

കൊല്‍ക്കത്ത: ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയെന്ന് മമതാ ബാനര്‍ജിയെ വിശേഷിപ്പിച്ച ടിഎംഎസിയുടെ വിശ്വസ്തയായ എംപി സയോണി ഘോഷ് വിമതപക്ഷത്ത് ചേര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. ബംഗാള്‍ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയെ നിലനിര്‍ത്താനുള്ള പോരാട്ടത്തിനിടയില്‍ ജാദവ്പൂര്‍ എംപിയും മമതയുടെ അടുത്തയാളുമായ സയോണിഘോഷ് വിമതര്‍ക്കൊപ്പം നിന്നത് മമതയ്ക്ക് വലിയ തിരിച്ചടിയാകും.
മുതിര്‍ന്ന നേതാവ് കാകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിലുള്ള വിമത വിഭാഗവുമായാണ് സയോണി കൈകോര്‍ത്തിരിക്കുന്നത്. വിമത ചേരിക്ക് പിന്തുണ പ്രഖ്യാപിച്ച സയോണി ഘോഷ്, കാകോലി ഘോഷ് ദസ്തിദാറുമായി ബന്ധപ്പെടുകയും ഇവര്‍ തയ്യാറാക്കിയ രേഖകളില്‍ ഒപ്പുവെക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ കൊല്‍ക്കത്തയില്‍ ഇല്ലാത്ത ഇവര്‍ ഡല്‍ഹിയിലാണെന്നാണ് വിവരം.
തൃണമൂല്‍ കോണ്‍ഗ്രസില്‍ തനിക്ക് ഇനി രാഷ്ട്രീയ ഭാവിയുണ്ടാകില്ലെന്ന വിലയിരുത്തലിലാണ് സയോണി ഘോഷ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്നാണ് സൂചന. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്കെതിരെ കടുത്ത രാഷ്ട്രീയ ആക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് യാതൊരു പിന്തുണയും ലഭിച്ചില്ലെന്ന് സയോണിഅടുത്ത വൃത്തങ്ങളോട് പരാതിപ്പെട്ടിരുന്നു. ആ ഘട്ടത്തില്‍ പാര്‍ട്ടിയില്‍ താന്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടുപോയതായും, പ്രചാരണം പാതിവഴിയില്‍ നിര്‍ത്തിവെക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടതായും ഉള്ള പരാതികളും അവര്‍ക്കുണ്ട്. ഇതാണ് നേതൃത്വത്തോടുള്ള കടുത്ത അമര്‍ഷത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ മഹിളാ വിഭാഗം അധ്യക്ഷയായി അടുത്തിടെ ചുമതലയേറ്റ സയോണി ഘോഷ് പാര്‍ട്ടിയിലെ ഏറ്റവും ജനപ്രിയ മുഖങ്ങളില്‍ ഒന്നായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബാനര്‍ജിയെ ഭാവി പ്രധാനമന്ത്രിയായിപ്പോലും അവര്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. 'ദിദി ജയിച്ചാല്‍ ബംഗാള്‍ ജയിക്കും' എന്നായിരുന്നു സയോണി നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. താന്‍ ഒരിക്കലും മമതാ ബാനര്‍ജിയെ ഉപേക്ഷിക്കില്ലെന്നും അവര്‍ ഉറപ്പിച്ച് പറഞ്ഞിരുന്നു. എന്‍ഡിഎയ്ക്കും ബിജെപിക്കുമെതിരെ നിരന്തരം ആക്രമണം നടത്തി ശ്രദ്ധേയായ നേതാവ് കൂടിയായിരുന്നു സയോണി. വനിതാ സംവരണ ബില്‍ ഉള്‍പ്പെടെയുള്ള ബിജെപിയുടെ നയങ്ങളെ വര്‍ഷങ്ങളായി എതിര്‍ത്ത അവര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ശക്തമായ വിമര്‍ശനവും ഉയര്‍ത്തിയിരുന്നു. ബിജെപിക്കെതിരെ വോട്ട് കവര്‍ച്ച ഉള്‍പ്പടെയും ഇവര്‍ ആരോപിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates