

ശ്രീനഗര്‍: ജമ്മു കശ്മീരിലെ തന്ത്രപ്രധാനമായ സോജില തുരങ്കത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍. സമുദ്രനിരപ്പില്‍ നിന്ന് 11,500 അടി ഉയരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ തുരങ്കം, ലോകത്തിലെ ഏറ്റവും നീളമേറിയ 'സിംഗിള്‍-ട്യൂബ് ബൈ-ഡയറക്ഷണല്‍' (ഇരുവശങ്ങളിലേക്കും ഗതാഗതം) റോഡ് തുരങ്കമായി മാറാന്‍ പോകുകയാണ്. 13.5 കിലോമീറ്റര്‍ ആണ് ഇതിന്റെ നീളം. ചൊവ്വാഴ്ച കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഇതിന്റെ അവസാന ഘട്ട സ്‌ഫോടനം നിര്‍വഹിക്കുന്നതോടെ തുരങ്ക നിര്‍മ്മാണത്തിന്റെ നിര്‍ണായക ഘട്ടമാണ് പൂര്‍ത്തിയാവുക.
ഈ തുരങ്കം യാഥാര്‍ത്ഥ്യമാകുന്നതോടെ ലഡാക്കും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളും തമ്മിലുള്ള കണക്ടിവിറ്റി സുഗമമാകും. എല്ലാ കാലാവസ്ഥയിലും ലഡാക്കിനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കാന്‍ ഇതുവഴി സാധിക്കും. ഇന്ത്യയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്. ഇത് പൂര്‍ത്തിയാവുന്നതോടെ ചരിത്ര നേട്ടമായി മാറുമെന്നാണ് അധികൃതര്‍ പറയുന്നത്.
ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മേഘ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡിന് 2020 ഒക്ടോബറിലാണ് ഈ പദ്ധതി കൈമാറിയത്. തുടര്‍ന്ന് 2021 ഏപ്രിലില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നിര്‍മ്മാണം വേഗത്തിലാക്കാന്‍ നിര്‍ദിഷ്ട തുരങ്കത്തിന്റെ ഇരുവശങ്ങളിലും ഒരേസമയം നിര്‍മ്മാണം തുടങ്ങുന്ന തന്ത്രമാണ് നടപ്പാക്കിയത്. കശ്മീരിലെ ബാല്‍താല്‍, ലഡാക്ക് ഭാഗത്തെ മിനാമാര്‍ഗ് എന്നി ഇരുവശങ്ങളില്‍ നിന്നുമാണ് നിര്‍മ്മാണം ആരംഭിച്ചത്.
ചൊവ്വാഴ്ച പദ്ധതി പ്രദേശം സന്ദര്‍ശിക്കുന്ന നിതിന്‍ ഗഡ്കരി, അവസാന ഘട്ട ബ്ലാസ്റ്റ് നടത്തുന്നതോടെ തുരങ്കം തുരക്കുന്ന പ്രക്രിയ പൂര്‍ത്തിയാകും. ഇതിന് പിന്നാലെ പ്രതീകാത്മകമായി ചില വാഹനങ്ങള്‍ തുരങ്കത്തിലൂടെ കടത്തിവിട്ടേക്കും. 2021 ഏപ്രിലില്‍ തുരങ്കത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചതു മുതല്‍, ഹിമാലയത്തിലെ ഏറ്റവും കഠിനമായ സാഹചര്യങ്ങളോടാണ് എന്‍ജിനീയര്‍മാരും തൊഴിലാളികളും പോരാടിയത്. ദുര്‍ബലമായ ഭൂപ്രകൃതി, തകര്‍ന്നുവീഴാന്‍ സാധ്യതയുള്ള പാറകള്‍, തുരങ്കത്തിനുള്ളിലേക്ക് വെള്ളം ഒഴുകിയെത്തല്‍, മഞ്ഞിടിച്ചില്‍ സാധ്യതയുള്ള മേഖലകള്‍, അതിശൈത്യം എന്നിവയെല്ലാം വലിയ വെല്ലുവിളികളായിരുന്നു.ശീതകാലത്ത് മൈനസ് 20 മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള അതിശൈത്യത്തിലാണ് എന്‍ജിനീയര്‍മാരും തൊഴിലാളികളും ഇവിടെ ജോലി ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
നിലവില്‍ 1,200 ഓളം എന്‍ജിനീയര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍, മെക്കാനിക്കുകള്‍, തൊഴിലാളികള്‍ എന്നിവര്‍ ഈ പദ്ധതിക്കായി രംഗത്തുണ്ട്. ജമ്മു കശ്മീരും ലഡാക്കും തമ്മില്‍ വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന യാത്രാസൗകര്യം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഏകദേശം 2,600 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന സോജില തുരങ്കത്തിന് 7.57 മീറ്റര്‍ ഉയരമുണ്ട്. മധ്യ കശ്മീരിലെ ഗന്ദര്‍ബാലിനും ലഡാക്കിലെ കാര്‍ഗില്‍ ജില്ലയിലുള്ള ദ്രാസ് നഗരത്തിനും ഇടയിലുള്ള ഹിമാലയത്തിലെ സോജില പാസിന് അടിയിലൂടെയാണ് കുതിരലാടത്തിന്റെ ആകൃതിയിലുള്ള ഈ തുരങ്കം കടന്നുപോകുന്നത്.
ദുര്‍ബലമായ ഹിമാലയന്‍ ഭൂപ്രകൃതിക്കും മാറിക്കൊണ്ടിരിക്കുന്ന പാറകളുടെ അവസ്ഥയ്ക്കും ഏറ്റവും അനുയോജ്യമായ 'ന്യൂ ഓസ്ട്രിയന്‍ ടണലിംഗ് മെത്തേഡ്' ഉപയോഗിച്ചാണ് ഈ തുരങ്കം നിര്‍മ്മിക്കുന്നത്. തുരങ്കം തകരാനുള്ള സാധ്യതകളും വെള്ളം കയറുന്ന പ്രശ്‌നങ്ങളും നിലനിന്നിട്ടും അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചാണ് പ്രൊജക്റ്റ് നടപ്പിലാക്കിയതെന്ന് മേഘ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ് അറിയിച്ചു.
കനത്ത മഞ്ഞുവീഴ്ചയും മഞ്ഞിടിച്ചിലും കാരണം എല്ലാ വര്‍ഷവും ദീര്‍ഘകാലത്തേക്ക് ലഡാക്ക് ബാഹ്യലോകത്തുനിന്ന് ഒറ്റപ്പെടാറുണ്ട്. ഈ പ്രശ്‌നത്തിനാണ് ഇപ്പോള്‍ പരിഹാരമാകുന്നത്. പ്രധാന തുരങ്കത്തിന് പുറമെ കണക്റ്റിങ് ഹൈവേകള്‍, പാലങ്ങള്‍, സുരക്ഷാ മതിലുകള്‍, മഞ്ഞ് പ്രതിരോധ സംവിധാനങ്ങള്‍, നില്‍ഗ്രാര്‍ ഇരട്ട തുരങ്കങ്ങള്‍ എന്നിവയും ഈ പദ്ധതിയുടെ ഭാഗമാണ്.
വാഹനങ്ങള്‍ കേടാകുകയോ മറ്റ് അടിയന്തിര സാഹചര്യങ്ങള്‍ ഉണ്ടാവുകയോ ചെയ്താല്‍ പാര്‍ക്ക് ചെയ്യാന്‍ ഓരോ 750 മീറ്ററിലും 40 മീറ്റര്‍ നീളമുള്ള വിസ്തൃതമായ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഓട്ടോമാറ്റിക് ഫയര്‍ ഡിറ്റക്ഷന്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക അഗ്‌നിശമന സംവിധാനങ്ങള്‍ തുരങ്കത്തിലുടനീളം സ്ഥാപിക്കും. ഈ പദ്ധതിയുടെ മൊത്തത്തിലുള്ള പൂര്‍ത്തീകരണം ലക്ഷ്യമിടുന്നത് 2028 ഫെബ്രുവരിയാണ്.
തുരങ്കം പൂര്‍ണ്ണമായി തുറക്കുന്നതോടെ ശ്രീനഗറിനും ലേയ്ക്കും (Leh) ഇടയിലുള്ള യാത്രാ സമയം ഏകദേശം മൂന്നര മണിക്കൂറായി കുറയും. ഇത് ടൂറിസം മേഖലയ്ക്ക് ഉണര്‍വേകുകയും അവശ്യസാധനങ്ങളുടെ വിതരണം മെച്ചപ്പെടുത്തുകയും ചെയ്യും. ഇതിനപ്പുറം പാകിസ്ഥാനുമായും ചൈനയുമായും അതിര്‍ത്തി പങ്കിടുന്ന ലഡാക്കിലേക്ക് സൈനികര്‍ക്കും യുദ്ധോപകരണങ്ങള്‍ക്കും തടസ്സമില്ലാതെ എത്തിച്ചേരാന്‍ സാധിക്കുമെന്നത് ഈ ടണലിനെ തന്ത്രപ്രധാനമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates