

ന്യൂഡൽഹി: ഭീകര പ്രവർത്തനത്തിനെതിരെയുള്ള ഇന്ത്യൻ ഇടപെടലുകൾക്ക് പിന്തുണ ആവർത്തിച്ച് ജപ്പാൻ. യുഎഇയും പിന്തുണ ആവർത്തിച്ചിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനും രാജ്യ സുരക്ഷ മുൻനിർത്തി നടത്തിയ പ്രത്യാക്രമണത്തിൽ ഇന്ത്യയുടെ ഭാഗം വ്യക്തമാക്കാനും കേന്ദ്ര സർക്കാർ നിയോഗിച്ച ജനതാദൾ (യു) എംപി സഞ്ജയ് ഝായുടെ നേതൃത്വത്തിലുള്ള സർവകക്ഷി പ്രതിനിധി സംഘം ജപ്പാൻ വിദേശകാര്യ മന്ത്രി തകേഷി ഇവായയുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ജപ്പാന്റെ പിന്തുണ അറിയിച്ചത്.
ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പ്രവർത്തനങ്ങൾക്കൊപ്പം എല്ലായ്പ്പോഴും നിലകൊള്ളുമെന്നു ജപ്പാൻ അറിയിച്ചതാണ് സഞ്ജയ് ഝാ വ്യക്തമാക്കി. മുൻ ജപ്പാൻ പ്രധാനമന്ത്രി യോഷിഹിതെ സുഗയേയും സംഘം സന്ദർശിച്ചതായും അദ്ദേഹവും പിന്തുണ അറിയിച്ചെന്നും സഞ്ജയ് ഝാ കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ ഉത്തരവാദിത്വപൂർണവും ഉചിതവുമായെന്നു ജപ്പാൻ നയതന്ത്ര വിദഗ്ധൻ സതോരു നഗാവോ അഭിനന്ദിച്ചു. ഭീകര പ്രവർത്തനങ്ങൾക്കു പാകിസ്ഥാൻ നൽകുന്ന പിന്തുണ ആത്മഹത്യാപരമാണ്. പഹൽഗാം ഭീകരാക്രമണം അതിദാരുണം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. മാതൃകാപരമായ ശിക്ഷയാണ് ഇന്ത്യ നൽകിയത്. ഉചിതമായ പ്രതികരണം. അദ്ദേഹം വ്യക്തമാക്കി.
ശിവസേന (ഷിൻഡേ) എംപി ശ്രീകാന്ത് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുഎഇയിലെ ഉന്നതതല ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയുടെ നയതന്ത്ര ദൗത്യത്തിനു അവർ പിന്തുണ അറിയിച്ചു. എല്ലാവിധ സഹകരണവും വാഗ്ദാനം ചെയ്തെന്നും ശ്രീകാന്ത് ഷിൻഡെ പറഞ്ഞു. നിരപരാധികളെ കൊലപ്പെടുത്താൻ ഇസ്ലാം മതം പഠിപ്പിക്കുന്നില്ലെന്നും ശ്രീകാന്ത് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
