ന്യൂഡല്‍ഹി : ശൈത്യകാലവും ഉത്സവ സീസണും പരിഗണിച്ച് കോവിഡ് പ്രതിരോധത്തില്‍ കൂടുതല്‍ ജാഗരൂകരാകണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ് . ശൈത്യകാലം തുടങ്ങുന്നതോടെ അടുത്ത ആഴ്ചകള്‍ കൂടുതല്‍ അപകടകരമായേക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി, സ്ഥിതി വിലയിരുത്താനായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ നടത്തിയ ഓണ്‍ലൈന്‍ ചര്‍ച്ചയിലാണ് ഈ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. കേരള, ആന്ധ്രപ്രദേശ്, അസം, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, തെലങ്കാന, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
തണുപ്പു നിറഞ്ഞ കാലാവസ്ഥയും, താപനിലയിലെ താഴ്ചയും മൂലം വൈറസിന്റെ വ്യാപനം പതിന്മടങ്ങ് വര്‍ധിച്ചേക്കും. തണുത്ത കാലാവസ്ഥയുള്ള രാജ്യങ്ങളില്‍ താപനില കുറയുന്നതിനനുസരിച്ച് വൈറസ് വ്യാപന നിരക്ക് ഗണ്യമായി വര്‍ദ്ധിക്കുന്നു എന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി.
വരാനിരിക്കുന്ന ശൈത്യകാലവും നീണ്ട ഉത്സവകാലവും വൈറസ് രോഗത്തിനെതിരെ ഇതുവരെ ഉണ്ടാക്കിയ കൂട്ടായ നേട്ടങ്ങള്‍ക്ക് ഭീഷണിയാകാന്‍ സാധ്യതയുള്ളതായും കേന്ദ്രമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. ദസറയില്‍ ആരംഭിച്ച ഉത്സവകാലം ദീപാവലി, ഛാട്ട് പൂജ, ക്രിസ്മസ്, മകരസംക്രാന്തി എന്നിങ്ങനെ തുടരുന്നതിനാല്‍ നാമെല്ലാം കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ശൈത്യകാലത്ത് ശ്വസന വൈറസും അതിവേഗം പടരുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
രാജ്യത്തെ മൊത്തത്തിലുള്ള കോവിഡ് മരണനിരക്ക് ഏറ്റവും താഴ്ന്ന നിലയിലാണ്, ദേശീയ മരണനിരക്ക് 1.48% ആണ്. മൊത്തം സജീവമായ കേസുകളില്‍ 0.44 ശതമാനമാണ് വെന്റിലേറ്റര്‍ പിന്തുണയില്‍ ചികില്‍സയിലുള്ളത്. 2.47% തീവ്രപരിചരണ വിഭാഗത്തില്‍ (ഐസിയു) ചികിത്സയിലാണ്, കൂടാതെ 4.13% പേര്‍ രാജ്യത്തുടനീളം ഓക്‌സിജന്‍ പിന്തുണയോടെ ചികില്‍സയിലുണ്ടെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates