പ്രണയം തകർന്നതിന് കൂട്ടക്കൊല; കാമുകന്റെ ഭാര്യയേയും മൂന്ന് കുട്ടികളേയും കൊന്ന് യുവതിയുടെ പ്രതികാരം; ഞെട്ടിക്കുന്ന ക്രൂരത

പ്രണയം തകർന്നതിന് കൂട്ടക്കൊല; കാമുകന്റെ ഭാര്യയേയും മൂന്ന് കുട്ടികളേയും കൊന്ന് യുവതിയുടെ പ്രതികാരം; ഞെട്ടിക്കുന്ന ക്രൂരത
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ബം​ഗളൂരു: ഒരു കുടുംബത്തിലെ അഞ്ച് പേരെ വെട്ടിക്കൊന്ന് യുവതിയുടെ ക്രൂരമായ പ്രതികാരം. കർണാടകയിലെ ശ്രീരം​ഗപട്ടണത്താണ് ഞെട്ടിക്കുന്ന കൂട്ടക്കൊല. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുവായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കെആർഎസ് ബെലവട്ട സ്വദേശി ലക്ഷ്മി (30) ആണു പിടിയിലായത്. 

കൊലപ്പെട്ട യുവതിയുടെ ഭർത്താവുമായുള്ള സ്നേഹ ബന്ധം തകർന്നതിന്റെ പ്രതികാരമായാണ് ഇവർ ക്രൂരകൃത്യം നടത്തിയത്. കെആർഎസ് ബസാർ ലൈനിൽ താമസിക്കുന്ന ലക്ഷ്മി (30), മക്കളായ രാജു (10), കോമൾ (7), കുനാൽ (4), ലക്ഷ്മിയുടെ സഹോദരൻ ഗണേശിന്റെ മകൻ ഗോവിന്ദ് (8) എന്നിവരാണു കഴിഞ്ഞ ശനിയാഴ്ച രാത്രി വെട്ടേറ്റ് മരിച്ചത്. 

മരിച്ച ലക്ഷ്മിയുടെ അമ്മാവന്റെ മകളാണു കൊല ചെയ്ത ലക്ഷ്മി. ലക്ഷ്മിയുടെ ഭർത്താവ് ഗംഗാറാമുമായി ഇവർ വർഷങ്ങളായി അടുപ്പത്തിലായിരുന്നു. വീടുകളിൽ കയറിയിറങ്ങി തുണിത്തരങ്ങൾ വിൽക്കുന്ന ഗംഗാറാം അടുത്തിടെ ഇവരുമായുള്ള ബന്ധത്തിൽ നിന്ന് പിൻവാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ലക്ഷ്മിയും ഗംഗാറാമും തമ്മിൽ തർക്കമുണ്ടായി. തന്നെ ഇനി ശല്യപ്പെടുത്താൻ വരരുതെന്ന് ഇയാൾ തീർത്ത് പറഞ്ഞതോടെയാണ് ഭാര്യയെയും കുട്ടികളെയും വകവരുത്താൻ ലക്ഷ്മി പദ്ധതിയിട്ടത്. 

ശനിയാഴ്ച ഗംഗാറാമിന്റെ വീട്ടിൽ വെട്ടുകത്തിയുമായി എത്തിയ യുവതി ഇത് കുളിമുറിയിൽ ഒളിപ്പിച്ചു. കുട്ടികളുമായി ഏറെനേരം കളിച്ചതിനു ശേഷം ഇവിടെ നിന്ന് ഭക്ഷണവും കഴിച്ചു. ലക്ഷ്മിയും കുട്ടികളും ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയ യുവതി ആദ്യം ലക്ഷ്മിയെ വെട്ടുകയായിരുന്നു. തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു. അതിനിടെ സഹോദരന്റെ മകൻ ഗോവിന്ദ ഉണർന്ന് നിലവിളിച്ചതോടെ അവനെയും വെട്ടി. നിലവിളി കേട്ട് ലക്ഷ്മിയുടെ മൂന്ന് കുട്ടികൾ കൂടി ഉണർന്നതോടെ അവരെയും വെട്ടി വീഴ്ത്തുകയായിരുന്നു.

തുടർന്ന് പുലർച്ചെ നാല് വരെ  മൃതദേഹങ്ങൾക്കു കാവലിരുന്ന ഇവർ പിന്നീട് കുളിച്ച ശേഷം ചോരപുരണ്ട വസ്ത്രങ്ങൾ ബാഗിലാക്കി കെആർഎസ് അരളിമര ബസ് സ്റ്റാൻഡിലെത്തി. ബസിൽ മേട്ടഗള്ളിയിലേക്ക് പോയ ഇവർ വസ്ത്രങ്ങളും വെട്ടുകത്തിയും വരുണ കനാലിൽ എറിഞ്ഞു. 

തിരിച്ചെത്തിയ ഇവർ വാർത്ത കേട്ടതോടെ മറ്റു ബന്ധുക്കൾക്കൊപ്പം വിലപിക്കുകയും ചെയ്തു. മരിച്ച ലക്ഷ്മിയുടെ ഭർത്താവ് ഗംഗാറാം  മൈസൂരുവിൽ വസ്ത്ര വിൽപനയ്ക്കായി പോയതായിരുന്നു. ലക്ഷ്മി ശനിയാഴ്ച ഈ വീട്ടിലെത്തിയതായി അയൽവാസികൾ നൽകിയ വിവരത്തെ തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com