

ന്യുഡല്‍ഹി: സോണിയ ഗാന്ധിയുടെ ആത്മകഥയായ ബിലോങ്ങിങ് എ ജേര്‍ണി ഓഫ് ലവിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി. ബാബറി മസ്ജിദിനെ കുറിച്ചുള്ള സോണിയയുടെ പരാമര്‍ശം ആശങ്കപ്പെടുന്നതാണെന്നും സിഖ് കലാപത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നതാണെന്നും ബിജെപി നേതാക്കള്‍ അഭിപ്രായപ്പെട്ടു. ആത്മകഥയില്‍ ബോഫോഴ്‌സ് അഴിമതിയെ കുറിച്ച് മിണ്ടുന്നില്ലെന്നും സോണിയയുടേത് പ്രീണനരാഷ്ട്രീയമാണെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി. ബിജെപിയുടെയും അവരുടെ തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും വളര്‍ച്ചയ്ക്ക് കോണ്‍ഗ്രസിന്റെ വീഴ്ചകള്‍ കാരണമായതായി സോണിയ ആത്മകഥയില്‍ പറയുന്നു.
സോണിയ ഗാന്ധി സിഖ് കലാപത്തെ കുറിച്ച് എഴുതിയത് തെറ്റാണെന്ന് തരുണ്‍ ചുഗ് പറഞ്ഞു. 'കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രം സിഖ് സമുദായത്തിന് ഏല്‍പ്പിച്ച മുറിവുകളാലും ജനാധിപത്യത്തെ അടിച്ചമര്‍ത്തിയ സംഭവങ്ങളാലും നിറഞ്ഞതാണ്. 1975-ല്‍ രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയപ്പോള്‍ ഇന്ദിരാഗാന്ധിയെക്കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം?. ജനാധിപത്യത്തിന്റെ കശാപ്പുചെയ്യപ്പെടുകയും ലക്ഷക്കണക്കിന് ആളുകളെ ജയിലിലടയ്ക്കുകയും ചെയ്തപ്പോള്‍ അന്ന് അവരുടെ നിലപാട് എന്തായിരുന്നു? സോണിയാ ഗാന്ധി 1984-നെക്കുറിച്ച് സിഖ് കലാപത്തെ കുറിച്ച ്പരാമര്‍ശിച്ചിട്ടുണ്ട്.സുവര്‍ണ്ണക്ഷേത്രത്തിലേക്ക് നടത്തിയ ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ എങ്ങനെ മറക്കാന്‍ കഴിയും?' തരുണ്‍ ചുഗ് പറഞ്ഞു.
'1984 നവംബര്‍ 1, 2, 3, 4 തീയതികളില്‍ രാജ്യത്തുടനീളമുള്ള 52 നഗരങ്ങള്‍ ശ്മശാനങ്ങളായി മാറ്റപ്പെട്ടത് എങ്ങനെ മറക്കാനാകും? അന്ന് രാജീവ് ഗാന്ധിയുടെ നിലപാട് എന്തായിരുന്നു? ഭോപ്പാല്‍ വാതക ദുരന്തത്തില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയപ്പോള്‍ രാജീവ് ഗാന്ധിയുടെ നിലപാട് എന്തായിരുന്നുവെന്ന് അറിയാന്‍ രാജ്യം ആഗ്രഹിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പാപങ്ങള്‍ മറക്കാന്‍ രാജ്യത്തിന് കഴിയില്ല. അത് രാജ്യത്തിന് നല്‍കിയ വേദന മറക്കാനാവില്ല. എന്നാല്‍ സോണിയാ ഗാന്ധി, ബോഫോഴ്സ് അഴിമതിയില്‍ മൗനം പാലിക്കുകയാണ്'- ബിജെപി നേതാവ് പറഞ്ഞു.
നെഹ്റു-ഗാന്ധി കുടുംബവും കോണ്‍ഗ്രസും നടത്തിയ ചരിത്രപരമായ അപരാധങ്ങളെ വെള്ളപൂശാനുള്ള ശ്രമമാണ് സോണിയ നടത്തുന്നതെന്ന് ബിജെപി വക്താവ് സിആര്‍ കേശവന്‍ വിമര്‍ശിച്ചു. 'സോണിയാ ഗാന്ധി അവരുടെ പുസ്തകത്തിന് ബിലോങ്ങിങ് എന്നല്ല വൈറ്റ്വാഷിങ് എന്നായിരുന്നു പേര് നല്‍കേണ്ടിയിരുന്നത്. കാരണം. നെഹ്റു-ഗാന്ധി കുടുംബം ചെയ്ത ചരിത്രപരമായി തെറ്റുകളെ മധുരംപുരട്ടി അവതരിപ്പിക്കാനും കോണ്‍ഗ്രസ് പാര്‍ട്ടി ചെയ്ത ഗുരുതരമായ തെറ്റുകള്‍ മറച്ചുവെക്കാനുമാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യമെന്ന് തോന്നുന്നു', കേശവന്‍ പറഞ്ഞു.
'ബാബ്റി മസ്ജിദിനുവേണ്ടി കരഞ്ഞെന്ന് സോണിയ പറയുന്നു. എന്നാല്‍ 1984-ല്‍ കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ ഗുരുദ്വാരകള്‍ ആക്രമിക്കപ്പെട്ടപ്പോഴും ആയിരക്കണക്കിന് നിരപരാധികള്‍ കൊല ചെയ്യപ്പെട്ടപ്പോഴും സോണിയാ ഗാന്ധി ഒരു തുള്ളി കണ്ണീര്‍ പൊഴിച്ചിരുന്നോ? ബാട്ല ഹൗസിലെ ഭീകരവാദികള്‍ക്കുവേണ്ടിയാണ് സോണിയ കരഞ്ഞത്', കേശവന്‍ പറഞ്ഞു. 'രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനിടെ രക്തസാക്ഷിത്വം വരിച്ച ധീര സിആര്‍പിഎഫ് ജവാന്മാര്‍ക്കുവേണ്ടി സോണിയ ഒരു തുള്ളി കണ്ണീരെങ്കിലും പൊഴിച്ചിരുന്നോ? കോണ്‍ഗ്രസ് ഭരണകാലത്ത് നടന്ന 26/11 ഭീകരാക്രമണത്തില്‍ നിരപരാധികള്‍ കൊല്ലപ്പെട്ടപ്പോള്‍ സോണിയ ഗാന്ധി കരഞ്ഞിരുന്നോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം സോണിയ ഗാന്ധിയുടെ പുസ്തകത്തിലുണ്ടാകുമോ? ഈ ആക്രമണങ്ങള്‍ക്കു തിരിച്ചടി നല്‍കുന്നതില്‍പോലും ഭീരുക്കളായ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാര്‍ പരാജയപ്പെട്ടു', കേശവന്‍ ആരോപിച്ചു.
'നമ്മുടെ ഭരണഘടനയെ കൊലപ്പെടുത്തുകയും മൗലികാവകാശങ്ങളെ റദ്ദാക്കുകയും ചെയ്ത കുപ്രസിദ്ധമായ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാ ഗാന്ധിയുടെ നടപടിയെ ന്യായീകരിക്കാനും സാധാരണ നടപടിയെന്നോണം ചിത്രീകരിക്കാനും സോണിയാഗാന്ധി ശ്രമിച്ച രീതി അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതും അപലപനീയവുമാണ്. നെഹ്റു-ഗാന്ധി കുടുംബത്തിന്റെ നേരിട്ടുള്ളതോ പരോക്ഷമായതോ ആയ നിയന്ത്രണത്തില്‍ 55 വര്‍ഷത്തിലേറെ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരണം നടത്തി. ആ കാലയളവില്‍ ഇന്ത്യന്‍ രാഷ്ട്രീയസംവിധാനത്തിനും ജനാധിപത്യത്തിനും അവര്‍ വലിയ നാശവും മുറിവുകളും ഏല്‍പ്പിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി വരുത്തിവെച്ച ചരിത്രപരമായ തെറ്റുകളും പാപങ്ങളും തിരുത്തുന്നതില്‍ ഫലപ്രദമായി ഇടപെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഒരു രാഷ്ട്രമെന്ന നിലയില്‍ നാം നന്ദിയുള്ളവരാണ്', കേശവന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates