

ന്യൂഡല്‍ഹി: ജൂലൈ- ഓഗസ്റ്റ് മാസത്തോടെ, രാജ്യത്തെ 30 കോടി ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍.അടുത്തവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കോവിഡ് സുരക്ഷാ ബോധവത്കരണത്തിന്റെ ഭാഗമായി പഴയ ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ മാസ്‌കും സോപ്പും വിതരണം ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
'അടുത്ത വര്‍ഷം ആദ്യ മൂന്ന്-നാല് മാസത്തിനുള്ളില്‍ വാക്‌സിന്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ നമുക്ക് കഴിഞ്ഞേക്കും. ജൂലായ്ഓഗസ്റ്റ് മാസത്തോടെ 25-30 കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് കേന്ദ്ര പദ്ധതി. ഇതിനനുസരിച്ചുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്'- ഹര്‍ഷ വര്‍ധന്‍ പറഞ്ഞു.
മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് സുരക്ഷാ മാനദണ്ഡം എല്ലാവരും പാലിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ നമ്മുടെ ശക്തമായ ആയുധം മാസ്‌കും സാനിറ്റൈസറുമാണെന്നും മന്ത്രി ഓര്‍മപ്പെടുത്തി.
ലോകത്ത് കോവിഡ് മുക്തി നിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്നും മന്ത്രി പറഞ്ഞു. 2020 ജനുവരിയില്‍ കേവലം ഒരു ലബോറട്ടറി മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇന്നിപ്പോള്‍ 2,165 ലാബുകള്‍ രാജ്യത്തുടനീളമുണ്ട്. ദിനംപ്രതി 10 ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates