ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തില്‍ (എസ്‌ഐആര്‍) ബിജെപിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ ദുരൂപയോഗം ചെയ്യുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി ആരോപിച്ചു. പശ്ചിമ ബംഗാളിലെ എസ്‌ഐആര്‍ നടപടികളുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധി സംഘവുമായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ബുധനാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അഭിഷേക് ബാനര്‍ജിയുടെ പ്രതികരണം.
തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ക്ഷുഭിതനായി തനിക്ക് നേരെ വിരല്‍ ചൂണ്ടി സംസാരിച്ചെന്നും അഭിഷേക് ബാനര്‍ജി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. യോഗത്തില്‍ ഗ്യാനേഷ് കുമാര്‍ കയര്‍ത്തുസംസാരിച്ചു. പ്രതിനിധികള്‍ സംസാരിച്ച് തുടങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. തനിക്ക് നേരെ വിരല്‍ ചൂണ്ടി സംസാരിച്ചു എന്നാണ് അഭിഷേക് ബാനര്‍ജിയുടെ പ്രതികരണം. യോഗത്തിന്റെ ദൃശ്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിടണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു വോട്ടറും അനധികൃതമായി പട്ടികയില്‍ നിന്ന് പുറത്ത് പോകരുത് എന്ന് ഉറപ്പാക്കാന്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് തെഞ്ഞെടുപ്പ് കമ്മീഷണറോട് പറഞ്ഞതായും അഭിഷേക് ബാനര്‍ജി പറഞ്ഞു. ഗ്യാനേഷ് കുമാര്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി നാമ നിര്‍ദേശം ചെയ്യപ്പെട്ട വ്യക്തിയാണ്. താന്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത വ്യക്തിയാണ്. അദ്ദേഹത്തിന് യജമാനന്‍മാരോട് ഉത്തരം പറഞ്ഞാല്‍ മതി. ജനപ്രതിനിധികള്‍ക്ക് ജനങ്ങളോട് മറുപടി പറയണം. ജനങ്ങള്‍ക്ക് വേണ്ടിയാണ് തങ്ങളിവിടെ എത്തിയത് എന്നും മറുപടി നല്‍കിയതായും അഭിഷേക് ബാനര്‍ജി പറഞ്ഞു. താന്‍ പറഞ്ഞ കാര്യങ്ങള്‍ നിഷേധിക്കുന്നുണ്ടെങ്കില്‍ യോഗത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടാനും അഭിഷേക് ബാനര്‍ജി വെല്ലുവിളിച്ചു.
'ഞാന്‍ മാധ്യമങ്ങളോട് പറഞ്ഞത് ഗ്യാനേഷ് കുമാര്‍ കേള്‍ക്കുന്നുണ്ടാകണം. അദ്ദേഹത്തിന് ധൈര്യമുണ്ടെങ്കില്‍, ഇറങ്ങിവന്ന് മാധ്യമങ്ങളെ അഭിമുഖീകരിച്ച്, ഞാന്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ നിഷേധിക്കണം. എന്താണ് അദ്ദേഹത്തെ തടയുന്നത്? ബംഗാളിലെ ജനങ്ങള്‍ തന്റെ അടിമകളാണെന്ന് അദ്ദേഹം കരുതുന്നുണ്ടോ? ബംഗാളിലെ ജനങ്ങളും, ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട എംപിമാരും, മന്ത്രിമാരും, എംഎല്‍എമാരും അടിമകളോ അടിമകളോ ആണെന്ന് കരുതുന്നുണ്ടോ?' എന്നും അഭിഷേക് ബാനര്‍ജി ചോദിച്ചു.
എസ്‌ഐആര്‍ ഉള്‍പ്പെടെ പത്തോളം വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്. വോട്ടര്‍ പട്ടികയില്‍ മോഷണം നടക്കുന്നു എന്ന് ആരോപിച്ച അദ്ദേഹം വോട്ടിങ് മെഷീനുകള്‍ ക്രമക്കേടുകള്‍ വ്യാപകമാണെന്നും ആരോപിച്ചു. ബംഗാളിലെ ജനങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഒപ്പമാണെന്നും അഭിഷേക് ബാനര്‍ജി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates