

മുംബൈ: ബോളിവുഡ് നടന്‍ ടൈഗര്‍ ഷറോഫിന് നേരെ മുംബൈയിലെ ജുഹുവില്‍ വെടിവെപ്പുണ്ടായതോടെ നടന്‍ സല്‍മാന്‍ ഖാനെ ലക്ഷ്യമിട്ട് ലോറന്‍സ് ബിഷ്ണോയി സംഘം വര്‍ഷങ്ങളായി തുടരുന്ന ഭീഷണികള്‍ വീണ്ടും ചര്‍ച്ചയാകുന്നു. ഞായറാഴ്ച നടന്ന സംഭവത്തില്‍ ഏഴ് റൗണ്ട് വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. ടൈഗര്‍ രക്ഷപ്പെട്ടെങ്കിലും ഡ്രൈവര്‍ ഫിര്‍ദൗസിനും മറ്റൊരാള്‍ക്കും പരിക്കേറ്റു. വെടിവെപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി അവകാശപ്പെട്ട് ബിഷ്ണോയി സംഘവുമായി ബന്ധമുള്ളവരുടേതെന്ന് കരുതുന്ന സന്ദേശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സല്‍മാന്‍ ഖാനൊപ്പം പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെയും സിനിമാ മേഖലയിലെ മറ്റുള്ളവര്‍ക്കെതിരെയും ഭീഷണി ഉയര്‍ത്തുന്നതാണ് സന്ദേശങ്ങളിലെ ഉള്ളടക്കം. എന്നാല്‍ ഈ സന്ദേശങ്ങളുടെ ആധികാരികതയും വെടിവെപ്പുമായുള്ള ബന്ധവും പൊലീസ് പരിശോധിച്ചുവരികയാണ്.
സല്‍മാന്‍ ഖാനുമായി പ്രൊഫഷണല്‍ ബന്ധം പുലര്‍ത്തുന്നവരെ ലക്ഷ്യമിടുമെന്ന മുന്നറിയിപ്പാണ് വെടിവെപ്പിനുശേഷം പുറത്തുവന്ന സന്ദേശങ്ങളിലെ പ്രധാന ഉള്ളടക്കം. ടൈഗര്‍ ഷറോഫിന് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അത് അവഗണിച്ചതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും സന്ദേശത്തില്‍ അവകാശപ്പെടുന്നു. സിനിമാ മേഖലയിലുള്ളവര്‍ തങ്ങളുടെ മുന്നറിയിപ്പ് അനുസരിക്കണമെന്നും സല്‍മാന്‍ ഖാനൊപ്പം പ്രവര്‍ത്തിക്കുന്നത് തുടര്‍ന്നാല്‍ അടുത്ത ലക്ഷ്യം അവരായിരിക്കുമെന്നും സന്ദേശത്തില്‍ ഭീഷണിയുണ്ട്. ലോറന്‍സ് ബിഷ്ണോയിയുടെ സഹായി എന്ന് സ്വയം പരിചയപ്പെടുത്തിയ അനില്‍ പണ്ഡിറ്റ് എന്നയാളുടെ പേരിലാണ് ചില സന്ദേശങ്ങള്‍ പുറത്തുവന്നത്. ഹര്‍മന്‍ സന്ധുവും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി സന്ദേശങ്ങളില്‍ പറയുന്നു. എന്നാല്‍, ടൈഗര്‍ ഷ്രോഫിനെ ലക്ഷ്യമിട്ടതിനു പിന്നിലെ യഥാര്‍ഥ കാരണം എന്താണെന്ന് അന്വേഷണത്തിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ട്.
സല്‍മാന്‍ ഖാനു നേരെയുള്ള ഭീഷണി
സല്‍മാന്‍ ഖാനും ലോറന്‍സ് ബിഷ്ണോയി സംഘവും തമ്മിലുള്ള വൈരത്തിന്റെ പശ്ചാത്തലം 1998ലെ കൃഷ്ണമൃഗ വേട്ടക്കേസുമായി ബന്ധപ്പെട്ടതാണ്. രാജസ്ഥാനില്‍ സിനിമയുടെ ചിത്രീകരണത്തിനിടെ സല്‍മാന്‍ ഖാന്‍ കൃഷ്ണമൃഗങ്ങളെ വേട്ടയാടിയെന്ന കേസാണ് വര്‍ഷങ്ങളായി വിവാദത്തിന് കാരണമായത്. ബിഷ്ണോയി സമുദായം കൃഷ്ണമൃഗങ്ങളെ വിശുദ്ധമായി കണക്കാക്കുകയും വന്യജീവികളുടെ സംരക്ഷണത്തിന് പ്രാധാന്യം നല്‍കുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് സല്‍മാന്‍ ഖാനെതിരെ ലോറന്‍സ് ബിഷ്ണോയി സംഘത്തിന്റെ ഭീഷണികള്‍ ഉയര്‍ന്നുവന്നത്. വര്‍ഷങ്ങളായി സല്‍മാന്‍ ഖാനെ ലക്ഷ്യമിട്ട് പലതവണ ഭീഷണികള്‍ ഉണ്ടായിട്ടുണ്ട്. നടനുമായി അടുത്ത ബന്ധമുള്ളവരെയും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നവരെയും ലക്ഷ്യമിടുമെന്ന മുന്നറിയിപ്പുകളും ഇതിനിടെ പുറത്തുവന്നു.
2022 ജൂണില്‍ സല്‍മാന്‍ ഖാന്റെ പിതാവ് സലിം ഖാന്‍ പതിവായി നടക്കാനിറങ്ങാറുള്ള ബാന്ദ്ര ബാന്‍ഡ്സ്റ്റാന്‍ഡ് പരിസരത്ത് ഭീഷണിക്കത്ത് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പഞ്ചാബി ഗായകന്‍ സിദ്ധു മൂസേവാലയ്ക്ക് സംഭവിച്ച അതേ വിധി സല്‍മാന്‍ ഖാനും നേരിടേണ്ടിവരുമെന്നായിരുന്നു കത്തിലെ മുന്നറിയിപ്പ്. 2023 മാര്‍ച്ചില്‍ സല്‍മാന്‍ ഖാന്റെ മാനേജര്‍ക്ക് ഭീഷണി ഇമെയില്‍ ലഭിച്ചു. ലോറന്‍സ് ബിഷ്ണോയിയുടെ ഭീഷണികളെ പരാമര്‍ശിച്ച സന്ദേശത്തില്‍ കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘാംഗം ഗോള്‍ഡി ബ്രാറിന്റെ പേരും ഉള്‍പ്പെട്ടിരുന്നു.
2024ലെ വെടിവെപ്പ്
2024 ഏപ്രില്‍ 14ന് മുംബൈയിലെ ബാന്ദ്രയിലുള്ള ഗാലക്‌സി അപ്പാര്‍ട്ട്മെന്റിലെ സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്ത് ബൈക്കിലെത്തിയ രണ്ടുപേര്‍ വെടിയുതിര്‍ത്തു. നടന് പരിക്കേറ്റില്ല. ബിഷ്ണോയി സംഘത്തിന്റെ നിര്‍ദേശപ്രകാരമാണ് ആക്രമണം നടന്നതെന്നാണ് മുംബൈ പൊലീസിന്റെ ആരോപണം. ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരനും അടുത്ത സഹായിയുമായ അന്‍മോല്‍ ബിഷ്ണോയിയുടെ പങ്കും അന്വേഷണവിധേയമായി. 2024ല്‍ നവി മുംബൈ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലും സല്‍മാന്‍ ഖാനെ ആക്രമിക്കാന്‍ ബിഷ്ണോയി സംഘാംഗങ്ങള്‍ക്ക് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്ന പരാമര്‍ശമുണ്ടായിരുന്നു. സിനിമാ ചിത്രീകരണത്തിനിടയിലോ പന്‍വേലിലെ ഫാംഹൗസിലേക്ക് യാത്ര ചെയ്യുന്നതിനിടയിലോ നടനെ ലക്ഷ്യമിടാനായിരുന്നു പദ്ധതിയെന്നാണ് പൊലീസ് ആരോപിച്ചത്. ആക്രമണം നേരിട്ട് നടപ്പാക്കിയവരെ മാത്രമല്ല, നടന്റെ സഞ്ചാരവും താമസസ്ഥലങ്ങളും നിരീക്ഷിച്ചുവെന്ന് സംശയിക്കുന്നവരെയും അന്വേഷണസംഘം പരിശോധിച്ചു.
ബാബാ സിദ്ദിഖി വധവും രോഹിത് ഷെട്ടിയുടെ വസതിക്ക് നേരെയുണ്ടായ വെടിവെപ്പും
സല്‍മാന്‍ ഖാനുമായി അടുത്ത ബന്ധമുണ്ടായിരുന്ന മഹാരാഷ്ട്രയിലെ മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ ബാബാ സിദ്ദിഖി 2024 ഒക്ടോബര്‍ 12ന് വെടിയേറ്റ് കൊല്ലപ്പെട്ടത് വലിയ ആശങ്കയ്ക്കിടയാക്കി. ബാന്ദ്ര ഈസ്റ്റിലുള്ള മകന്‍ സീഷാന്‍ സിദ്ദിഖിയുടെ ഓഫിസിന് പുറത്തായിരുന്നു ആക്രമണം. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ബിഷ്ണോയി സംഘവുമായി ബന്ധമുള്ളവര്‍ ഏറ്റെടുത്തതായി അവകാശപ്പെടുന്ന സാമൂഹമാധ്യമ സന്ദേശം പുറത്തുവന്നിരുന്നു. സല്‍മാന്‍ ഖാനെ സഹായിക്കുന്നവര്‍ക്കെതിരെയും അതില്‍ ഭീഷണിയുണ്ടായിരുന്നു. സംഭവത്തില്‍ സംഘത്തിനുള്ള പങ്ക് പൊലീസ് അന്വേഷിച്ചു.
2026 ഫെബ്രുവരി ഒന്നിന് സംവിധായകന്‍ രോഹിത് ഷെട്ടിയുടെ ജുഹുവിലെ വസതിക്ക് പുറത്തും വെടിവെപ്പുണ്ടായി. ബിഷ്ണോയി ശൃംഖലയുമായി ബന്ധമുള്ളവരുടേതെന്ന് കരുതുന്ന സന്ദേശത്തില്‍ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായും ആവശ്യങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ കൂടുതല്‍ ആക്രമണങ്ങളുണ്ടാകുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഇത്തരം സംഭവങ്ങള്‍ ബോളിവുഡിലെ പ്രമുഖ വ്യക്തികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളുടെ പിന്നില്‍ സംഘടിത കുറ്റകൃത്യ ശൃംഖലകളുണ്ടോ എന്ന ആശങ്ക ശക്തമാക്കി.
ജയിലില്‍ കഴിയുമ്പോഴും പ്രവര്‍ത്തനം തുടരുന്ന ശൃംഖല?
ലോറന്‍സ് ബിഷ്ണോയി ജയിലില്‍ കഴിയുകയാണെങ്കിലും ഇയാളുമായി ബന്ധമുള്ളതായി സംശയിക്കുന്ന ശൃംഖലയുടെ പ്രവര്‍ത്തനങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചുവരികയാണ്. ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുക, ആളുകളെ കണ്ടെത്തി നിയോഗിക്കുക, ആയുധങ്ങള്‍ എത്തിക്കുക, ആക്രമണശേഷം രക്ഷപ്പെടാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുക തുടങ്ങിയ കാര്യങ്ങളില്‍ വ്യത്യസ്ത ആളുകള്‍ക്ക് പങ്കുണ്ടോയെന്നാണ് അന്വേഷണത്തിന്റെ പ്രധാന വശങ്ങള്‍.
സല്‍മാന്‍ ഖാനെതിരായ 2024-ലെ ആക്രമണക്കേസില്‍ നടന്റെ സഞ്ചാരവിവരങ്ങളും താമസസ്ഥലങ്ങളും ദീര്‍ഘകാലം നിരീക്ഷിച്ചിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കാനഡയിലും യുകെയിലും നടന്ന ചില ആക്രമണങ്ങളുമായും ബിഷ്ണോയി സംഘത്തിന് ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കാനഡയിലെ ഹാസ്യനടന്‍ കപില്‍ ശര്‍മയുടെ കഫേയ്ക്ക് നേരെയുണ്ടായ ഒന്നിലധികം വെടിവെപ്പുകളും ഇതുമായി ബന്ധപ്പെട്ട് ശ്രദ്ധ നേടിയിരുന്നു.
ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയിയെ 2025 നവംബറില്‍ അമേരിക്കയില്‍നിന്ന് നാടുകടത്തിയതിനു പിന്നാലെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബാബാ സിദ്ദിഖി കൊലപാതകക്കേസിലും സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്തുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട കേസിലും ഇയാള്‍ അന്വേഷണസംഘങ്ങള്‍ക്ക് ആവശ്യമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അന്വേഷണം ഇനി എങ്ങോട്ട്?
ടൈഗര്‍ ഷറോഫിന്റെ കാറിന് നേരെയുണ്ടായ വെടിവെപ്പില്‍ അക്രമികളെ തിരിച്ചറിയുന്നതിനും ആക്രമണത്തിന്റെ യഥാര്‍ഥ ലക്ഷ്യം കണ്ടെത്തുന്നതിനുമാണ് മുംബൈ പൊലീസ് മുന്‍ഗണന നല്‍കുന്നത്. സിസിടിവി ദൃശ്യങ്ങളും ഫൊറന്‍സിക് തെളിവുകളും പരിശോധിക്കുന്നതിനൊപ്പം അനില്‍ പണ്ഡിറ്റ്, ഹര്‍മന്‍ സന്ധു എന്നിവരുടെ പേരില്‍ പ്രചരിക്കുന്ന സന്ദേശങ്ങളുടെ ആധികാരികതയും അന്വേഷിക്കുന്നുണ്ട്. സംഭവത്തിന് മുമ്പ് ടൈഗര്‍ ഷറോഫിന് ഭീഷണി ലഭിച്ചിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ആക്രമണം ബിഷ്‌ണോയ് സംഘത്തിന്റെ നിര്‍ദേശപ്രകാരമാണോ നടന്നത്, അതോ വെടിവെപ്പിനുശേഷം ആരെങ്കിലും ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീഷണി പ്രചരിപ്പിക്കുകയായിരുന്നോ എന്നതും വ്യക്തമാകേണ്ടതുണ്ട്. നിലവില്‍ ബിഷ്ണോയി സംഘവുമായി ബന്ധമുണ്ടെന്ന ആരോപണം അന്വേഷണത്തിന്റെ ഭാഗമാണ്. ആക്രമണത്തിനു പിന്നിലെ വ്യക്തികളെയും ലക്ഷ്യവും പൊലീസ് സ്ഥിരീകരിക്കേണ്ടതുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates