മംഗളൂരു: കോവിഡ് ഭീതിയെ തുടർന്ന് ചെയ്ത് ദമ്പതികൾ. പോലീസ് കമ്മിഷണർക്ക് ആത്മഹത്യാ ശബ്ദ സന്ദേശം അയച്ചതിന് ശേഷമാണ് തൂങ്ങിമരിച്ചത്. സൂറത്ത്കൽ ബൈക്കംപടി ചിത്രാപുര രഹേജ അപ്പാർട്ട്മെന്റിലെ താമസക്കാരായ രമേഷ്‌കുമാർ (40), ഭാര്യ ഗുണ ആർ സുവർണ (35) എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പരിശോധനയിൽ ഇരുവരും കോവിഡ് ബാധിതരല്ലെന്ന് വ്യക്തമായി. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപാണ് മംഗളൂരു സിറ്റി പോലീസ് കമ്മിഷണർക്ക് വാട്‌സാപ്പ് വഴി ശബ്ദസന്ദേശമയച്ചത്. തനിക്കും ഭാര്യക്കും ഒരാഴ്ചയായി കോവിഡ് ലക്ഷണങ്ങൾ ഉണ്ടെന്നും ഒരുമിച്ചു മരിക്കാൻ തീരുമാനിച്ചെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു.
ഭാര്യക്ക് പ്രമേഹമുള്ളതിനാൽ ബ്ലാക്ക് ഫംഗസ് ബാധിക്കുമെന്നും മരണം സംഭവിക്കുമെന്നും ഭയന്നിരുന്നു. ചികിത്സയ്ക്ക് വേണ്ടി ആശുപത്രിയിൽ പോയാൽ മരിക്കുന്ന സമയത്ത് പരസ്പരം കാണാൻ കഴിയില്ല എന്നതിനാൽ വീട്ടിൽത്തന്നെ ഒരുമിച്ചു മരിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു.
ഭാര്യ നേരത്തേ ജീവനൊടുക്കിയതായും താനും മരിക്കുകയാണെന്നും ശബ്ദ സന്ദേശത്തിൽ രമേശ് പറയുന്നു. വിവാഹിതരായിട്ട് വർഷങ്ങളായിട്ടും കുട്ടികളില്ലാത്ത ദുഃഖവും പങ്കുവെച്ചിരുന്നു. ഇരുവരും ഉറക്കഗുളിക കഴിച്ചശേഷം ആദ്യം ഗുണയും പിന്നാലെ രമേഷും ഹാളിൽ തൂങ്ങിമരിക്കുകയായിരുന്നു. ശബ്ദസന്ദേശം കേട്ടയുടൻ കമ്മിഷണർ തിരിച്ചുവിളിച്ചു. എന്നാൽ ഫോണെടുത്തില്ല. തുടർന്ന് രമേഷിനെ ആത്മഹത്യയിൽനിന്ന് പിന്തിരിപ്പിക്കാൻ വാട്‌സാപ്പ് സന്ദേശം തിരിച്ചയച്ച കമ്മിഷണർ ഫോൺനമ്പർ ലൊക്കേഷൻ തിരിച്ചറിഞ്ഞ് സൂറത്കൽ പോലീസുമായി ബന്ധപ്പെട്ടു.
ഇരുവരേയും രക്ഷിക്കാനായി ഇവരുടെ താമസസ്ഥലവും മറ്റ് വിവരങ്ങളും സാമൂഹികമാധ്യമങ്ങളിൽ നൽകിയ കമ്മിഷണർ ആത്മഹത്യ തടയാൻ അഭ്യർഥിച്ചിരുന്നു. അപ്പാർട്ട്‌മെന്റിലെത്തിയ പോലീസും നാട്ടുകാരും വാതിൽ പൊളിച്ച് അകത്തുകടന്നെങ്കിലും മരണം സംഭവിച്ചിരുന്നു. ആത്മഹത്യാക്കുറിപ്പിനൊപ്പം അന്ത്യകർമങ്ങൾ നടത്താനായി കരുതിവെച്ച ഒരുലക്ഷം രൂപയും പോലീസ് കണ്ടെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates