

ന്യൂഡല്‍ഹി: 2027ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും തമ്മിലുള്ള സീറ്റ് വിഭജന ചര്‍ച്ചകളുടെ ആദ്യ ഘട്ടം ന്യൂഡല്‍ഹിയില്‍ പൂര്‍ത്തിയായി. അന്തിമ ധാരണയിലേക്ക് അടുക്കുകയാണെന്ന് ഇരു പാര്‍ട്ടികളിലെയും നേതാക്കള്‍ ചര്‍ച്ചയ്ക്ക് ശേഷം സൂചിപ്പിച്ചു. ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ചര്‍ച്ചയുടെ തുടക്കം തന്നെ എന്താണ് നിങ്ങളുടെ ഡിമാന്‍ഡ് എന്ന് എസ് പി നേതാവ് രാം ഗോപാല്‍ യാദവ് ചോദിച്ചു. 130 സീറ്റുകള്‍ വേണമെന്ന നിര്‍ദേശമാണ് കോണ്‍ഗ്രസ് മുന്നോട്ടു വെച്ചത്. എല്ലാ ജില്ലകളിലും സീറ്റ് വേണമെന്നും ആവശ്യപ്പെട്ടു. പരമ്പരാഗത ശക്തികേന്ദ്രങ്ങളായി അമേഠി, റായ്ബറേലി ലോക്‌സഭ മണ്ഡലത്തിലുള്‍പ്പെട്ട അസംബ്ലി സീറ്റുകളെല്ലാം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
സമാജ് വാദി പാര്‍ട്ടി സ്ഥാപകനും മുന്‍ മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവിന്റെ സ്വന്തം ജില്ലയെ കോണ്‍ഗ്രസ് നല്‍കിയ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പട്ടികയില്‍ എസ്പി നേതാക്കള്‍ മറുപടി നല്‍കിയില്ല. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി കൂടിയാലോചന നടത്തിയശേഷം തീരുമാനം അറിയിക്കാമെന്ന് എസ്പി നേതാക്കള്‍ അറിയിച്ചു.
സൗഹൃദപരമായ അന്തരീക്ഷത്തിലാണ് ചര്‍ച്ചകള്‍ നടന്നതെന്നും, ഇരുപക്ഷവും തങ്ങളുടെ നിലപാടുകള്‍ അവതരിപ്പിച്ചുവെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സമാജ്വാദി പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവ് പറഞ്ഞു. സഖ്യം ഉടന്‍ അന്തിമരൂപത്തിലാകുമെന്നും യാദവ് പറഞ്ഞു. രണ്ടു പാര്‍ട്ടികളും ഒറ്റ മനസ്സോടെയാണ് മുന്നോട്ടു പോകുന്നതെന്നും, ഉടന്‍ തന്നെ പരസ്പര ബഹുമാനത്തോടെ ധാരണയിലെത്താന്‍ കഴിയുമെന്നും ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിന്റെ ചുമതലയുള്ള രാജേന്ദ്ര പാല്‍ ഗൗതം സൂചിപ്പിച്ചു.
സീറ്റ് വിഭജനം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും, എന്നാല്‍ അടുത്ത കൂടിക്കാഴ്ചയ്ക്ക് ശേഷം മാത്രമേ വിശദാംശങ്ങള്‍ വ്യക്തമാകൂ എന്നും ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ ആരാധന മിശ്ര പറഞ്ഞു. സമാജ്വാദി പാര്‍ട്ടി ഉത്തര്‍പ്രദേശ് അധ്യക്ഷന്‍ ശ്യാം ലാല്‍ പാലും സഖ്യത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രമോദ് തിവാരി, ആരാധന മിശ്ര, ഗൗതം, ഇമ്രാന്‍ മസൂദ് എംപി എന്നിവര്‍ കോണ്‍ഗ്രസ് സംഘത്തിലും, രാം ഗോപാല്‍ യാദവ്, ഇഖ്റ ഹസന്‍, രാജീവ് റായ്, ശ്യാം ലാല്‍ പാല്‍ എന്നിവര്‍ സമാദ് വാദി പക്ഷത്തു നിന്നും ചര്‍ച്ചയില്‍ പങ്കെടുത്തു.
ഉത്തര്‍പ്രദേശില്‍ 403 അംഗ നിയമസഭയിലേക്ക് 2027 ആദ്യമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം കോണ്‍ഗ്രസ്- എസ് പി സഖ്യത്തെ എതിര്‍ത്ത് ബിജെപി രംഗത്തെത്തി. കോണ്‍ഗ്രസ്- എസ് പി സഖ്യം പരാജയപ്പെടുമെന്നും, ബിജെപി നയിക്കുന്ന എന്‍ഡിഎ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍ വരുമെന്നും ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് അവകാശപ്പെട്ടു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 'ഇന്ത്യ' സഖ്യത്തിന്റെ ഭാഗമായി സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ഒരുമിച്ചാണ് മത്സരിച്ചത്. എസ്പി 37 സീറ്റിലും കോണ്‍ഗ്രസ് ആറു സീറ്റിലും വിജയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates