

ന്യൂഡൽഹി: ഇന്ത്യക്കെതിരെ ഏർപ്പെടുത്തിയ അധിക തീരുവ അമേരിക്ക പിൻവലിച്ചേക്കുമെന്നു സൂചന. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് യുഎസ് ചുമത്തിയ പിഴത്തീരുവ നവംബർ 30നു ശേഷം പിൻവലിക്കാൻ സാധ്യതയുണ്ടെന്നു അദ്ദേഹം പറയുന്നു. കൊൽക്കത്തയിൽ മർച്ചന്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങളിൽ വലിയ പുരോഗതിയുണ്ടാകും. സാഹചര്യങ്ങളെ മെച്ചപ്പെടുത്താനുള്ള ചർച്ചകൾ നടക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ- യുഎസ് വ്യാപരക്കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചതിനു പിന്നാലെയാണ് ഇത്തരത്തിൽ ഒരു പരാമർശം കേന്ദ്ര സർക്കാരന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്.
'താരിഫിനെക്കുറിച്ചു പറയാൻ ഏറെ സമയമെടുക്കും. 25 ശതമാനം തീരുവയും 25 ശതമാനം പിഴത്തീരുവയും പ്രതീക്ഷിച്ചില്ല. ഭൗമ രാഷ്ട്രീയ സാഹചര്യങ്ങളാകാം പിഴത്തീരുവയിലേക്ക് നയിച്ചതെന്നാണ് വിശ്വസിക്കുന്നത്. കഴിഞ്ഞ കുറച്ചു ആഴ്ചകളിൽ നടന്ന കാര്യങ്ങൾ പരിഗണിച്ചാൽ നവംബർ 30നു ശേഷം പിഴത്തീരുവ ഉണ്ടാകില്ലെന്നു വിശ്വസിക്കുന്നു. അടുത്ത രണ്ട് മാസത്തിനുള്ളിൽ തന്നെ അധിക തീരുവകളിൽ പരിഹാരമുണ്ടാകുമെന്നാണ് വിശ്വസിക്കുന്നത്. തുടർ ചർച്ചകൾ അതാണു സൂചിപ്പിക്കുന്നത്'- അദ്ദേഹം പറയുന്നു.
റഷ്യയിൽ നിന്നു എണ്ണ വാങ്ങുന്ന എന്നു ചൂണ്ടിക്കാട്ടിയാണ് അമേരിക്ക ഇന്ത്യക്കു മേൽ തീരുവ ഏർപ്പെടുത്തിയത്. എന്നാൽ ഇന്ത്യ എണ്ണ വാങ്ങുന്നതു തുടർന്നു. 50 ശതമാനമാണ് തീരുവ ഏർപ്പെടുത്തിയത്. ആദ്യം പ്രഖ്യാപിച്ച 25 ശതമാനം തീരുവ ഓഗസ്റ്റ് ഏഴിനാണ് പ്രാബല്യത്തിൽ വന്നത്. രണ്ടാമത് പ്രഖ്യാപിച്ച 25 ശതമാനം തീരുവ ഓഗസ്റ്റ് 27നും നിലവിൽ വന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates