

ചെന്നൈ: അടുത്ത വര്‍ഷം നടക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മധുരൈ ഈസ്റ്റ് മണ്ഡലത്തില്‍ നിന്ന് ടിവികെ സ്ഥാനാര്‍ഥിയായി താന്‍ ജനവിധി തേടുമെന്ന് നടന്‍ വിജയ്. മധുരൈ ജില്ലയിലെ മറ്റ് ഒന്‍പത് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെയും അദ്ദേഹം പ്രഖ്യാപിച്ചു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിവികെ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മുഖ്യഎതിരാളി ഡിഎംകെയാണെന്നും സിംഹം പുറത്തിറങ്ങുന്നത് വേട്ടയ്ക്കാണെന്നും മഹാസമ്മേളനത്തെ അഭിസംബോധന ചെയ്ത് വിജയ് പറഞ്ഞു
തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലും ടിവികെ പ്രവര്‍ത്തകര്‍ മത്സരിക്കുകയാണെങ്കില്‍ അത് താന്‍ മത്സരിക്കുന്നതിന് തുല്യമായിരിക്കുമെന്നും ടിവികെയ്ക്ക് നല്‍കുന്ന ഓരോ വോട്ടും തനിക്കുള്ള വോട്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെതിരെ രൂക്ഷമായി വിമര്‍ശനമാണ് സമ്മേളനത്തില്‍ വിജയ് ഉയര്‍ത്തിയത്. സ്ത്രീകളെയും സര്‍ക്കാര്‍ ജീവനക്കാരെയും മറ്റ് വിഭാഗം ജനങ്ങളെയും വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധികാരത്തിലെത്തുമെന്നും ഡിഎംകെയെ ജനം കൈയൊഴിയുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയും കേന്ദ്ര സര്‍ക്കാരും തമിഴ്‌നാടിനോട് കാണിക്കുന്ന അവഗണനയും വിജയ് എടുത്തുപറഞ്ഞു. നടനും രാഷ്ട്രീയക്കാരനുമായ അന്തരിച്ച വിജയ്കാന്തിനെ വിജയ് പ്രശംസിക്കുകയും ചെയ്തു.
നേതാക്കളുടെ ഛായാചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം, വിജയ് പാര്‍ട്ടി പതാക ഉയര്‍ത്തി. വേദിയിലിരുന്ന തമിഴക വെട്രി കഴകത്തിന്റെ എല്ലാ പാര്‍ട്ടി നേതാക്കളും പാര്‍ട്ടി പ്രതിജ്ഞയെടുത്തു. ടിവികെയുടെ രണ്ടാം സംസ്ഥാനതല സമ്മേളനം നാടോടി സംഗീതജ്ഞരുടെ സാംസ്‌കാരിക പ്രകടനങ്ങളോടെയാണ് ആരംഭിച്ചത്. മധുര ജില്ലയിലെ പരപതിയില്‍ സജ്ജീകരിച്ച വേദിയില്‍ ഒന്നര ലക്ഷത്തിലധികം പേര്‍ക്ക് പങ്കെടുക്കാവുന്ന ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ പാര്‍ട്ടി നേതാവിനെ ഒരു നോക്ക് കാണാന്‍ ആകാംക്ഷയോടെ അണികളും ആരാധകരും തിങ്ങിനിറഞ്ഞിരുന്നു.
വേദിയുടെ മധ്യത്തിലൂടെ നിര്‍മിച്ച 300 മീറ്റര്‍ നീളമുള്ള റാമ്പിലൂടെ നടന്നാണ് 51 കാരനായ വിജയ് അനുയായികളെ അഭിസംബോധന ചെയ്യുന്നത്. റാമ്പിന്റെ ഇരുവശത്തും നൂറുകണക്കിന് ബൗണ്‍സര്‍മാരും നിലയുറപ്പിച്ചിട്ടുണ്ട്. അതിനിടയില്‍ ടിവികെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ആരാധകന്‍ കുഴഞ്ഞു വീണു മരിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. 2024 ഫെബ്രുവരിയിലാണ് തമിഴഗ വെട്രി കഴകം എന്ന പാര്‍ട്ടിക്ക് തുടക്കം കുറിച്ചുകൊണ്ട് വിജയിന്റെ രാഷ്ട്രീയ പ്രവേശനം. എട്ട് മാസങ്ങള്‍ക്ക് ശേഷം, ഒക്ടോബര്‍ 27 ന് വില്ലുപുരം ജില്ലയിലെ വിക്രവണ്ടിയില്‍ പാര്‍ട്ടിയുടെ ആദ്യ സംസ്ഥാനതല സമ്മേളനം നടന്നു.2026-ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് രണ്ടാം സംസ്ഥാന സമ്മേളനം നടക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
