

ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ നാടകീയ സംഭവങ്ങള്‍. പുതിയ വര്‍ഷത്തെ ആദ്യ സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗം നടത്താതെ ഗവര്‍ണര്‍ ആര്‍ എന്‍ രവി ഇറങ്ങിപ്പോയി. നിയമസഭയില്‍ ദേശീയഗാനം ആലപിക്കാതിരുന്നതാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. ദേശീയഗാനത്തേയും ഭരണഘടനയേയും അനാദരിച്ചു എന്ന് ആരോപിച്ചാണ് ഗവര്‍ണര്‍ പ്രഖ്യാപനം നടത്താതെ നിയമസഭ വിട്ടത്.
ഗവര്‍ണറുടെ നടപടി സഭയില്‍ ബഹളത്തിന് ഇടയാക്കി. രാവിലെ 9:29 ന് സംസ്ഥാന ഗാനമായ തമിഴ് തായ് വാഴ്ത്ത് പാരായണത്തോടെയാണ് നിയമസഭ സമ്മേളനം തുടങ്ങിയത്. തൊട്ടുപിന്നാലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ദേശീയഗാനം ആലപിക്കാത്തത് സഭയില്‍ ഉന്നയിച്ചു. അതേസമയം, എഐഎഡിഎംകെ എംഎല്‍എമാര്‍ ബാഡ്ജുകള്‍ ധരിച്ചും മുദ്രാവാക്യം മുഴക്കിയും പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചും നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
ദേശീയഗാനം ആലപിക്കാനുള്ള നിര്‍ദേശം സ്പീക്കറും മുഖ്യമന്ത്രിയും ചെവിക്കൊണ്ടില്ലെന്ന് ഗവര്‍ണര്‍ ട്വീറ്റില്‍ കുറ്റപ്പെടുത്തി. തുടര്‍ന്ന് ബഹളത്തിനിടെ, ഗവര്‍ണര്‍ നിയമസഭയില്‍ നിന്നും പുറത്തിറങ്ങി പോകുകയായിരുന്നു. ഗവര്‍ണര്‍ അപ്രതീക്ഷിതമായി പോയതിനെ തുടര്‍ന്ന് സ്പീക്കര്‍ എം അപ്പാവു ഗവര്‍ണറുടെ പ്രസംഗത്തിന്റെ തമിഴ് പതിപ്പ് വായിച്ചു. തുടര്‍ന്ന് സഭയിലെ പ്രതിഷേധത്തിന് എഐഎഡിഎംകെ അംഗങ്ങളെ കൂട്ടത്തോടെ സഭയില്‍ നിന്നും പുറത്താക്കിയതായി സ്പീക്കര്‍ പ്രഖ്യാപിച്ചു.
തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് നയപ്രഖ്യാപന ദിനത്തില്‍ ഗവര്‍ണറും തമിഴ്‌നാട് സര്‍ക്കാരും ഏറ്റുമുട്ടുന്നത്. സഭാ സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് ബിജെപി, പിഎംകെ, ഡിഎംകെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് എന്നിവര്‍ സഭയില്‍ നിന്നും വാക്കൗട്ട് നടത്തി.
നിയമസഭ വിടാനുള്ള ഗവര്‍ണറുടെ തീരുമാനം വിശദീകരിച്ച് രാജ്ഭവന്‍ വിശദീകരണക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. തമിഴ്നാട് നിയമസഭയില്‍ ഭാരതത്തിന്റെ ഭരണഘടനയും ദേശീയ ഗാനവും വീണ്ടും അപമാനിക്കപ്പെട്ടു. ഭരണഘടന അനുശാസിക്കുന്ന മൗലിക കര്‍ത്തവ്യങ്ങളില്‍ ഒന്നാണ് ദേശീയഗാനത്തെ ബഹുമാനിക്കുക എന്നത്. എല്ലാ സംസ്ഥാന നിയമസഭകളിലും ഗവര്‍ണറുടെ പ്രസംഗത്തിന്റെ തുടക്കത്തിലും അവസാനത്തിലും ദേശീയ ഗാനം ആലപിക്കും. ദേശീയ ഗാനം ആലപിക്കണമെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും തമിഴ് തായ് വാഴ്ത്ത് മാത്രമാണ് ആലപിച്ചത്. സഭയുടെ ഭരണഘടനാപരമായ കടമയെക്കുറിച്ച് ഗവര്‍ണര്‍ ഓര്‍മ്മിപ്പിച്ചെങ്കിലും മുഖ്യമന്ത്രിയും സ്പീക്കറും അംഗീകരിക്കാന്‍ കൂട്ടാക്കിയില്ലെന്നും രാജ്ഭവന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
