമങ്ങളുടെ ഭാഗമാണ്. ഗുരു സാഹിബ് അടിസ്ഥാനശിലപാകിയ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ശക്തമായ അടിത്തറയിലാണ് പഞ്ചാബ് നിലനില്‍ക്കുന്നത്. ഒരു വിഭജന ശക്തികള്‍ക്കും പഞ്ചാബിന്റെ ശക്തമായ സാമൂഹിക അടിത്തറ തകര്‍ക്കാനാകില്ല. മതവികാരം വ്രണപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ക്ക് അതിന് തക്കതായ ശിക്ഷകള്‍ തന്നെ നല്‍കണം.-സിദ്ദു പറഞ്ഞു.
മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് കൊലപാതകങ്ങള്‍
കഴിഞ്ഞ ദിവസങ്ങളില്‍ മണിക്കൂറുകള്‍ക്കിടയിലുണ്ടായ രണ്ട് സംഭവങ്ങളില്‍ രണ്ടുപേര്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റ് സംസ്ഥാനത്ത് മരിച്ചിരുന്നു. ആദ്യ സംഭവം ശനിയാഴ്ച ഉച്ചയ്ക്ക് അമൃത്സറിലെ സുവര്‍ണ ക്ഷേത്ര പരിസരത്ത് ആയിരുന്നു. രണ്ടാമത്തേത് ഞായറാഴ്ച കപുര്‍ത്തല ജില്ലയിലെ നിസാംപുരിലെ ഒരു ഗുരുദ്വാരയിലാണ് നടന്നത്.
സുവര്‍ണ ക്ഷേത്രത്തില്‍ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിന് മുന്നിലുള്ള വാളില്‍ തൊടാന്‍ ശ്രമിച്ച യുവാവിനെയാണ് ജനക്കൂട്ടം മര്‍ദിച്ചു കൊന്നത്. ദിവസേനയുള്ള പ്രാര്‍കത്ഥനയ്ക്കിടെ ആയിരുന്നു സംഭവം.
കപുര്‍ത്തല നിസാംപുരിലെ ഗുരുദ്വാരയില്‍ മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് പ്രാദേശവാസികള്‍ മറ്റൊരാളെ മര്‍ദിച്ച് കൊലുപ്പെടുത്തിയത്. എന്നാല്‍ ഇയാള്‍ മതവികാരം വ്രണപ്പെടുത്തിയതിന് പ്രകടമായ തെളിവുകളൊന്നും ഇല്ലെന്നാണ് പൊലീസ് പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates