

ചെന്നൈ : തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ നടന്‍ വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) അധികാരം പിടിക്കുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം. തമിഴ് രാഷ്ട്രീയത്തിലെ കരുത്തരായ ഡിഎംകെയെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയും എഐഎഡിഎംകെയെ നിഷ്പ്രഭമാക്കിയും വിജയ്യുടെ പാര്‍ട്ടി മുന്നേറുമെന്നാണ് പ്രമുഖ സര്‍വേ ഏജന്‍സിയായ ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനത്തില്‍ പറയുന്നത്.
ആകെയുള്ള 234 സീറ്റുകളില്‍ 98 മുതല്‍ 120 വരെ സീറ്റുകള്‍ നേടി വിജയ് കരുത്തുകാട്ടുമെന്നും ഭരണകക്ഷിയായ ഡിഎംകെയ്ക്ക് പരമാവധി 110 സീറ്റുകള്‍ വരെയേ ലഭിക്കൂ എന്നുമാണ് പ്രവചനം. ടിവികെ 98 സീറ്റുകള്‍ നേടിയാല്‍ പോലും തമിഴ്‌നാടിന്റെ രാഷ്ട്രീയ ഗതിയില്‍ വലിയ മാറ്റം വരുത്തുമെന്നും പ്രവചനത്തില്‍ പറയുന്നു. ടിവികെയുടെ വരവ് ഏറ്റവുമധികം ബാധിക്കുക എഐഎഡിഎംകെയെയാണ്. വെറും 22 മുതല്‍ 32 സീറ്റുകളിലേക്ക് പാര്‍ട്ടി ഒതുങ്ങുമെന്നും എക്‌സിറ്റ് പോളിലുണ്ട്.
എന്നാല്‍ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സഖ്യം ഭരണം നിലനിര്‍ത്തുമെന്നാണ് മറ്റു പ്രമുഖ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്. 234 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ട 118 സീറ്റുകള്‍ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള മുന്നണി അനായാസം മറികടക്കുമെന്നാണ് മൂന്ന് പ്രധാന ഏജന്‍സികള്‍ പ്രവചിക്കുന്നത്.
125 മുതല്‍ 145 സീറ്റുകള്‍ വരെ നേടി എംകെ സ്റ്റാലിന്റെ ഡിഎംകെ സഖ്യം വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് പീപ്പിള്‍സ് പള്‍സും പിമാര്‍ക്കും പ്രവചിക്കുന്നു. അണ്ണാ ഡിഎംകെ സഖ്യം 65 മുതല്‍ 85 സീറ്റുകള്‍ വരെയും ടിവികെ 16-26 സീറ്റുകളും മാത്രമാണ് നേടുകയെന്നുമാണ് പി-മാര്‍ക്കിന്റെ കണക്കുകൂട്ടല്‍. അതേസമയം, അണ്ണാ ഡിഎംകെ സഖ്യം 65-80 സീറ്റുകള്‍ വരെയും ടിവികെ 18-24 സീറ്റുകളും നേടുമെന്നും പീപ്പിള്‍സ് പള്‍സും പ്രവചിക്കുന്നു.
മാട്രിസിന്റെ പ്രവചനത്തിലും ഡിഎംകെ സഖ്യത്തിനാണ് മുന്‍തൂക്കം. 122-132 സീറ്റുകള്‍ നേടി ഡിഎംകെ ഭരണം നിലനിര്‍ത്തുമെന്നാണ് പ്രവചനം. 87-100 സീറ്റുകള്‍ അണ്ണാ ഡിഎംകെയും 10-12 സീറ്റുകള്‍ ടിവികെയും മറ്റുള്ളവര്‍ 6 വരെ സീറ്റുകളും നേടുമെന്നാണ് മാട്രിസിന്റെ പ്രവചനം.
പീപ്പിള്‍സ് ഇന്‍സൈറ്റും പ്രജാ പോളും ഡിഎംകെ സഖ്യം തന്നെ അധികാരം നിലനിര്‍ത്തുമെന്നാണ് പ്രവചിക്കുന്നത്. എന്നാല്‍ കാമാഖ്യ അനലിറ്റിക്‌സ് ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് കണക്കുകൂട്ടുന്നത്. ജെവിസി മാത്രമാണ് എഐഎഡിഎംകെ സഖ്യം അധികാരത്തിലേക്ക് തിരിച്ചുവരുമെന്ന് പ്രവചിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates