

ന്യൂഡല്‍ഹി: ഭാര്യയുടെ മരണം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ച ത്രിപുര സ്വദേശിയായ പ്രതിയുടെ ജീവപര്യന്തം ശിക്ഷ ശരിവെച്ച് സുപ്രീംകോടതി. ഇരയായ യുവതിയെ ചെന്നായ്ക്കള്‍ക്ക് എറിഞ്ഞു കൊടുക്കുകയാണ് ചെയ്തതെന്ന് കോടതി പറഞ്ഞു. സ്ത്രീധന പീഡന കേസുകളില്‍ സഹായത്തിന് വേണ്ടി നിരന്തരമായ ആവശ്യങ്ങള്‍ ഉയര്‍ന്നിട്ടും പലപ്പോഴും അത് ദുരന്തങ്ങളില്‍ അവസാനിക്കുകയാണ്. പെണ്‍കുട്ടികളുടെ നിലവിളികള്‍ എങ്ങനെയാണ് ഇത്തരത്തില്‍ അവഗണിക്കപ്പെടുന്നതെന്നും കോടതി ചോദിച്ചു.
സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് അടിച്ചുകൊന്നശേഷം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ കെട്ടിതൂക്കുകയായിരുന്നു. 2007 ജൂണിലാണ് പെണ്‍കുട്ടി കൊല്ലപ്പെടുന്നത്. കൊലപാതകം, ദേഹോപദ്രവം, സ്ത്രീധന പീഡനം എന്നീ വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ച ഗുവാഹത്തി ഹൈക്കോടതിയുടെ 2012-ലെ വിധി ചോദ്യം ചെയ്ത് പ്രതി സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ കെ വി വിശ്വനാഥന്‍, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ച്.
''ആ യുവതിയുടെ ജീവന്‍ രക്ഷിക്കാമായിരുന്നില്ലേ? സാമൂഹികമായ അപമാനത്തെക്കുറിച്ചുള്ള ഭയമാണോ അവളെ ആ ചെന്നായ്ക്കള്‍ക്ക് എറിഞ്ഞു കൊടുക്കുന്നതിലേക്ക് നയിച്ചത്? കേസ് പരിഗണിക്കുന്നതിനിടയില്‍ സുപ്രീംകോടതി ചോദിച്ചു.
വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ, സ്ത്രീധനത്തിന്റെ പേരില്‍ യുവതി കടുത്ത പീഡനങ്ങള്‍ക്ക് ഇരയായിരുന്നു. തന്നെ രക്ഷിക്കണമെന്ന് അവള്‍ മാതാപിതാക്കളോട് ആവര്‍ത്തിച്ച് അപേക്ഷിക്കുകയും, സ്വന്തം വീട്ടില്‍ വന്ന് കുറച്ചുദിവസം താമസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവളെ ഭര്‍തൃവീട്ടിലേയ്ക്ക് തിരികെ അയക്കുകയാണ് വീട്ടുകാര്‍ ചെയ്തത്. നാട്ടിലെ മുതിര്‍ന്നവരെ ഉള്‍പ്പെടുത്തി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates