ആക്രമണം ഉടൻ അവസാനിപ്പിക്കണം, ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണം; പുടിനോട് മോദി; ചർച്ച നടത്തി
ന്യൂഡൽഹി; യുക്രൈൻ വിഷയത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിനുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വെടിനിർത്തൽ അടിയന്തരമായി ഉണ്ടാകണമെന്നും ചർച്ചയിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും പ്രധാനമന്ത്രി പുടിനോട് ആവശ്യപ്പെട്ടു. ടെലിഫോണിലൂടെയായിരുന്നു ഇരു നേതാക്കളുടെയും സംഭാഷണം.
യുക്രൈനുമായി ബന്ധപ്പെട്ട സൈനിക നടപടിയെ കുറിച്ച് പുതിന്‍ പ്രധാനമന്ത്രി മോദിയോട് വിശദീകരിച്ചു. റഷ്യയും നാറ്റോയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ സത്യസന്ധതയോടെയും ആത്മാര്‍ത്ഥതയോടെയുമുള്ള സംഭാഷണങ്ങളിലൂടെ മാത്രമേ പരിഹരിക്കാനാകൂവെന്ന് മോദി പുതിനെ ധരിപ്പിച്ചുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
യുക്രൈനിലെ ഇന്ത്യന്‍ പൗരന്‍മാരുടെ പ്രത്യേകിച്ച് വിദ്യാര്‍ഥികളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകളും പ്രധാനമന്ത്രി പങ്കുവെച്ചു. അവരെ സുരക്ഷിതമായി ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരുന്നതിന് ഇന്ത്യ മുന്‍ഗണന നല്‍കുന്നുവെന്നും മോദി പുതിനെ അറിയിച്ചു. കാലിക വിഷയങ്ങളില്‍ ഇരു രാജ്യങ്ങളുടെ നയതന്ത്ര സംഘങ്ങളും മറ്റ് ഉദ്യോഗസ്ഥരും ചര്‍ച്ചകള്‍ നടത്താന്‍ ഇരുരാജ്യങ്ങളുടെ നേതാക്കളും പരസ്പരം സമ്മതിച്ചതായും പ്രധാനമന്ത്രിയുടെ ഓഫീസ് കൂട്ടിച്ചേര്‍ത്തു.
യുക്രൈയിനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങിയിട്ടുണ്ട്. ഇരുപതിനായിരം ഇന്ത്യക്കാരെ ഒഴിപ്പിക്കേണ്ടതുണ്ട്. പൗരന്മാരുടെ സുരക്ഷയാണ് പ്രധാനം. യുക്രൈയിന് പുറത്ത് വിമാനങ്ങൾ എത്തിക്കാനാണ് ശ്രമം. കൺട്രോൾ റൂമിൻ്റെ പ്രവർത്തനം ഊർജ്ജിതമാക്കി. യുക്രൈൻ എംബസിയിലും കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. കീവിലെ എംബസി അടയ്ക്കില്ല. പൗരന്മാരെ പാർപ്പിക്കാൻ കൂടുതൽ സൗകര്യം ഒരുക്കും. യുക്രൈയിൻ്റെ പടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങാൻ പൗരന്മാർക്ക് നിർദ്ദേശം നൽകും. മലയാളി വിദ്യാർത്ഥികൾ ഉൾപ്പടെ 18,000 പേരാണ് യുക്രൈനിൽ കുടുങ്ങിക്കിടക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

